സിനിമയിൽ സജീവമായ ശേഷം സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും ഇത്രയധികം ദിവസങ്ങൾ മാറി നിന്ന ചരിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ഉണ്ടായിട്ടില്ല. 275-ഓളം ദിവസങ്ങളാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിൽ നിന്നും മാറി നിന്നത്.
മലയാള സിനിമയുടെ സൂപ്പർ താര പദവിയിലേക്ക് മമ്മൂട്ടി നടന്നടുത്ത എൺപതുകളുടെ തുടക്കത്തിൽ ഒരു ദിവസത്തിലെ 24 മണിക്കൂർ മമ്മൂട്ടിയ്ക്ക് പോരായിരുന്നു, അഭിനയിച്ചു തീർക്കാൻ. ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പറന്നു നടന്നു മമ്മൂട്ടി അഭിനയിച്ച കാലം. വർഷത്തിൽ 35ഇൽ പരം മമ്മൂട്ടി ചിത്രങ്ങൾ വരെ റിലീസായ വർഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
വർഷങ്ങൾ പിന്നിട്ടു സൂപ്പർ താരങ്ങൾ വർഷത്തിൽ അഞ്ചും ആറും ചിത്രങ്ങളായി ചുരുങ്ങിയപ്പോഴും മമ്മൂട്ടി ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുന്നത് വളരെ അപൂർവമായിട്ടായിരുന്നു.
ഒരു സിനിമയുടെ ഷൂട്ടിങ് തീർന്നാൽ ഒരുപക്ഷെ പിറ്റേന്ന്… അല്ലെങ്കിൽ മൂന്നോ നാലോ ദിവസത്തെ ഇടവളയ്ക്ക് ശേഷം പുതിയ മമ്മൂട്ടി ചിത്രം ആരംഭിക്കും. അതായിരുന്നു കോവിഡ് കാലം തുടങ്ങുന്നതുവരെയുള്ള മമ്മൂട്ടിയുടെ ഷൂട്ടിങ് ഷെഡ്യുൾ.
എന്നാൽ കോവിഡ് മഹാമാരി ലോകം മുഴുവൻ നിശ്ചലമാക്കിയപ്പോൾ, സിനിമാ ലോകത്തെയും അത് ബാധിച്ചു. ഷൂട്ടിങ്ങുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെ താരങ്ങളെല്ലാം വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ദിലീപും തുടങ്ങി യുവതാരങ്ങളായ പൃഥ്വിരാജും ഫഹദും ദുല്ഖറും വരെയുള്ള യുവതാരങ്ങളുമെല്ലാം ഷൂട്ടിംഗ് തിരക്കുകളിൽ നിന്നൊഴിഞ്ഞു കുടുംബവുമായി കൂടിയ നാളുകൾ.
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മമ്മൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് കോവിഡ് മൂലമുള്ള ലോക് ഡൌൺ പ്രഖ്യാപിക്കുന്നത്. അതോടെ പുതിയ വീട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള ധാരാളം സമയവും മമ്മൂട്ടിയ്ക്ക് ലഭിച്ചു.
സിനിമയിൽ സജീവമായ ശേഷം മമ്മൂട്ടി സിനിമാ തിരക്കുകളിൽ നിന്നും ഇത്രയേറെ കാലം മമ്മൂട്ടി മാറിനിന്നിട്ടില്ല. കോവിഡിന്റെ പ്രോട്ടോക്കോൾ കണിശമായി പാലിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി വീട്ടിൽ കഴിഞ്ഞത്. ഇടയ്ക്ക് കൊറോണയെന്ന മഹാമാരിയിൽ നിന്നും രക്ഷനേടാൻ ജനം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടുള്ള വീഡിയോകളും അദ്ദേഹത്തിന്റെതായി വന്നു.
സോഷ്യൽ മീഡിയയെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ച ഫോട്ടോകളും ഇക്കാലയളവിൽ മമ്മൂട്ടിയുടേതായി പ്രേക്ഷകർ ആഘോഷിച്ചു. വീട്ടിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയുന്ന മമ്മൂട്ടിയുടെ ഫോട്ടോ അത്തരത്തിൽ വൈറലായ ഒന്നായിരുന്നു.
ഷൂട്ടിംഗുകൾക്കുള്ള നിയന്ത്രണം ഉപാധികളോടെ സർക്കാർ പിൻവലിച്ചപ്പോൾ മോഹൻലാൽ അടക്കമുള്ള താരങ്ങൾ സിനിമയിൽ സജീവമായി. ദൃശ്യം 2 പൂർത്തിയാക്കിയ മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിലും അഭിനയിക്കാൻ എത്തിയപ്പോഴും മമ്മൂട്ടി തന്റെ പുതിയ സിനിമയെക്കുറിച്ച് എവിടെയും സൂചിപ്പിച്ചില്ല. ബിലാലും സി ബി ഐ അഞ്ചും അടക്കം ഒട്ടേറെ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടുകൾ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. വൺ, ദി പ്രീസ്റ്റ് തുടങ്ങി രണ്ട് സിനിമകൾ റിലീസിന് തയ്യാറെടുത്തു നിൽക്കുന്നു. പക്ഷെ അപ്പോഴും പുതിയ സിനിമയിൽ എപ്പോൾ അഭിനയിക്കുമെന്നത് ഒരു അറിയിപ്പുമില്ലായിരുന്നു. മമ്മൂക്ക കളത്തിൽ ഇറങ്ങാത്തത് അദ്ദേഹത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. ആകാംക്ഷയോടെ അവർ ആ ഒരു പ്രഖ്യാപനത്തിനായി കാത്തിരുന്നു.
എന്നാൽ അക്ഷമയോടെയുള്ള ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് മലയാള സിനിമയുടെ രാജാവ് കളത്തിൽ ഇറങ്ങുന്നു എന്ന ഒരു സൂചനയാണ് ഇന്നലെ ലഭിച്ചത്. മമ്മൂട്ടിയും ആന്റോ ജോസഫും ബാദുഷയും കൂടി എറണാകുളത്തെ ഒരു തട്ടുകടയിൽ നിന്നും ചായ കുടിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ‘പുലി’ കളത്തിലിറങ്ങാൻ റെഡിയായി എന്ന ഒരു സിഗ്നലായാണ് ആരാധകർ അതിനെ ആഘോഷിച്ചത്.
അതേ… ഇരുന്നൂറ്റി അൻപത്തിൽ പരം ദിവസത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മെഗാതാരം വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. എന്നാൽ സിനിമയുടെ ഷൂട്ടിന് വേണ്ടിയല്ല ഇന്ന് മമ്മൂട്ടി ക്യാമറയെ അഭിമുഖീകരിക്കാൻ പോകുന്നത്. മറിച്ച് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണു നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതൊരു സൂചനയാണ് . വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് നീങ്ങാനുള്ള ഭാഗത്തിന്റെ തുടക്കം.
മമ്മൂക്കയെ കാത്തിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന നിരവധി പ്രോജെക്ട്ടുകളാണ്. അമൽ നീരദിന്റെ സിനിമയിലാകും മമ്മൂട്ടി ഇനി ആദ്യം അഭിനയിക്കുക എന്നറിയുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരിക്കില്ല ആ സിനിമ എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിദേശ ലൊക്കേഷനുകൾ അടക്കമുള്ള, ഒട്ടേറെ ഔട്ട് ഡോർ രംഗങ്ങൾ ആവശ്യമുള്ള ബിഗ് ബജറ്റ് സിനിമയായ ബിലാൽ അല്പം കൂടി വൈകുമെന്നാണ് അറിയുന്നത്.
അമൽ നീരദ് സിനിമയ്ക്ക് ശേഷം ലേഡി സംവിധായിക ഒരുക്കുന്ന സിനിമയിലാകും മമ്മൂട്ടി അഭിനയിക്കുന്നത്
തുടർന്നായിരിക്കും സി ബി ഐയുടെ അഞ്ചാം ഭാഗത്തിൽ ജോയിൻ ചെയ്യുക. ഇതിനിടയിൽ വൺ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിംഗിൽ പങ്കെടുക്കും.
എന്തായാലും ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് മലയാള സിനിമയുടെ ‘സിംഹം’ ഇറങ്ങുകയാണ്… ഇനി ആവേശമുള്ള വേട്ടകൾ വെള്ളിത്തിരയിൽ കാണാം.
മമ്മൂക്കയുടെ ജന്മദിനതോടനുബന്ധിച്ചുള്ള ആശംസാ വീഡിയോയിൽ പ്രശസ്ത സംവിധായകൻ ഫാസിൽ പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ ഏറെ ശ്രദ്ധയമാണ്.
“..ഇതിലെ ഒരു അത്ഭുതമെന്താണെന്ന് വച്ചാൽ കോവിഡിന്റെ ദുർഘടമായ ഈ കാലഘട്ടം വളരെ നിസ്സാരമായി, വളരെ വിജയകരമായി, അതിവിദഗ്ദമായി അതിജീവിക്കാൻ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു എന്നുള്ളതാണ്. അതാ മനസ്സിന്റെ ശക്തിയാണ്..ഈ കൊറോണയുടെ കാലം കഴിഞ്ഞ്, അങ്ങിനയൊരു കാലമുണ്ടെങ്കിൽ മലയാള സിനിമയിൽനിന്നു വെട്ടിപ്പിടിച്ചതത്രയും ഒരുപക്ഷെ അതിൽ കൂടുതലും മമ്മൂട്ടി തിരികെ പിടിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു… എല്ലാ ഭാവുകങ്ങളും നേരുന്നു.”
