രാഷ്ട്രീയാഭിപ്രായങ്ങൾക്ക് അപ്പുറമുള്ള സ്നേഹ ബന്ധവും സൗഹൃദവുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഉള്ളതെന്ന് മമ്മൂട്ടി. മുഖ്യമന്ത്രിയായി ചുമതല ഏറ്റതിന് പിന്നാലെ കൊച്ചിയിൽ ഒരു ചടങ്ങിന് വന്നപ്പോൾ ഉച്ചയൂണ് കഴിക്കാൻ തങ്ങളുടെ വീട്ടിലേക്ക് ഉമ്മൻ ചാണ്ടി വന്നതിനെക്കുറിച്ച് മമ്മൂട്ടി പരാമർശിക്കുന്നു. ഔപചാരികതകൾ ഇല്ലാത്ത കൂടിച്ചേരലുകൾ അദ്ദേഹവുമായി നിരവധി തവണ ഉണ്ടായിട്ടുണ്ട് എന്ന് മമ്മൂട്ടി സൂചിപ്പിച്ചു. മലയാള മനോരമയിൽ എഴുതിയ കോളത്തിലാണ് ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ച് മമ്മൂട്ടി മനസ്സ് തുറന്നത്. താൻ വിദ്യാർഥി ആയിരുന്നപ്പോൾ ഉമ്മൻ ചാണ്ടി നിയമ സഭയിലുണ്ട്. കേരളം കണ്ടു നിന്ന വളർച്ചയാണ് അദ്ദേഹത്തിന്റേത്. ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെ വിലയിരുത്താൻ താൻ ആളല്ല എന്നും ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ താൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ തിരക്കാണെങ്കിലും വിളിച്ചാൽ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും, സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് വിയോജിപ്പുള്ളത് എന്നും മമ്മൂട്ടി പറഞ്ഞു. പൊതു ജീവിതത്തിൽ പിൻവലിഞ്ഞു നിൽക്കുന്നതായി തോന്നിയപ്പോൾ പിന്നോട്ട് മാറി നിൽക്കരുത് എന്നും ധൈര്യമായി മുന്നോട്ട് പോകണം എന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. നേട്ടങ്ങളും പദവികളും വരുമ്പോഴുള്ള അഭിനന്ദനങ്ങളേക്കാൾ ഒന്നുലഞ്ഞു പോയോ എന്ന് ഞാൻ ആശങ്കപ്പെടാറുള്ള സന്ദർഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളത്. അത് ഹൃദയം കൊണ്ടൊരു കൊടുക്കൽ വാങ്ങൽ ആണ്. രാഷ്ട്രീയ ഭേദമന്യെ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കാൻ എക്കാലവും മനസ്സ് കാണിച്ചിട്ടുള്ള മമ്മൂട്ടിയെ ഒരിക്കൽ കൂടി കാണിച്ചു തരികയാണ് ഈ കുറിപ്പ്
