കൊറോണ സൃഷ്‌ടിച്ച അസാധാരണമായ സാഹചര്യം മറ്റെല്ലാ മേഖലകളെപ്പോലെ സിനിമയെയും ദോഷകരമായി ബാധിച്ചു. ഓ.ടി.ടി റിലീസുകളുടെ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ വഴിതെളിച്ചു എന്നതൊഴിച്ചാൽ സിനിമയ്ക്കും സിനിമാ പ്രവർത്തകർക്കും ആസ്വാദകർക്കും ഈ കോവിഡ് കാലം സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രം.ഇരുന്നൂറോളം സിനിമകള്‍ വർഷം തോറും റിലീസ് ചെയ്യുന്ന മലയാള സിനിമയില്‍ ഇക്കൊല്ലം ആകെ റിലീസ് ചെയ്തത് വെറും 48 സിനിമകള്‍ മാത്രമാണ്. ഇവയിൽ തിയേറ്റര്‍ വിജയം നേടിയത് വെറും അഞ്ച് സിനിമകള്‍ മാത്രമാണെന്നത് നമ്മുടെ സിനിമാ വ്യവസായത്തെ ഈ ലോക് ഡൌൺ കാലം എത്രത്തോളം മോശമായി ബാധിച്ചു എന്ന് അടിവരയിടുന്നു.
2020 ൽ റിലീസായ സിനിമകളിൽ മമ്മൂട്ടിയുടെ ഷൈലോക്കും ദുൽഖറിന്റെ വരനെ ആവശ്യമുണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു.
2020 ൽ വൻ വിജയം നേടാനായ ഒന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. മമ്മൂട്ടി ആദ്യാവസാനം നിറഞ്ഞാടിയ സിനിമയ്ക്ക് ഗംഭീര ഇനിഷ്യൽ നേടാനായി. ആരാധകർ ഏറ്റെടുത്ത ഷൈലോക്ക് മമ്മൂട്ടിയുടെ താര സിംഹാസനത്തിന് കൂടുതൽ കരുത്തേകുന്ന വിജയമായി മാറി. ഇതേ സമയം ദുൽഖർ ആദ്യമായി നിർമ്മിച്ചു സുരേഷ് ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കതപാത്രങ്ങളായ അനൂപ് സത്യന്റെ ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് 2020 ആദ്യത്തിൽ പുറത്തുവന്നു വൻ വിജയം നേടിയ സിനിമകളിൽ ഇടംപിടിച്ചു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര,സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് എന്നിവയും വിജയം നേടി. വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ സിനിമകൾ വിജയങ്ങളാകാതെ പോകുന്നതിനും 2020 സാക്ഷ്യം വഹിച്ചു. പുതു വർഷം സിനിമയെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കാം
