കോവിഡ് കാല പ്രതിസന്ധിയ്ക്കുശേഷം തിയേറ്ററുകളെ വീണ്ടും സജീവമാക്കിയ പ്രീസ്റ്റിനു ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയേറ്ററുകളിൽ ആളെക്കൂട്ടുന്നു.
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ഒരുക്കിയ വൺ ആണ് തിയേറ്ററുകൾക്ക് വീണ്ടും ഒരു ഉണർവ് പകർന്നു നൽകുന്നത്.
മമ്മൂട്ടി കേരള മുഖ്യന്ത്രി കടയ്ക്കൽ ചന്ദ്രനായ ഉജ്ജ്വല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ചിത്രം ഒരുപോലെ മാസും ക്ലാസ്സുമാണ്. ഇതൊരു പക്കാ പൊളിറ്റിക്കൽ ത്രില്ലർ സിനിമയല്ല. നമ്മൾ പലപ്പോഴും കണ്ടുപഴകിയ അടിപൊളി രാഷ്ട്രീയ സിനിമകളിൽ നിന്നും തീർത്തും വിഭിന്നമായി എന്താണ് യഥാർത്ഥ രാഷ്ട്രീയം എന്നും ജനങ്ങളെ ഭരിക്കാനല്ല, ജനങ്ങൾക്കുവേണ്ടി ഭരിക്കുന്നവനാണ് യഥാർത്ഥ ജനപ്രതിനിധി എന്നൊരു സന്ദേശവും പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാടും ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നു. ഇത് നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ നേതാവിനെയോ ഗ്ലോറിഫൈ ചെയ്യുന്ന സിനിമയല്ല. മറിച്ചു ഇന്നത്തെ നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ തീർത്തും പ്രസക്തമായ ഒരു രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന ഒരു ‘ജനകീയ പൊളിറ്റിക്കൽ മൂവി’യാണ് വൺ.
പ്രധാന കഥാപാത്രമായ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്ന മമ്മൂട്ടിയോടൊപ്പം സലിം കുമാർ,ജോജു, മുരളി ഗോപി, മാത്യൂസ്, നിമിഷ, ഗായത്രി അരുൺ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
തീർത്തും മമ്മൂട്ടി എന്ന നടന്റെ വൺ മാൻ ഷോ തന്നെയാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതായി ചെയ്യാൻ ആർക്കും കഴിയാത്ത രീതിയിൽ തന്നെ അദ്ദേഹം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇന്റർവെലിന് മുൻപുള്ള സീനും, ക്ലൈമാക്സും. സഹതാരങ്ങളായി വന്നവരെല്ലാം നന്നായപ്പോൾ, ജോജുവും, മുരളി ഗോപിയും, മാത്യൂസും കയ്യടി അർഹിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.
വ്യത്യസ്തമായ കഥയും കഥ ആവശ്യപ്പെടുന്ന സന്തോഷിന്റെ അവതരണവും തന്നെയാണ് സിനിമയുടെ നട്ടെല്ല്. കുറെയേറെ നാളുകൾക്ക് ശേഷം ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം വളരെ മികച്ചതായി തോന്നി. സിനിമയുടെ ക്യാമറയും, പശ്ചാത്തല സംഗീതവും പല സീനുകളെയും നന്നായി എലവേറ്റ് ചെയ്യുന്നുണ്ട്. സാമാന്യം നല്ലൊരു ആദ്യ പകുതിയും വളരെ മികച്ചൊരു രണ്ടാം പകുതിയും ചെന്നെത്തുന്നത് സിനിമയുടെ തന്നെ ഏറ്റവും മികച്ച ഭാഗമായ ക്ലൈമാക്സിലേക്കാണ്.
മമ്മൂട്ടിയുടെ അപാരമായ സ്ക്രീൻ പ്രസൻസ് പ്രത്യേകം എടുത്തു പറയേണ്ടതാണ്. മക്കൾ ആട്ച്ചി(തമിഴ് ), യാത്ര (തെലുങ്ക് ) എന്നീ ചിത്രങ്ങളിൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി മുൻപ് വേഷമിട്ടിട്ടുണ്ട് എങ്കിലും ബോഡി ലാംഗേജിലും ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും എല്ലാം തീർത്തും വിഭിന്നമാണ് വണ്ണിലെ മുഖ്യമന്ത്രി വേഷം.
ഡെമോക്രസിയുടെ സാധ്യതകളെ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ വരച്ചു കാണിക്കുന്ന വൺ തീർച്ചയായും തീയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ചിത്രം.
അടിയും ഇടിയും ബഹളവും തീപാറുന്ന ഡയലോഗുംകളും ഒക്കെയുള്ള ഒരു മാസ് മസാല ചിത്രമല്ല വൺ. നമ്മൾ കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത ഡെമോക്രസി എന്ന വാക്കിന്റെ പൂർണ്ണതയെ തേടി പോകുന്ന, അത് എന്ത് വില കൊടുത്തും നടപ്പിലാക്കണം എന്ന ദൃഢമായ തീരുമാനമെടുത്ത ഒരു അമാനുഷികനല്ലാത്ത മുഖ്യമന്ത്രിയുടെ കഥ പറയുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്.
എന്നാൽ ഇതൊരു മാസ് ചിത്രം കൂടിയാണ്. ക്ലാസ് സിനിമയിൽ മാസ് കാണിക്കുന്ന സിനിമ.
അതുകൊണ്ടുതന്നെ കുടുബ പ്രേക്ഷകർ തന്നെയാകും ഈ സിനിമയെ ലോഗ് റണ്ണിലേക്ക് നയിക്കുന്നത്.