1990 കളുടെ തുടക്കം… ഷാജി കൈലാസ് അന്ന് അത്രയേറെ പ്രശസ്തനൊന്നുമല്ലായിരുന്നു. ആയിടയ്ക്ക് അമ്പലക്കര ഫിലിംസിനു വേണ്ടി ഷാജി ഒരു ചിത്രം സംവിധാനം ചെയ്തു. ‘കിലുക്കാം പെട്ടി’. ജയറാം ആയിരുന്നു നായകൻ. ചിത്രം തരക്കേടില്ലാത്ത വിജയം നേടി. അന്നേ ഷാജി ഉറപ്പിച്ചിരുന്നു, അമ്പലക്കര ഫിലിംസിനുവേണ്ടി ഒരു തകർപ്പൻ ചിത്രം ചെയ്യണമെന്ന്.
തുടർന്ന് ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഷാജി കൈലാസ് ഹിറ്റ് മേക്കർ പദവി സ്വന്തമാക്കി. പിന്നീട് കമ്മീഷണർ, ദി കിംഗ്, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഷാജി ദി ട്രൂത്ത് എന്ന മമ്മൂട്ടി ചിത്രം കൂടി ഒരുക്കി. ആ സമയത്താണ് അമ്പലക്കര ഫിലിംസിന്റെ അനിൽ ഒരു ചിത്രമൊരുക്കണമെന്ന ആവശ്യവുമായി ഷാജിയെ സമീപിക്കുന്നത്. അനിലിനോടും ബൈജുവിനോടുമുള്ള കടപ്പാട് മനസ്സിലോർത്ത് ഷാജി ചിത്രം ചെയ്യാമെന്നേറ്റു. നായകനായി ഷാജി മനസ്സിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു.
അങ്ങിനെയാണ് കേണൽ എന്ന പേരിൽ ഒരു മമ്മൂട്ടി സിനിമ ഷാജി കൈലാസ് അനൗൺസ് ചെയ്യുന്നത്. നടപ്പിലും എടുപ്പിലും വാക്കുകളിലും ഡൃഢനിശ്ചയവും ആജ്ഞാശക്തിയും സ്ഫുരിക്കുന്ന കേണൽ. നായർ സാബിലെ ശക്തമായ കഥാപാത്രമായിരുന്നു ഷാജിയുടെ മനസ്സിലെ റോൾ മോഡൽ. ചിത്രത്തിനു തിരക്കഥയെഴുതാൻ സംവിധായകൻ രാജീവ് കുമാറിനെ ഏല്പിച്ചു. അപ്പോഴാണ് പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്.
പ്രിയൻ എന്നോടിത് ചെയ്യേണ്ടിയിരുന്നില്ല എന്ന് ഷാജി കൈലാസ് പരസ്യമായി പറഞ്ഞത് അക്കാലത്ത് വലിയ വിവാദമായിരുന്നു. പ്രിയൻ ഒരുക്കിയ ആ പട്ടാളക്കഥയായിരുന്നു മേഘം. അതാകട്ടെ കാര്യമായി ശ്രദ്ധിക്കപെട്ടതുമില്ല.
തുടർന്ന് ഷാജിയും രഞ്ജിതും ചേർന്ന് ഉസ്താദ് എന്ന മോഹൻലാൽ ചിത്രം നിർമ്മിച്ചു. പിന്നീട് ഇതേ ടീം നരസിംഹത്തിന്റെ ചിത്രീകരണത്തിലേക്ക് കടന്നു. ആയിടയ്ക്ക് നിരവധി കത്തുകൾ ഷാജി കൈലാസിനു ദിനം പ്രതി ലഭിക്കുമായിരുന്നു, കേണൽ ഉപേക്ഷിക്കരുത് എന്നും പറഞ്ഞ്. അപ്പൊഴേ ഷാജി മനസിൽ ഉറപ്പിച്ചു, ആരാധകർക്കുവേണ്ടി ശക്തമായ ഒരു മമ്മൂട്ടി കഥാപാത്രത്തെ തന്നെ ഒരുക്കണം എന്ന്.
നരസിംഹം മെഗാ ഹിറ്റായപ്പോൾ ചിത്രത്തിന്റെ വൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മമ്മൂട്ടിയുടെ അഡ്വ. നന്ദഗോപാൽ മാരാരെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കാനുള്ള ആലോചന നടന്നു. പരമാധികാരം എന്ന് ചിത്രത്തിനു ടൈറ്റിലും ഇട്ടു. അമ്പലക്കര ഫിലിസായിരുന്നു നിർമ്മാണം. ആരാധകരും ഏറെ ആവേശത്തിലായി. എന്നാൽ അഡ്വ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തിന്റെ കരുത്തിനൊത്ത ഹൈലറ്റ്സുകൾ ഒരുക്കാൻ രഞ്ജിതിനു കഴിയാതിരുന്നതുകൊണ്ട് ആ പ്രോജക്ട് ഉപേക്ഷിച്ചു.
അങ്ങിനെയാണ് രഞ്ജിത് ഒരു കഥ ഷാജിയോട് പറയുന്നത്.
കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ തന്റെ സഹൊദരങ്ങളെ നെഞ്ചോടടുക്കിപ്പിടിച്ച തന്റേടിയായ ഒരു വല്യേട്ടന്റെ കഥ. കൂടപ്പിറപ്പുകൾക്കു വേണ്ടി സ്വന്തം ജീവൻ വരെ നൽകാൻ തയ്യാറുള്ള അറക്കൽ മാധവനുണ്ണി എന്ന ആ വല്യേട്ടന്റെ കഥ ഷാജിയും ഇഷ്ടമായി. മാടമ്പി എന്ന് ചിത്രത്തിനു ടൈറ്റിലും ഇട്ട് പടം അനൗൺസ് ചെയ്തു. 2000-ലെ ഓണക്കാലത്ത് റിലീസ് ചെയ്യാവും വിധത്തിൽ ചിത്രീകരണം തുടങ്ങി.
തൃശൂരിലെ തൃപ്രയാറിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് തുടരവേയാണ് മാടമ്പി എന്ന പേരു മാറ്റി വല്യേട്ടൻ എന്നാക്കുന്നത്. അതാകട്ടെ സ്ത്രീ പ്രേക്ഷകരുടെ പിന്തുണ കൂടി കിട്ടാൻ ഇടയാക്കി.
രണ്ടായിരത്തിലെ തിരുവോണ നാളിൽ വല്യേട്ടൻ പ്രദർശനത്തിനെത്തി. അക്ഷരാർത്ഥാത്തിൽ തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റി വല്യേട്ടൻ ബോക്സോഫീസിൽ പുതിയ വിജയ ചരിത്രത്തിനു തുടക്കം കുറിച്ചു. ആദ്യ നാളുകളിലെ കളക്ഷനിൽ നരസിംഹത്തിന്റെ ഇനീഷ്യൽ വല്യേട്ടൻ ബ്രേക്ക് ചെയ്തു. ആ വർഷത്തെ ഹിറ്റ് ചാർട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളിൽ ഷാജി കൈലാസിന്റെ നരസിംഹവും വല്യേട്ടനും ഇടം നേടി.
അറക്കൽ മാധവനുണ്ണി എന്ന വല്യേട്ടനായി മമ്മൂട്ടി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ആരാധകരെ ശരിക്കും ത്രസിപ്പിക്കുന്ന, പൗരുഷത്തിന്റെ പ്രതീകമായ മാധവനുണ്ണിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പല രംഗ്ങ്ങൾക്കും തിയേറ്ററിൽ നിറഞ്ഞ കൈയടിയായിരുന്നു.
ശോഭനയായിരുന്നു നായിക. സായ്കുമാർ, എൻ എഫ് വർഗീസ് എന്നിവരുടെ വില്ലൻ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. സിദ്ധിക്, മനോജ് കെ ജയൻ, വിജയാകുമാർ, കലാഭവൻ മണി, സുധീഷ്, സുകുമാരി, രാമു, ഭീമൻ രഘു തുടങ്ങി ഒരു വലിയ താര നിര തന്നെ ഉണ്ടായിരുന്നു. കലാഭവൻ മണിയുടെ കാട്ടപ്പിള്ളി പപ്പൻ എന്ന കഥാപാത്രം ഏറെ കൈയടി നെടി.
മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയും സായ്കുമാറിന്റെ പട്ടേരി ശിവരാമനും തമ്മിലുള്ള കിടമൽസരത്തിലൂടെ വികസിക്കുന്ന കഥയുടെ ശക്തി ഒട്ടും ചോരാതെ ഓരോ രംഗവും ചടുലമായ രീതിയിലാണ് ഷാജി ഒരുക്കിയത്.
മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങളും ഹിറ്റായി. രാജാമണി ഒരുക്കിയ കിടീലം പശ്ചാത്തല സംഗീതവും ഏറെ കൈയടി നേടി.
37 തിയേറ്ററുകളിൽ റിലീസ് ചെയ്ത വല്യേട്ടൻ തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, കൊല്ലം ഗ്രാൻഡ്, പ്രിൻസ്, എറണാകുളം ഷേണായീസ്, കോഴിക്കോട് ബ്ളൂഡയമണ്ട് തുടങ്ങിയ കേണ്ട്രങ്ങളിൽ ചിത്രം നൂറിൽ പരം ദിനങ്ങൾ പ്രദർശിപ്പിച്ച് ചിത്രം വൻ വിജയം നേടി.
വല്യേട്ടന്റെ ചിത്രീകരണ വേളയിൽ ആന ഇടഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ഒരു പത്ര പരസ്യം തന്നെ ഇങ്ങിനെ ആയിരുന്നു.
‘ഓർക്കുന്നോ വായനക്കാരാ..ഈ സിനിമയുടേ ചിത്രീകരണാം തുടങ്ങിയ നാളിൽ ഒരാന ഒരു ദേശം വിറപ്പിച്ച വാർത്ത? പിറവിയുടെ ഒരാഴ്ച പിന്നിടുമ്പോൾ ഒരായിരം ആനകൾ മലയാള നാടാകെ വിറപ്പിച്ച് ഈ മഹത് വിജയത്തിന്റെ ഘോഷം നടത്തുകയാണ്.’
ഒരു ആരാധകന്റെ ഫേസ് ബുക്ക് കുറിപ്പ്: