വസ്ത്രലങ്കാരകനയാണ് ഇന്ദ്രൻസ് മലയാള സിനിമയിൽ എത്തുന്നത്. കോമഡി റോളുകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് ശ്രദ്ധേയമായ റോളുകളിൽ എത്തി ഇന്ന് നായകനായി തിളങ്ങുകയാണ് ഇന്ദ്രൻസ്. 500-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ് ഇതിനകം മികച്ച നടനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിലും മികച്ച നടൻ എന്ന നിലയിൽ പേരെടുത്ത ഇന്ദ്രൻസ്, താൻ സിനിമയിൽ വസ്ത്രലങ്കാരം ചെയ്യുന്ന കാലത്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്ന രസകരമായ ഒരു സംഭവം തുറന്നു പറയുകയാണിപ്പോൾ.
മലയാളത്തിൽ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്ന നടനാണ് മമ്മൂട്ടി. ആ മമ്മൂട്ടിയെ എനിക്ക് ഒരിക്കൽ പറ്റിക്കേണ്ടി വന്നിട്ടുണ്ട്
1983-ൽ ബാലു കിരിയത്തിന്റെ വിസ എന്ന ചിത്രത്തിൽ പ്രശസ്ത വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലത്തിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന സമയത്ത് മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്ന കഥയാണ് ഇന്ദ്രൻസ് തുറന്നുപറയുന്നത്.
” മലയാളത്തിൽ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്ന നടനാണ് മമ്മൂട്ടി. ആ മമ്മൂട്ടിയെ എനിക്ക് ഒരിക്കൽ പറ്റിക്കേണ്ടി വന്നിട്ടുണ്ട്. വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്. മമ്മൂട്ടിക്ക് ചില വാശികൾ ഒക്കെയുണ്ട്. അന്ന് ആ ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധൻ ചേട്ടൻ എന്നെ തൽക്കാലത്തേക്ക് കാര്യങ്ങൾ ഏൽപ്പിച്ചു പോയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയിൽ മമ്മൂക്കയ്ക്ക് ഒരു ഷർട്ട് വേണ്ടിവന്നു. റെഡിമെയ്ഡ് ഷർട്ട് ഒന്നും അപ്പോൾ അവിടെ കിട്ടില്ലായിരുന്നു. അത് വാങ്ങാൻ കുറെ കാശും വേണം. അതും അവിടെ ഇല്ലായിരുന്നു.
ഞാൻ അവിടെയുള്ള ഒരു തുണിയെടുത്ത് തയ്ച്ച ഭദ്രമാക്കി പാക്ക് ചെയ്തു ഡി ബി മാർക്ക് ഒക്കെ വച്ചു ഒരു ഷർട്ട് ഉണ്ടാക്കി. എന്നിട്ട് ഡി ബി ഷർട്ട് ആണെന്ന് പറഞ്ഞു മമ്മൂക്കയ്ക്ക് കൊടുത്തു. മമ്മൂക്കയുടെ മുന്നിൽ ചെന്നാണ് അത് തുറക്കുകയൊക്കെ ചെയ്തത്. പറ്റിക്കണം എന്ന് വിചാരിച്ച് ചെയ്തതല്ല. രക്ഷപ്പെടാൻ വേണ്ടി ചെയ്തതായിരുന്നു. പിന്നീട് ഒരു അഭിമുഖത്തിൽ ഞാനിത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മമ്മൂക്ക ആ കാര്യം അറിയുന്നത്.” ഇന്ദ്രൻസ് പറഞ്ഞു.
