കൊറോണ മൂലം സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളാണ് OTT പ്ലാറ്റ്ഫോമുകൾക്ക് വലിയ സ്വീകര്യത ലഭിക്കുന്നത്. സൂപ്പർ തരങ്ങളുടേതടക്കം വലിയ ബജറ്റ് ചിത്രങ്ങൾ OTT യിലേക്ക് പോയതോടെ തിയേറ്റർ വ്യവസായത്തിനു ഇനിയൊരു തിരിച്ചുവരവില്ല എന്നുതന്നെ പലരും കരുതി. എന്നാൽ ഒന്നാം കൊറോണ തരംഗത്തിനുശേഷം സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്നപ്പോൾ കുടുംബ പ്രേക്ഷകരെ അടക്കം തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവന്നത് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രമാണ്. റിസ്ക് ഒട്ടുമില്ലാത്ത OTT സാദ്ധ്യതകൾ ഉണ്ടായിട്ടും തിയേറ്റർ വ്യവസായം നിലനിൽക്കണമെന്നും അതുകൊണ്ട് തിയേറ്റർ റിലീസ് തന്നെ വേണമെന്ന മമ്മൂട്ടിയുടെ വലിയ മനസ്സാണ് ഈ സിനിമ തീയേറ്ററുകളിൽ എത്തിയതും നശിച്ചുപോകുമെന്ന് കരുതിയ ഒരു മേഖലയെ ഉണർത്തിയതും. ‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമെന്നു’ വരെ തിയേറ്റർ ഉടമകൾ മമ്മൂട്ടിയെ വിശേഷിപ്പിച്ചു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ഈ ദി പ്രീസ്റ്റ് ഒരുക്കിയത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. ആന്റോ ജോസഫ് ഫിലിംസ് നിർമ്മിച്ച ഈ സിനിമയാണ് 2021-ലെ ആദ്യത്തെ തിയേറ്റർ സൂപ്പർ ഹിറ്റ്.
തുടർന്നുവന്ന മമ്മൂട്ടിയുടെ തന്നെ വണ്ണും തീയേറ്ററുകളിൽ അത്യാവശ്യം ചലനം സൃഷ്ടിച്ചു.
നവാഗതരുടെ കൂട്ടായ്മയായി എത്തിയ ഓപ്പറേഷൻ ജാവയാണ് മറ്റൊരു ഹിറ്റ് ചിത്രം. ഒന്നാം കൊറോണ തരംഗത്തിനുശേഷം തീയേറ്ററുകളിൽ ഒരുപിടി ചിത്രങ്ങൾ എത്തിയെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ മറ്റു സിനിമകൾക്കൊന്നും കഴിഞ്ഞില്ല.
രണ്ടാം തരംഗത്തിൽ രക്ഷകനായി ദുൽഖർ സൽമാൻ!
തിയേറ്ററുകൾ വീണ്ടും സജീവമായി തുടങ്ങി അധികനാൾ കഴിയും മുമ്പ് വീണ്ടും കോവിഡ് തരംഗം രൂക്ഷമായി. അതോടെ തിയേറ്ററുകൾ വീണ്ടും അടയ്ക്കുന്ന അവസ്ഥയിലേക്ക് എത്തി. തിയേറ്റർ മേഖലാ വീണ്ടും പ്രതിസന്ധിയിലായി. തിയേറ്റർ റിലീസ് ആയി നിശ്ചയിച്ച പല സിനിമകളും പിന്നീട് OTT യിലേക്ക് പോകുന്നതാണ് കണ്ടത്.
എന്നാൽ രണ്ടാം കൊറോണ തരംഗത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ തിയേറ്ററുകാരുടെ രക്ഷയ്ക്കെത്തിയത് ആകട്ടെ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രവും. തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ജനപ്രളയം തന്നെ സൃഷ്ടിച്ചുകൊണ്ട് കുറുപ്പ് വൻ വിജയം നേടി. കേരളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിലും ഗൾഫ് നാടുകളിലും അമേരിക്ക യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കുറുപ്പ് വൻ തരംഗം സൃഷ്ടിച്ചു. സെക്കൻഡ് ഷോ എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാനും ശ്രീനാഥ് രാജേന്ദ്രനും ഒന്നിച്ച ഈ ചിത്രത്തിൽ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. 75 കോടി ക്ലബ്ബിലും ഈ ചിത്രം ഇടംപിടിച്ചു.
അങ്ങനെ ആദ്യ കോവിഡ് തരംഗത്തിനുശേഷം മമ്മൂട്ടിയും രണ്ടാം കോവിഡ് തരംഗത്തിന് ശേഷം ദുൽഖറും തിയേറ്ററുകളുടെ രക്ഷയ്ക്ക് എത്തിയത് ഏറെ ചർച്ചാവിഷയമായി.
തീർത്തും നവാഗതർ ഒരുക്കിയ ജാൻ എ മൻ എന്ന ചിത്രമാണ് ഈ കാലയളവിൽ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ മറ്റൊരു ചിത്രം. ഏറെ പ്രതീക്ഷകളോടെ എത്തിയ നൂറു കോടി ബജറ്റിൽ ഒരുക്കിയ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാർ ബോക്സോഫീസ് ദുരന്തമായി മാറി.
വർഷാവസാനം ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളിൽ അജഗാജാന്തരം മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.
OTT റിലീസ്
മലയാള സിനിമയെ ലോകത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തിച്ചു ഒരു വലിയ വേൾഡ് വൈഡ് റീച് ഉണ്ടാക്കിക്കൊടുക്കുന്നതിൽ OTT റിലീസുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു. ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കു എത്തിയ ദൃശ്യം 2 ഡയറക്ട് OTT റിലീസ് ആയി എത്തുന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ ചിത്രമാണ്. OTT യിൽ വൻ തരംഗം സൃഷ്ടിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ജിത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച ഈ ചിത്രം OTT റിലീസ് മുന്നിൽ കണ്ടു കോവിഡ് കാലത്ത് ഷൂട്ടിങ് തുടങ്ങിയ ചിത്രം കൂടിയാണ്. ആശിർവാദ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായ മാലിക് ആണ്OTT യിൽ തരംഗം സൃഷ്ടിച്ച മറ്റൊരു ചിത്രം. ആന്റ്റോ ജോസഫ് ആണ് ഈ ചിത്രത്തിന്റെ നിർമാതാവ്.
ഫഹദ് ഫാസിൽ നായകനായ ദിലീഷ് പോത്തന്റെ ജോജി OTT യിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.
വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം OTTയിൽ മികച്ച അഭിപ്രായമാണ് നേടിയത്. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാനതാരങ്ങൾ.
വർഷാവസാനം എത്തിയ ടോവിനോ തോമസ് നായകനായ മിന്നൽ മുരളി വേൾഡ് ട്രെൻഡിങ്ങിൽ ടോപ് 10 ലിസ്റ്റിൽ സ്ഥാനം പിടിച്ച ഏക മലയാള ചിത്രം കൂടിയാണ്. ബേസിൽ ജോസഫ് ആണ് ഈ ചിത്രം ഒരുക്കിയത്. അതേസമയം നാദിർഷാ ദിലീപ് ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
തീയേറ്റർ റിലീസിന് ശേഷം OTT യിൽ എത്തി തരംഗം സൃഷ്ടിച്ച ചിത്രങ്ങളിൽ മുന്നിൽനിൽക്കുന്നത് ദുൽഖർ നായകനായ കുറുപ്പ് ആണ്. അതേസമയം മോഹൻലാലിന്റെ മരക്കാറിന് ഒടിടി യിലും യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
Theater Hits
കുറുപ്പ്
ദി പ്രീസ്റ്റ്
ജാൻ എ മൻ
അജഗാജന്തരം
OTT TOP MOVIES
മിന്നൽ മുരളി
ദൃശ്യം 2
മാലിക്
ഹോം
ജോജി
