കോവിഡ് എന്ന മഹാമാരി തീർത്ത പ്രതിസന്ധിയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ പകച്ചുനിന്ന തിയേറ്ററുകൾക്ക് പഴയ പ്രതാപകാലത്തിന്റെ ഉത്സവത്തിമിർപ്പ് പകർന്നുകൊണ്ട് ഒരു ചിത്രം എത്തി -മലയാളത്തിന്റെ മെഗാസ്റ്റാർ നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രം. കോവിവിഡ് കാലം തീർത്ത പ്രതിസന്ധികളിൽ നിന്നും തിയേറ്ററുകളെ കരകയറ്റിയ ദി പ്രീസ്റ്റ് നു ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രം തീയേറ്ററുകൾക്ക് ഉത്സവകാലം സമ്മാനിച്ചു സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. മമ്മൂട്ടി, കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൺ എന്ന ചിത്രം മൂന്നാംദിവസമായ ഇന്നും ഹൗസ് ഫുൾ ഷോകളോടുകൂടിയാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രം നൽകിയ ആവേശം ഒട്ടും കെട്ടടങ്ങാതെ തന്നെയാണ് വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി തിയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു മുന്നേറുന്നത്. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് തീയേറ്ററുകൾ തുറന്നെങ്കിലും തീയറ്ററുകളെ സജീവമാക്കാൻ ഒരു മമ്മൂട്ടി ചിത്രം തന്നെ വേണ്ടി വന്നു. പ്രീസ്റ്റിനു മുൻപും ശേഷവും എത്തിയ ചിത്രങ്ങൾ തിയേറ്ററുകളിൽ കാലിടറി വീണപ്പോൾ മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ സ്റ്റാർ പവർ ഒരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു തീയേറ്ററുകളും സിനിമാലോകവും. ഇപ്പോഴിതാ പ്രീസ്റ്റ്നു ശേഷം മൂന്ന് ആഴ്ച കഴിഞ്ഞെത്തിയ വൺ കൂടി തിയേറ്ററുകളെ സജീവമാക്കുമ്പോൾ മലയാള സിനിമയുടെ “അപ്രഖ്യാപിത ദൈവം” എന്ന് തിയേറ്ററുകാർ കടമെടുത്ത ആ സിനിമാ ഡയലോഗ് കൂടുതൽ ആവേശംത്തോടെ തന്നെ പ്രേക്ഷകരും ഏറ്റുപറയുന്നു..
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ഒരുക്കിയ വൺ എന്ന ചിത്രം ഇന്നത്തെ സമകാലിക ഇന്ത്യ യുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം തന്നെ അവതരിപ്പിക്കുകയാണ്. വോട്ട് ചെയ്ത് തെരഞ്ഞെടുക്കാൻ മാത്രമല്ല നാടിനും നാട്ടാർക്കും ഗുണമില്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട് എന്ന് അടിവരയിടുന്ന, അങ്ങനെയൊരു നിയമം ചില സംസ്ഥാനങ്ങളിൽ എങ്കിലും നിലവിലുണ്ട് എന്ന് നമുക്ക് മനസ്സിലാക്കി തന്ന വൺ എന്ന സിനിമ ഒരു യഥാർത്ഥ രാഷ്ട്രീയ സിനിമയാണ്. ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയ സിനിമ. സാധാരണ രാഷ്ട്രീയ ചിത്രങ്ങളിൽ കാണുന്ന സ്ഥിരം കാഴ്ചകൾക്കു പകരം റൈറ്റ് ടു റീ കോൾ എന്ന അസാധാരണമായ ജനാധിപത്യ അവകാശത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ഈ ചിത്രം ചെയ്യുന്നത്.
മാർച്ച് 26-ന് പ്രദർശനത്തിനെത്തിയ വൺ കേരളത്തിനൊപ്പം ജിസിസി രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും മികച്ച കളക്ഷനോടെ ആയിരുന്നു തുടക്കം കുറിച്ചത്. മൂന്നാം ദിവസമായ ഇന്നും ഹൗസ് ഫുൾ ഷോകൾ ഓടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. ഫാമിലി പ്രേക്ഷകർ കൂടി ഇറങ്ങി തുടങ്ങിയതോടെ ചിത്രം വൻവിജയത്തിലേക്ക് നീങ്ങുമെന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ആദ്യ ദിവസം ചില കോണുകളിൽനിന്ന് മനപ്പൂർവ്വം സൃഷ്ടിച്ച സമ്മിശ്ര പ്രതികരണങ്ങളെ മറികടന്നുകൊണ്ട് സാധാരണ പ്രേക്ഷകർ ഈ ചിത്രത്തെ ആവേശത്തോടെ വരവേൽക്കുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം, വൺ സൂപ്പർ ഹിറ്റ് ആകും.
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളോടെയാണ് വൺ പ്രദർശിപ്പിച്ചത്. സ്ത്രീകൾ അടക്കമുള്ള കുടുംബ പ്രേക്ഷകരുടെ തിരക്ക് ചിത്രത്തിന്റെ ലോഗ് റണ്ണും ഉറപ്പാക്കുന്നു. വെള്ളിയാഴ്ചയിലെ തിരക്ക് ശനിയും ഞായറും നിലനിർത്തിയപ്പോൾ വ്യക്തമാകുന്നത് ചിത്രത്തിനെതിരെ മനപൂർവം പ്രചരിക്കുന്ന നെഗറ്റീവ് റിപ്പോർട്ടുകൾ പ്രേക്ഷകർ അവജ്ഞയോടെ തള്ളിക്കളഞ്ഞു എന്നാണ്.
ഒരു യഥാർത്ഥ ജനപ്രതിനിധി എങ്ങിനെയായിരിക്കണം എന്നാണ് ഈ സിനിമ പറയുന്നത്. ഒരുപക്ഷെ സമീപ ഭാവിയിലൊന്നും ഇങ്ങനെയൊരു നിയമം നടപ്പിലാകാൻ പ്രയാസമാണെങ്കിലും (നിയമം നിലവിലുള്ള ചില സംസ്ഥാനങ്ങളിൽ പോലും ജനം ഇതെക്കുറിച്ച് അജ്ഞാരാണ് എന്നതാണ് സത്യം ) ഇങ്ങിനെയൊരു നിയമം നടപ്പിലായെങ്കിൽ എന്നും ഇതുപോലൊരു മുഖ്യമന്ത്രി തങ്ങക്കുണ്ടായിരുന്നു എങ്കിൽ എന്നും സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോകും.
കടയ്ക്കൽ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. സ്ക്രീൻ പ്രസൻസിലും പ്രകടനത്തിലും ഡയലോഗ് പ്രസന്റേഷനിലും എല്ലാം മമ്മൂട്ടി കൈയടി നേടുന്നു.
ഒട്ടേറെ ആർട്ടിസ്റ്റുകൾ ഉള്ള ചിത്രത്തിൽ സലിം കുമാർ, മുരളി ഗോപി, ജോജു ജോർജ്ജ്, മാത്യു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്.
സന്തോഷ് വിശ്വനാഥ് ന്റെ സംവിധാനവും സഞ്ജയ് ഗോപിയുടെ സ്ക്രീപ്റ്റും ഗോപി സുന്ദരിന്റെ പശ്ചാത്തല സംഗീതവും ചായഗ്രഹണവും എല്ലാം മികച്ചു നിൽക്കുന്നു.
ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ നിർമ്മിച്ച വൺ ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ ഹിറ്റായി മാറുകയാണ.
ഇതേസമയം നവാഗതനായ ജോഫിൻ ഒരുക്കിയ മമ്മൂട്ടിയുടെ ദി പ്രീസ്റ്റും തിയേറ്ററുകളിൽ ഇപ്പോഴും മികച്ച കളക്ഷൻ നേടി നാലം വാരം പിന്നിടുകയാണ്. ഒരേസമയം രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തിയേറ്ററിൽ ആളെക്കൂട്ടുന്നത് ആരാധകർക്കും തിയേറ്ററുകൾക്കും ഒരുപോലെ ആവേശം പകരുന്നു.
