മലയാള സിനിമയുടെ അമരത്ത് പതിറ്റാണ്ടുകളായി പകരക്കാരനില്ലാത്ത അഭിനയപ്രതിഭയായി നിലയുറപ്പിക്കുമ്പോഴും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി വേർതിരിവുകൾ ഇല്ലാതെ ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടി.കലാ, സാംസ്കാരിക, രാഷ് ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ പങ്കുവെച്ചിട്ടുള്ള അനുഭവങ്ങൾ ഇതിന് അടിവരയിടുന്നു.തൃശൂർ എം.പി യും കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപൻ, മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കരുതലിനേയും സ്നേഹത്തിനേയും കുറിച്ചും മനസ്സ് തുറക്കുകയാണ് ‘മമ്മൂട്ടിയും ഞാനും’ എന്ന പരിപാടിയിൽ. മമ്മൂട്ടി ടൈംസ് ഒരുക്കുന്ന ‘മമ്മൂട്ടിയും ഞാനും’ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടിയെക്കുറിച്ച് പ്രമുഖ വ്യക്തികൾ സംസാരിക്കുന്ന പ്രോഗ്രാമാണ്.
മമ്മൂട്ടിയിലെ അഭിനേതാവിനെക്കുറിച്ചും , താൻ ഏങ്ങനെ മമ്മൂട്ടി ആരാധകൻ ആയി എന്നതിനെക്കുറിച്ചും ഈ പരിപാടിയിൽ പ്രതാപൻ സംസാരിക്കുന്നുണ്ട് .’തനിയാവർത്തനം’ എന്ന സിനിമ മൂന്നുവട്ടം തീയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കരയിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച സമയത്തെ അനുഭവങ്ങളും ടി.എൻ പ്രതാപൻ പങ്കുവെക്കുന്നു. ഒരു മനുഷ്യനെ ഇഷ്ട്ടപ്പെട്ടാൽ ആ വ്യക്തിയെ മമ്മൂട്ടി ഒരിക്കലും തന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയുകയില്ല.തുമ്പപ്പൂ പോലെയുള്ള ഹൃദയ നൈർമല്യമുള്ള വ്യക്തിയാണ് മമ്മൂട്ടി എന്നും ടി.എൻ പ്രതാപൻ പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക അവസരങ്ങളിൽ മമ്മൂട്ടിയുടെ പിന്തുണയും സ്നേഹവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ അവസരത്തിൽ അദ്ദേഹം നൽകിയ ആശിർവാദത്തെക്കുറിച്ചും ടി.എൻ പ്രതാപൻ ഈ പരിപാടിയിൽ മനസ്സ് തുറക്കുന്നു
