ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന് കുറുപ്പ് തെളിയിച്ചു എന്നും അതിനു കുറപ്പ് സിനിമയോട് തങ്ങൾക്ക് നന്ദിയുണ്ടെന്നും പ്രിയദർശൻ.
മരക്കാർ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’പണത്തിന് അപ്പുറം ബോർഡം എന്നൊരു കാര്യമുണ്ട്. ആകെയുള്ള ഒരേയൊരു എന്റർടെയ്ൻമെന്റ് എന്നത് സിനിമ മാത്രമാണ്. അതിനാൽ തന്നെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് വരും. അത് തന്നെയാണ് കുറുപ്പ് എന്ന സിനിമയുടെ വിജയവും. ആളുകൾ വന്നു. ആ സിനിമയോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ആ സിനിമ കാണിച്ചു തന്നു ആളുകൾ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുമെന്ന്’, പ്രിയദർശൻ പറഞ്ഞു.
നേരത്തെ പ്രിയദർശൻ നടത്തിയ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. ‘ചില ആളുകൾ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ വിൽക്കാൻ പറ്റാതെ വരുമ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തിട്ട് പറയും ഞങ്ങൾ അവിടുന്ന് തിരിച്ചു വാങ്ങി കൊണ്ട് വന്നു തിയേറ്ററുകാരെ സഹായിച്ചു. അതൊന്നും ശരിയല്ല’, എന്നാണ് റിപ്പോർട്ടർ ടിവി അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത്. കുറുപ്പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ പരാമർശം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും ഉണ്ടായിരുന്നു.
പിന്നാലെ വിഷയത്തിൽ പ്രിയദർശൻ ട്വിറ്ററിലൂടെ പ്രതികരണവും രേഖപ്പെടുത്തിയിരുന്നു. താൻ ദുൽഖർ സൽമാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നദ്ദേഹം പറഞ്ഞു.
