കർണ്ണാടകത്തിലെ ബെല്ലാരിയിൽ നിന്നും വന്ന ഒരു പോത്തു കച്ചവടക്കാരൻ മലയാള സിനിമയിലെ സകലമാന റിക്കാർഡുകളും തകർത്തു തരിപ്പണമാക്കി കെട്ടും കെട്ടി പോയപ്പോൾ സൃഷ്ടിച്ച റിക്കാർഡുകൾ മറികടക്കാൻ സകല താരങ്ങളും ഒന്നിച്ചഭിനയിച്ച ട്വന്റി 20 ക്കു വരേണ്ടി വന്നു എന്നു പറയുന്നതാവും ശരി. അതും വൈഡ് റിലീസിങ് ഉളള കാലത്ത്. മെഗാസ്റ്റാർ മമ്മൂക്കയുടെ വൺമാൻ ഷോ, അതായിരുന്നു രാജമാണിക്യം.
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി റിലീസ് ചെയ്ത വലിയ തിയേറ്ററിൽ നിന്നും മാത്രം ഷിഫ്റ്റ് ചെയ്യാതെ ഒരു കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചിത്രമാണ് രാജമാണിക്യം.
തിരുവനന്തപുരം ന്യൂവിലും എറണാകുളം കവിതയിലും. നേടിയ കളക്ഷനും ചിത്രം കണ്ട പ്രേക്ഷകരുടെ എണ്ണവും കണക്കെടുത്താൽ മലയാള സിനിമാ ചരിത്രത്തിലെ സർവ്വകാല വിജയങ്ങളുടെ തലതൊട്ടപ്പനായി വരും ഈ ബെല്ലാരി രാജാ.
അന്ധവിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമാ മേഖലയിലെ അതിന്റെ ഒരു നേർ സാക്ഷ്യമായിരുന്നു രാജമാണിക്യം.
രഞ്ജിത് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം അൻവർ റഷീദിന്റെ കൈകളിലേക്ക് എത്തിച്ചേരുന്നത് അത്തരം വിശ്വാസങ്ങളുടെ പുറത്താണ്.
എന്തായാലും മലയാള സിനിമയിൽ തിളക്കമാർന്ന ഒരേട് എഴുതി ചേർത്താണ് ചിത്രം തിയേറ്റർ വിട്ടത്.
അത്ര പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബ ബദ്ധങ്ങൾക്ക് പ്രാമുഖ്യം കൊടുത്ത് ടിഎ ഷാഹിദ് എഴുതിയ തിരക്കഥ, അതിലെ നായക കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ തിരുവനന്തപുരം ശൈലിയിലേക്ക് മാറ്റപ്പെട്ടപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ട മലയാള സിനിമയായി മാറി ഈ ചിത്രം.
ടിഎ ഷാഹിദ് ഒരുക്കിയ സംഭാഷണങ്ങൾ എല്ലാം മലയാളികൾ ഏറ്റു പറഞ്ഞു നടന്നു.
സംഭഷണങ്ങൾ അത്രയേറെ ജനപ്രിയമായതിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ സേവനവും എടുത്തു പറയേണ്ടതാണ്.
അതുപോലെ തന്നെ അലക്സ് പോൾ ഒരുക്കിയ ബിജിഎം ഒരേ പൊളി തന്നെ.
ഒാരോ സീനും ജനഹൃദയങ്ങളിൽ പതിഞ്ഞു പോയെങ്കിൽ അത് ബിജിഎമ്മിന്റെ കൂടി മികവാണ്.
ആക്ഷൻ രംഗങ്ങളൊക്കെ കിടിലൻ തന്നെ.
ഡാൻസ് ചെയ്യാൻ അത്ര വശമില്ലാത്ത, അല്ലെങ്കിൽ അതിനു തയ്യാറാകാത്ത ഒരു നടനെ ഒരു അടിപൊളി പാട്ടിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രതീതിയുണ്ടാക്കിയ സംവിധായകന്റെ കഴിവിനെ അംഗീകരിച്ചേ മതിയാവൂ.
സീൻ ബൈസീൻ എത്ര കളർഫുളളായിട്ടാണ് അൻവർ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
നായകന്റെ രാജകീയമായ വരവിനു മുമ്പുവരെ സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത് സായികുമാറിന്റെ മിന്നുന്ന പ്രകടനം തന്നെ.
വില്ലനായി രഞ്ജിത്,
നായിക പത്മപ്രിയ,
സിന്ധു മേനോൻ, റഹ്മാൻ, മനോജ് കെ ജയൻ, സായികുമാർ, ഭീമൻ രഘു, സലിംകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി എല്ലാവരും തിളങ്ങി.
മലയാള സിനിമാ ചരിത്രത്തിൽ അന്നേവരെ ഉണ്ടായ സകലമാന ഇൻഡസ്ട്രിയൽ ഹിറ്റുകളും സൃഷ്ടിച്ച ജനപ്രീതികൾക്കും മുകളിൽ പത്തരമാറ്റോടെ മിന്നിത്തിളങ്ങിയ രാജമാണിക്യം,
മെഗാസ്റ്റാറിന്റെ വൺമാൻ ഷോയിൽ തകർന്നടിഞ്ഞത് കേരളമാകമാനമുളള ഒാരോ സെന്ററിലേയും കളക്ഷൻ റിക്കാർഡുകൾ.
റംസാൻ റിലീസായി എത്തിയ ചിത്രം 48 കേന്ദ്രങ്ങളിൽ പ്രദർശനം തുടങ്ങി.
തകർപ്പൻ കളക്ഷനിൽ തുടങ്ങിയ ചിത്രം എല്ലാ കേന്ദ്രങ്ങളിലും 25 ദിവസങ്ങൾ റെഗുലർ ഷോയിൽ പൂർത്തിയാക്കി.
25 ദിവസം കൊണ്ട് ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനും സ്വന്തമാക്കി അഞ്ചാം വാരം തുടങ്ങിയ ചിത്രം ഭൂരിഭാഗം സെന്ററുകളിലും റിക്കാർഡുകൾ തിരുത്തിയെഴുതി.
എല്ലാ കേന്ദ്രങ്ങളിലും 50-ാം നാളിലേക്കു കടന്ന ചിത്രത്തിന് ടൈഗറിന്റെയും തന്മാത്രയുടേയും വരവോടു കൂടി ഏതാനും സെന്ററുകൾ നഷ്ടമായി.
എങ്കിലും 7 വാരങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനും നേടിയാണ് ചിത്രം 9-ാം വാരത്തിലേക്ക് കടന്നത്.
19 കേന്ദ്രങ്ങളിൽ റെഗുലർ ഷോയിൽ 65 ദിവസങ്ങൾ പൂർത്തിയാക്കി.
സെന്ററുകൾ നഷ്ടമാകാതെ 11-ാം വാരം.
75 ദിസങ്ങൾ പൂർത്തിയാകുമ്പോൾ 19 കേന്ദ്രങ്ങളിലും റെഗുലർ ഷോ.
അതോടൊപ്പം 25 ഒാളം പുതിയ കേന്ദ്രങ്ങളിലും തകർപ്പൻ കളക്ഷനിൽ 25 ദിവസങ്ങൾ.
ഒരു സെന്റർ മാത്രം നഷ്ടപ്പെട്ട് 18 കേന്ദ്രങ്ങളിൽ റെഗുലർ ഷോയിൽ 85 ദിവസങ്ങൾ.
അതോടൊപ്പം 26 അധിക കേന്ദ്രങ്ങളിലും 35 ദിവസങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.
90-ാം ദിവസത്തിലേക്ക് കടക്കുന്ന 13-ാം വാരത്തിൽ 11 കേന്ദ്രങ്ങളിൽ 10 കേന്ദ്രങ്ങളിലും റെഗുലർ ഷോ,ഒരു കേന്ദ്രത്തിൽ മാത്രം നൂൺ ഷോ.
അതോടൊപ്പം 35 ബിസി സെന്ററുകൾ,
അതിൽ തന്നെ 8 കേന്ദ്രങ്ങളിൽ റെഗുലർ ഷോയിൽ 40-ാം ദിവസത്തിലേക്കും.
ഇതിനിടയിൽ മാവേലിക്കരയുൾപ്പടെ പല സെന്ററിലും ചിത്രം തിരിച്ചു വന്നു.
ചരിത്ര വിജയമെഴുതിയ ചിത്രത്തിന് 14-ാം വാരവും 11 കേന്ദ്രങ്ങൾ തന്നെ.
10 കേന്ദ്രങ്ങളിൽ റെഗുലർ ഷോയിലും ഒരു കേന്ദ്രത്തിൽ നൂൺ ഷോയിലും 100 ദിവസമെന്ന ചരിത്ര നേട്ടം പൂർത്തിയാക്കുമ്പോൾ മാണിക്യത്തിനു മുമ്പിൽ തകർന്നു വീണത് മലയാള സിനിമാ ചരിത്രത്തിലെ സകലമാന കളക്ഷൻ റിക്കാർഡുകളുമാണ്.
ഈ പതിനൊന്ന് കേന്ദ്രങ്ങളിലും വലിയ തിയേറ്ററുകളിൽ തന്നെ 100 ദിവസം പൂർത്തിയാക്കി എന്നത് അത്ഭുതകരമായ കാര്യം തന്നെ.
പ്രമുഖ കേന്ദ്രങ്ങളിൽ 135 ദിവസം മാണിക്യം പൂർത്തിയാക്കിയിരുന്നു.
ഒരു പുതിയ കമ്പനിക്ക് സ്വന്തം ചിത്രത്തിന് ഇത്രയേറേ തിയേറ്ററുകളിൽ ലോംഗ് റൺ കിട്ടി എന്നതു തന്നെ ഈ ജനപ്രിയ ചിത്രത്തിന്റെ മൂല്യം വെളിവാക്കുന്നു.
രാജമാണിക്യത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ വന്നത് എറണാകുളം കവിതയിലായിരുന്നു, 1.36 കോടി രൂപാ.
ഇവിടെ മീശമാധവൻ നേടിയ ഒരു കോടി രൂപയുടെ റിക്കാർഡ് മാണിക്യം 80 ദിവസം കൊണ്ട് മറികടന്നു.
രണ്ടാമത്തെ വലിയ കളക്ഷൻ കിട്ടിയത് തിരുവനന്തപുരം ന്യൂ തിയേറ്ററിലും, 1.10 കോടി രൂപ. ഇവിടെ തകർക്കപ്പെട്ടത് 250 ദിവസം കൊണ്ട് തെങ്കാശിപ്പട്ടണം നേടിയ 97 ലക്ഷത്തിന്റെ റിക്കാർഡ്.
അതായത് തിരുവനന്തപുരത്ത് ഒരു കോടി രൂപാ ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി രാജമാണിക്യം.
കോഴിക്കോട് ഡേവിസണിൽ നിന്നും കിട്ടിയത് 90 ലക്ഷത്തോളം രൂപ, ഇവിടെ തകർക്കപ്പെട്ടത് വേഷം നേടിയ 85 ലക്ഷം രൂപാ.
മറ്റു കേന്ദ്രങ്ങളിൽ തെങ്കാശിപ്പട്ടണത്തിന്റേയും മീശമാധവന്റെയും റിക്കാർഡുകൾ 75-80 ദിവസങ്ങൾക്കുള്ളിൽ രാജമാണിക്യം മറികടന്നു.
അന്നേവരെ 5 ലക്ഷം രൂപാ തികച്ച് ഷെയർ കണ്ടിട്ടില്ലാത്ത ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും 10 ലക്ഷത്തോളം ഷെയർ നേടിയതും പുതു ചരിത്രമായിരുന്നു.
കൃത്യമായി പറഞ്ഞാൽ രാജമാണിക്യം ഓരോ കേന്ദ്രങ്ങളിലും സൃഷ്ടിച്ച റിക്കാർഡുകൾ മറികടക്കാൻ സകല താരങ്ങളും ഒന്നിച്ചഭിനയിച്ച ട്വന്റി 20 ക്കു വരേണ്ടി വന്നു എന്നു പറയുന്നതാവും ശരി.
രാജമാണിക്യത്തിന്റെ റിക്കാർഡുകൾ സോളോ ഹിറ്റിലൂടെ മറികടക്കുവാൻ മോഹൻലാലിന് 8 വർഷങ്ങൾ വേണ്ടി വന്നു, ജിത്തു ജോസഫിന്റെ മാസ്റ്റർപീസായ ദൃശ്യത്തിലൂടെ,
ബാനർ – വലിയ വീട്ടിൽ
നിർമ്മാണം – സിറാജുദ്ദീൻ
തിരക്കഥ – ടിഎ ഷാഹിദ്
സംഗീതം – അലക്സ് പോൾ
വിതരണം – വലിയ വീട്ടിൽ റിലീസ്
സംവിധാനം – അൻവർ റഷീദ്
(സിജു കൃഷ്ണൻ )
