1997 ൽ അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നത്.അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു. ജീവിതത്തിന്റെ പകുതിയിൽ അധികം സമയവും അച്ഛൻ ചെലവഴിച്ചത് കുടുംബത്തെക്കാൾ ഏറെ നാടിനും നാട്ടുകാർക്കും വേണ്ടി ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെ പുറത്ത് കൊണ്ട് പോകാനോ ഒന്നിനും അച്ഛന് സമയം കണ്ടെത്താൻ കഴിഞ്ഞില്ല. ദൂരദർശനിലെ ഞായറാഴ്ച സിനിമ മാത്രമായിരുന്നു എന്റെ ആകെയുള്ള സിനിമ ബന്ധം. നാട്ടിൻപുറം ആയതിനാൽ പുറംലോകത്ത് സിനിമാശാലകൾ ഉണ്ടെന്നോ അവിടെ വലിയ സ്ക്രീനിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്നോ അറിവില്ലാത്തകാലം. അങ്ങനെയിരിക്കെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് ഒരു ടൂർ പ്ലാൻ ചെയ്തു. കന്യാകുമാരി ഒക്കെ ആയിരുന്നു പ്രധാന സ്ഥലം. ആദ്യമായി ചിക്കൻ ഫ്രൈ കഴിച്ചതും ബിരിയാണി കഴിച്ചതും ഈ ടൂർ കാരണം ആയിരുന്നു. മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മറ്റൊരു സംഭവം നടക്കാനും ഈ ടൂർ നിമിത്തമായി.
മലയാള സിനിമയിലെ ഇതിഹാസം മമ്മൂട്ടി എന്ന നടന്റെ ആരാധക ലിസ്റ്റില് ഒരു പേര് കൂടി എഴുതി ചേർക്കപ്പെട്ടു. ടൂർ ദിവസത്തിൽ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം അച്ഛൻ ഞങ്ങളെ ഒരു സ്ഥലത്ത് കൊണ്ടുപോയി. നിറയെ ആൾക്കാർ ഒക്കെ കൂടി നിൽക്കുന്ന സ്ഥലം. പിന്നെയാണ് അമ്മ പറഞ്ഞുതന്നത് അത് തീയേറ്റർ ആണെന്നും നമ്മൾ സിനിമ കാണാൻ പോകുവാണെന്നും. അന്ന് അവിടെ വച്ച് ആദ്യമായി ഒരു പേര് കേട്ടു “മമ്മൂട്ടി” ചേട്ടനാ പറഞ്ഞത് “എടാ മമ്മൂട്ടിയുടെ സിനിമയാ” എന്ന്. മമ്മൂക്കയും,ദിലീപേട്ടനും ചേർന്ന് അഭിനയിച്ച കളിയൂഞ്ഞാൽ ആയിരുന്നു ചിത്രം. ഇപ്പോഴും നല്ല ഓർമ്മയുണ്ട് ഇരുട്ട് നിറഞ്ഞ ആ വലിയ തിയേറ്ററിൽ ഏകദേശം മുന്നിലായിട്ടായിരുന്നൂ ഞങ്ങളുടെ സീറ്റ്. സിനിമ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും സ്ക്രീനിലേക്ക് വരുന്ന പ്രകാശം അച്ഛന്റെ തോളിൽ കിടന്ന് കണ്ടതും, ഒരു 5 വയസ്സുകാരന്റെ കണ്ണെത്താവുന്നിടത്തോളം നിരയിൽ ആൾക്കാർ ഇരിക്കുന്നതും, അന്നുവരെ ടിവി സ്ക്രീൻ മാത്രം കണ്ട കണ്ണുകൾ വലിപ്പമേറിയ സ്ക്രീനിൽ സിനിമ കണ്ടതും ഒക്കെ ഇന്നും കൺമുന്നിൽ കാണാൻ കഴിയുന്നുണ്ട്. എത്രത്തോളം അന്ന് ഞാൻ സിനിമ ആസ്വദിച്ചു എന്ന് അറിയില്ല പക്ഷേ ആ വലിയ സ്ക്രീനിൽ ഞാൻ ശ്രദ്ധിച്ച ഒരേ ഒരു മുഖം മമ്മുക്കയുടെത് ആയിരുന്നു. കാരണം സിനിമ തുടങ്ങിയപ്പോൾ തന്നെ ചേട്ടൻ എന്നോട് പറഞ്ഞു “ദാ അതാ മമ്മൂട്ടി”എന്ന്. സിനിമയുടെ അവസാനം കടലിലേക്ക് നോക്കി നിലവിളിക്കുന്ന മമ്മൂക്കയെ ഇന്നും എനിക്ക് നല്ല ഓർമ്മയുണ്ട്. അതിനു ശേഷം ടിവിയിൽ ഒരുപാട് സിനിമകൾ കണ്ടു പക്ഷേ എന്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖത്തെ ആയിരുന്നു..വലിയ സ്ക്രീനിൽ ഞാൻ ആദ്യമായി കണ്ട ആ മുഖം. അങ്ങനെ ഞാൻ വളർന്നപ്പോൾ കൂടെ ഈ ആരാധനയും അങ്ങ് വളർന്നു.
ഇന്ന് മമ്മൂട്ടി എന്ന് കേട്ടാൽ ഒരുപക്ഷേ പലർക്കും മനസ്സിൽ വരുന്നത് ഷൈലോക്കിലെ അല്ലെങ്കിൽ മമ്മുക്കയുടെ പുതിയ ചിത്രത്തിലെ രൂപം ആയിരിക്കും..പക്ഷേ എനിക്ക് അന്നും ഇന്നും മമ്മൂട്ടി എന്ന് കേട്ടാൽ ഓർമ്മവരുന്നത് കളിയൂഞ്ഞാലിലെ ആ പഴയ മമ്മൂക്കയെ ആണ്. മനസ്സിലെ മായാത്ത ഓർമ്മകളുടെ പട്ടികയിൽ എന്നും മുൻനിരയിൽ തന്നെ കാണും ആ വലിയ സ്ക്രീനും ആ മുഖവും.
സ്നേഹത്തോടെ ആരാധനയോടെ ഹരി ✍️
