ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ കഥ അഭ്രപാളിയിലേക്കു പകര്‍ത്താന്‍ എം.ടി.യും ഹരിഹരനും ചേര്‍ന്നു തീരുമാനിക്കുമ്പോള്‍ പഴശ്ശിരാജയായി ആര് എന്നത് അവരുടെ മുന്നില്‍ ഒരു ചോദ്യമേ ആയിരുന്നില്ല. പഴശ്ശിയെപ്പൊലൊരു രാജാവിന്റെ വേഷം അനശ്വരമാക്കാന്‍, ശബ്ദം കൊണ്ടും ഭാവം കൊണ്ടും ആകാര സൗഷ്ഠവം കൊണ്ടും ഒരേയൊരു നടനേ നമുക്കു മുമ്പിലുള്ളൂ. അത് മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി തന്നെ.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനു വേണ്ടി പുതുമുഖങ്ങളെ തേടിയ ഹരിഹരനോട് എം.ടി. പറഞ്ഞതിങ്ങനെ :
‘ഇതിനവന്‍ തന്നെ വേണം, മമ്മൂട്ടി.’
പഴശ്ശിരാജയെ അവതരിപ്പിക്കാന്‍ പുതുമുഖമോ നിലവിലെ മറ്റു മുഖങ്ങളോ അന്വേഷിക്കാന്‍ എം.ടി.യും ഹരിഹരനും തുനിഞ്ഞില്ല. അവര്‍ക്കു മുമ്പില്‍, പഴശ്ശിരാജയുടെ രൂപത്തില്‍ മമ്മൂട്ടി നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു.
ചന്തുവായും ബഷീറായും അംബേദ്കറായും പഴശ്ശിരാജയായും വൈ എസ് ആറായും മമ്മൂട്ടി നമുക്കു മുമ്പിലെത്തുമ്പോള്‍ ചരിത്ര നായകവേഷങ്ങള്‍ക്ക് പകരം വയ്ക്കാനില്ലാത്ത നായകനായി മമ്മൂട്ടി മാറുന്നു.
മമ്മൂട്ടിയുടെ ക്ലാസിക് ടച്ചുള്ള ശൈലി പഴശ്ശിരാജയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി.
‘മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അനശ്വര കഥാപാത്രമാണ് പഴശ്ശിരാജ. മമ്മൂട്ടി ഉജ്ജ്വലമായിട്ടാണ് ആ വേഷം ചെയ്തത്. ഇന്ത്യയില്‍ മറ്റൊരു നടനും ഇതു സാധ്യമല്ല. ഓരോ രംഗത്തും മമ്മൂട്ടി ക്യാമറക്കു മുമ്പില്‍ നിന്നത് ഒരു യോദ്ധാവിന്റെ ഭാവഹാവാദികളോടെയാണ്. ആ ഗംഭീര്യം…. ആ വേഷപ്പകര്‍ച്ച… എല്ലാം വാക്കുകള്‍ക്കതീതം… ‘ സംവിധായകന്‍ ഹരിഹരന്റെ .വാക്കുകൾ.
ഇങ്ങിനെ പഴശ്ശിരാജ സിനിമയുയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കോർത്തിണക്കി മമ്മൂട്ടി ടൈംസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. ഖത്തറിലെ പ്രമുഖ മലയാളം എഫ് എം റേഡിയോ ആയ 986 FM റേഡിയോ RJ ഫെമിനയാണ് ഈ വീഡിയോയ്ക്ക് നരേഷൻ നൽകിയിരിക്കുന്നത്.
പഴശ്ശിരാജ റിലീസ് ആയതിന്റെ പതിനൊന്നാം വാർഷികാത്തൊടാനുബന്ധിച്ചു പുറത്തിറക്കിയ വീഡിയോ മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
