പ്രവീൺ ളാക്കൂർ
മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സിനിമകളുടെ തിരക്കഥാകൃത്തായ എസ് .എൻ. സ്വാമി, മമ്മൂട്ടിയുമായി ഒരുമിച്ച ചിത്രങ്ങൾ ചലച്ചിത്രാസ്വാദകർ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. സ്വാമിയുടെ തൂലികയിൽ പിറന്ന സേതുരാമയ്യർ, പെരുമാൾ,നരസിംഹ മന്നാടിയാർ തുടങ്ങിയ മമ്മൂട്ടിക്കഥാപാത്രങ്ങൾക്ക് എക്കാലവും ആരാധകരുണ്ട്. മമ്മൂട്ടിയുമായുള്ള വ്യക്തിപരമായ നിരവധി ഓർമ്മകളും സിനിമാ സംബന്ധിയായ സംഭവങ്ങളും മറ്റും ‘മമ്മൂട്ടിയും ഞാനും’ എന്ന പരിപാടിയിലൂടെ എസ് .എൻ. സ്വാമി പങ്കുവെക്കുകയാണ്.
ഞാൻ തന്റെ സിനിമയിൽ അഭിനയിക്കുന്നത് കഥയുടെ ഗുണം കൊണ്ടൊന്നുമല്ല. താൻ എഴുതുന്ന സിനിമകളൊക്കെ ആരുടെയോ ഭാഗ്യം കൊണ്ട് ഓടും. തനിക്ക് എവിടെയോ ഭാഗ്യം കിടപ്പുണ്ട്. അതിൽ കുറച്ച് എനിക്കും കിട്ടിക്കോട്ടെ എന്നതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. എനിക്ക് മമ്മൂട്ടിയുടെ ആ തുറന്നു പറച്ചിൽ ആണ് ഇഷ്ടം. ആരാണ് മുന്നിൽ നിൽക്കുന്നത് എന്നൊന്നും നോക്കാതെ മനസ്സിൽ ഉള്ളത് തുറന്നു പറയും. ഇപ്പോഴും അതേ സ്വഭാവമാണ്,പറയാൻ ഒരു മടിയുമില്ല. പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ മറക്കും, മനസ്സിൽ സൂക്ഷിക്കില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പൂജാ വേളയിൽ എം.മണി നിർമ്മിച്ച് കെ. മധു സംവിധാനം ചെയുന്ന സിനിമയെക്കുറിച്ചുള്ള ചർച്ച ഉണ്ടായി. സെന്റിമെന്റ്സ് ഒന്നും വേണ്ട, നല്ല ഹീറോയിസം ഉള്ള കഥാപാത്രം വേണമെന്ന മമ്മൂട്ടിയുടെ നിർദേശത്തിൽ നിന്നാണ് സേതുരാമയ്യരുടെ പിറവി. മമ്മൂട്ടിയുടെ വാഹനക്കമ്പത്തെക്കുറിച്ചും ഡ്രൈവിങിനെക്കുറിച്ചും എസ്.എൻ സ്വാമി മനസ്സ് തുറക്കുന്നുണ്ട്. ഒരിക്കൽ അതിവേഗത്തിൽ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടി ഉറങ്ങിപ്പോയെന്നും തുടർന്ന് ഇനി വാഹനം ഓടിക്കണ്ട എന്ന് താൻ നിർബന്ധിച്ചതായും എസ്.എൻ സ്വാമി പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും, ചക്കരയുമ്മയും തുടന്നുള്ള ഹിറ്റുകളും, മമ്മൂട്ടിയെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച ഓർമ്മകൾ തുടങ്ങി സിനിമാ സംബന്ധിയായും വ്യക്തിപരവുമായുള്ള നിരവധി ഓർമ്മകൾ എസ് .എൻ. സ്വാമി പങ്കുവയ്ക്കുന്നുണ്ട്.ചലച്ചിത്ര ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തെക്കുറിച്ചും അദ്ദേഹം ഈ പ്രത്യേക അഭിമുഖ പരിപാടിയിൽ മനസ്സ് തുറക്കുന്നുണ്ട്
