മാസ്മരിക സംഗീതം കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ എസ് പി എന്ന എസ് പി ബാലസുബ്രഹ്‌മണ്യം ഇനി ഓർമ്മ.
നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എസ്.പി.ബിയുടെ മരണം ഉച്ചയ്‌ക്ക് 1.04ഓടെയാണ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ എസ്.ബി ചരണാണ് മരണവിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്‍ഹാസന്‍ ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നേരിയ കൊവിഡ് ലക്ഷണങ്ങളോടെയാണ് ഓഗസ്റ്റ് അഞ്ചിന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു.
എസ്.പി.ബി അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരണ്‍ അടുത്തിടെ അറിയിച്ചിരുന്നു. ഒടുവില്‍ എല്ലാ പ്രാര്‍ത്ഥനകളേയും വിഫലമാക്കി ആരാധകരെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വാര്‍ത്തയാണ്.
1946 ജൂണ്‍ 4ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്‌മണ്യം ജനിച്ചത്.
ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
https://www.facebook.com/257135417773/posts/10158823844602774/
നാല് ഭാഷകളിലായി അൻപതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെ.ബാലചന്ദറിന്റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന ബഹുമതിയും എസ്.പി.ബിക്കാണ്.