ബിഗ് ബി എന്ന എക്കാലത്തെയും സ്റ്റൈലിഷ് ഹിറ്റിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മ പാർവത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതുമുതൽ ആരാധകരുടെ ആവേശം ഇരട്ടിയായി. ചിത്രത്തിന്റെ ടീസർ വരുന്നു എന്നറിഞ്ഞതോടെ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള പ്രകടനം കാണാനുള്ള ആകാംക്ഷയും കൂടി.
ആവേശങ്ങൾക്കും ആകാംക്ഷയ്ക്കും ഒടുവിൽ ഇന്നലെ ടീസർ എത്തിയതോടെ സോഷ്യൽ മീഡിയയിൽ അതൊരു കാട്ടു തീയായി പടർന്നു. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൻ വ്യൂസും നേടി ഇപ്പോൾ രണ്ടര മില്യണും കടന്ന് ആളിപ്പാടരുകയാണ്. വ്യൂസ് മാത്രമല്ല, ലൈക്കും ഷെയറും കമന്റ്സുമെല്ലാം പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ഭീഷ്മ പർവം ടീസർ സോഷ്യൽ മീഡിയയിൽ പുതിയ ട്രൻഡ് സെറ്റർ ആയി മാറുന്നത്.
പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു മാസ്സ് ചിത്രമാണ്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ മൈക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ എത്തിയിരിക്കുകയാണ്. മെഗാ മാസ്സ് ടീസർ എന്ന് തന്നെ ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാം. മമ്മൂട്ടി ആരാധകരേയും സിനിമാ പ്രേമികളെയും ഏറെ ആവേശം കൊള്ളിക്കുന്നതും, ഈ ചിത്രത്തെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന രീതിയിലുമുള്ള ഒരു റ്റീസർ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. അടുത്ത മാസം മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്.
സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്. മമ്മൂട്ടിക്ക് പുറമെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
