മലയാളി പ്രേക്ഷകർ ഏറെ കാലമായി ആഗ്രഹിച്ച ഒരു താര ജോഡി സംഗമം സഫലമാവുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു.
മമ്മൂക്കയോടൊപ്പം ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിച്ചാഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും ഒപ്പം അഭിനയിച്ച മഞ്ജു വാര്യർ പക്ഷെ മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനായില്ല. ചില അവസരങ്ങൾ വന്നുവെങ്കിലും പല പല കാരണങ്ങൾ കൊണ്ട് അതെല്ലാം മാറിപ്പോയി. മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ഒരു സിനിമ മലയാളി പ്രേക്ഷകരുടെ വലിയ ആഗ്രഹം കൂടിയായിരുന്നു, പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരുടെ.
ഇന്ന് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആ സംഗമം യാഥാർഥ്യമാകുമ്പോൾ മമ്മൂക്കയോടൊപ്പം ആദ്യമായി ഒന്നിച്ചതിന്റെ സന്തോഷവും ദി പ്രീസ്റ്റിന്റെ വിശേഷങ്ങളുമായി മഞ്ജു വാര്യർ മമ്മൂട്ടി ടൈംസ് വായനക്കാർക്ക് മുൻപിൽ മനസ്സ് തുറക്കുന്നു.
❓️ മലയാളികൾ ഏറെ ആഗ്രഹിച്ചതാണ് മമ്മൂട്ടി -മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഒരു സിനിമ. ആ സിനിമ ദി പ്രീസ്റ്റിലൂടെ യഥാർഥ്യമാവുകയാണ്. എന്ത് തോന്നുന്നു?
⭕️ നല്ല സിനിമകളുടെ ഭാഗമാവാൻ കഴിയുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അതിലുപരി മമ്മൂക്കയുടെ കൂടെ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതിലാണ് അതിലേറെ സന്തോഷം.
❓️ ദി പ്രീസ്റ്റിലേക്ക് എത്തുന്നത്
⭕️ സംവിധായകൻ ഉണ്ണിയേട്ടനാണ് (ബി. ഉണ്ണികൃഷ്ണൻ) ഈ സിനിമയെ കുറിച്ച് എന്നോട് ആദ്യം പറയുന്നത്. കഥ കേട്ടപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു.ശേഷം ജോഫിൻ മുഴുവൻ കഥ നരേറ്റ് ചെയ്ത് തന്നു. കേട്ടപ്പോൾ ഒരുപാട് ഇഷ്ടപെടുകയും പിന്നീട് ഇത് ചെയ്യാമെന്ന് സമ്മതിക്കുകയും അങ്ങനെ ഈ സിനിമ സംഭവിക്കുകയും ചെയ്യുകയായിരുന്നു.
❓️ദി പ്രീസ്റ്റിലെ കഥാപാത്രം
പ്രീസ്റ്റിലെ എന്റെ കഥാപാത്രത്തിന്റെ പേര് സൂസൻ എന്നാണ്. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയാകുന്നത് കൊണ്ട് കഥാപാത്രത്തിനെക്കുറിച്ച് കൂടുതൽ പറയാനുള്ള അനുവാദമില്ല. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരിക്കും പ്രീസ്റ്റിലെ സൂസൻ.
❓️ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകം
⭕️ നല്ലൊരു കഥ , കഥാപാത്രം, ഉണ്ണിയേട്ടനും ആന്റോ ചേട്ടനും കൂടി നിർമിക്കുന്നു അതിലേറെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ സാധിക്കുന്നു പിന്നെ ജോഫിൻ എന്ന പുതുമുഖ സംവിധായകൻ. ഇതെല്ലാം എന്നെ ഈ സിനിമയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ തന്നെയാണ്.
❓️ലൊക്കേഷൻ അനുഭവങ്ങൾ
⭕️ ലൊക്കേഷനിൽ ഞാൻ ആകാംഷയോടെ കാത്തിരുന്നത് മമ്മുക്കയുമായുള്ള ഷൂട്ടിംഗ് ദിനങ്ങൾക്ക് വേണ്ടിയായിരുന്നു. ആദ്യമായിട്ടായത് കൊണ്ടായിരിക്കാം, ഞാൻ ഭയങ്കര നെർവെസ് ആയിരുന്നു. എന്നാൽ മമ്മൂക്ക എന്നെ ഏറ്റവും അധികം കംഫർട്ട് ആക്കുകയും വളരെയധികം സ്നേഹത്തോടെ പെരുമാറുകയും ചെയ്തപ്പോൾ ഒരുപാട് ഊർജം തന്ന പോലെയായിരുന്നു. പിന്നീട് നിഖില, വെങ്കിടേഷ് ഇവരോടപ്പവും ഒന്നിച്ചഭിനയിച്ചിരുന്നു. പിന്നെ ഷൂട്ടിംഗ് എപ്പോഴും സന്തോഷം തരുന്ന അനുഭവം തന്നെയാണ്.
❓️നവാഗത സംവിധായകനായ ജോഫിൻ ടി ചാകോയോടൊപ്പം work ചെയ്തതിന്റെ എക്സ്പീരിയൻസ്
ജോഫിൻ എനിക്ക് പുതുമുഖമാണ്. പക്ഷേ ആന്റോ ചേട്ടനും ഉണ്ണിയേട്ടനും പിന്നെ മമ്മൂക്കയുമടക്കം ജോഫിനുമായി ആദ്യമായിട്ട് സിനിമ ചെയ്യണമെങ്കിൽ അവർക്ക് ജോഫിനിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. ജോഫിനുമായി പ്രവർത്തിച്ചപ്പോൾ വളരെയധികം ആത്മവിശ്വാസവും, സിനിമയെ കുറിച്ച് മുൻധാരണയും നല്ലൊരു ഭാവിയുളള ഒരു യുവ സംവിധായകനായിട്ടാണ് എനിക്ക് ജോഫിനിൽ കാണാൻ സാധിച്ചത്.
❓️ കോവിഡ് കാലം തീർത്ത വലിയൊരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന സൂപ്പർ സ്റ്റാർ ചിത്രം കൂടിയാണല്ലോ പ്രീസ്റ്റ്. ഈ അവസരവത്തിൽ പ്രേക്ഷകരോട് പറയാനുള്ളത്
⭕️ ഈ അവസരത്തിൽ പ്രേക്ഷകരോട് പറയാനുള്ളത്, സിനിമ എന്ന വ്യവാസായത്തോട് ഏറ്റവും ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഘടകമാണ് സിനിമ തിയ്യറ്റർ. സിനിമൾ സൃഷ്ടിക്കുന്നത് എപ്പോഴും പ്രേക്ഷകന് ആസ്വദിക്കുവാൻ വേണ്ടിയാണ്. അതിനൊരു പൂർണത ലഭിക്കണമെങ്കിൽ അവർ അത് തിയ്യറ്ററിൽ വന്ന് കാണുമ്പോൾ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ കോവി ഡ് പ്രോട്ടോക്കോളും പാലിച്ച് കൊണ്ട് എന്നാൽ തീർച്ചയായും തീയ്യറ്ററിൽ വരികയും വേണം. തിയ്യറ്ററുകളെല്ലാം പഴയ രീതിയിലുമധികം സജീവമാവട്ടെ എന്ന് പ്രാർഥിക്കുന്നു. എന്നാലേ സിനിമ ഇൻഡസ്ട്രിക്ക് ഉണർവ് പകരുകയുള്ളു. മാത്രമല്ല തിയ്യറ്ററിൽ പ്രേക്ഷകരെ എത്തിപ്പിക്കാൻ തോന്നിക്കുന്ന സിനിമകൾ സംഭവിക്കട്ടേ എന്നും ഇതിനോടപ്പം പ്രാർഥിക്കുന്നു.
❓️മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും ഇനിയും ഒന്നിക്കുന്ന സിനിമകൾ പ്രതീക്ഷിക്കാമോ
⭕️ മമ്മൂക്കയുമായി ഇനിയും ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കാനുളള ഭാഗ്യം നൽകട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.
❓️പുതിയ പ്രോജെക്ട്കൾ
വെള്ളം എന്ന സിനിമക്ക് ശേഷം സംവിധായകൻ പ്രജേഷ് സെനും ജയസൂര്യയും ഒരുമിക്കുന്ന ‘മേരി ആവോ സുനോ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിച്ച് ക്കൊണ്ടിരിക്കുന്നത്.