വർഷങ്ങൾക്കു മുൻപ്… മോഹൻലാൽ എന നടന്റെ കരിയറിൽ തുടർച്ചയായി പരാജയങ്ങൾ മാത്രം സംഭവിച്ച ഒരു കാലം. മോഹൻലാൽ ഫീൽഡിൽ നിന്ന് ഔട്ടായി എന്നുവരെ അടക്കിപ്പിടിച്ച സംസാരമായിരുന്നു എങ്ങും. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന രീതിയിൽ തുടരെയുള്ള പരാജയങ്ങൾക്കൊടുവിൽ മോഹൻലാലിന്റേതായി ഒരു സിനിമയെത്തി. കോഴിക്കോട്ടുകാരൻ വി.എം.വിനു സംവിധാനം ചെയ്ത ബാലേട്ടൻ. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഒരു കോഴിക്കോട്ടുകാരൻ ആയിരുന്നു. മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച ടി.എ.റസാഖിന്റെ സഹോദരൻ ടി.എ.ഷാഹിദ്.
സ്ഥിരം മീശപിരിക്കൽ കഥാപാത്രങ്ങളിൽ നിന്നും മോഹൻലാലിനു ഒരു മോചനം കൂടിയായിരുന്നു ബാലേട്ടൻ. ഫാമിലി പ്രേക്ഷകരുടെ പിന്തുണയോടെ ബാലേട്ടൻ തിയേറ്ററുകളിൽ തകർത്തോടി. ലാലിന്റെ തിരിച്ചുവരമായി ആ സിനിമ ആഘോഷിക്കപ്പെട്ടു.
വർഷങ്ങൾക്കിപ്പുറം…സമാനമായ അവസ്ഥയിലല്ലെങ്കിലും മമ്മൂട്ടിയുടെ മികച്ച ഒരു വേഷത്തിനായി കാത്തിരുന്ന പ്രേക്ഷകർക്ക് ‘അങ്കിൾ’ എന്ന സിനിമയിലൂടെ മമ്മൂട്ടിയ്ക്ക് വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ചതും കോഴിക്കോട്ടുകാർ. സംവിധായകൻ ഗിരീഷ് ദാമോദർ ഈ രംഗത്ത് നവാഗതൻ. തിരക്കഥാകൃത്ത് ജോയി മാത്യുവും കോഴിക്കോട്ടുകാരൻ. അങ്ങിനെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചതിൽ കോഴിക്കോട്ടുക്കാർക്കുള്ള പങ്ക് യാദൃച്ഛികമെങ്കിലും രണ്ടു സിനിമകളും ആഘോഷിക്കപ്പെടുമ്പോൾ കോഴിക്കോട്ടുകാർക്ക് ഏറെ സന്തോഷിക്കാൻ വകയുണ്ട്.
അങ്കിളിന്റെ വിജയം കോഴിക്കോട് തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജോയ് മാത്യുവും ഗിരീഷ് ദാമോദറും സംഘവും. ആ ആഘോഷം തങ്ങളുടെ കൂടി ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്ടുകാർ.
