2019 അക്ഷരാർത്ഥത്തിൽ മമ്മൂട്ടിയുടെ വർഷമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. തമിഴും തെലുങ്കും മലയാളവുമായി നാലു വമ്പൻ വിജയചിത്രങ്ങളും പേരന്പ്, യാത്ര, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളുമായി മറ്റൊരു നടനും എത്തിപ്പിടിക്കാൻ കഴിയാത്തത്രയും ഉയരത്തിലാണ് ഇന്ന് മമ്മൂട്ടിയുടെ സ്ഥാനം.
കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയ്ക്ക്. ഒരു ഡസനോളം ചിത്രങ്ങളാണ് അണിയറയിൽ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. വമ്പൻ നിർമ്മാണ കമ്പനികൾ മുതൽ പുതുമുഖ നിർമ്മാതാക്കൾ വരെ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുകയാണ്. ഇതിനകം ‘ഉണ്ട’യിലൂടെ മലയാളത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം എന്ന റെക്കോർഡും മമ്മൂട്ടി സ്വന്തമാക്കുകയാണ്. ഉണ്ടയുടെ ജിസിസി വിതരണാവകാശം കമീഷൻ വ്യവസ്ഥയിൽ നല്കുക വഴി കോടികളാണ് ഈ ഇനത്തിൽ ലഭിക്കുക എന്നറിയുന്നു.
മധുരരാജ 100 കോടി ക്ലബ്ബിൽ കയറിയതിനു തൊട്ടുപുറകേയാണ് ഉണ്ട പോലൊരു റിയലിസ്റ്റിക് ചിത്രം ഗംഭീര അഭിപ്രായവും വമ്പൻ കളക്ഷനും നേടി ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നത്. ചിത്രം ഇതിനകം 25 കൊടിക്കുമേൽ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.
പതിനെട്ടാം പടി ജൂലൈ അഞ്ചിന്
ഉണ്ട തിയേറ്ററുകളിൽ നിറഞ്ഞോടവെയാണ് ഒരുപിടി പുതുമുഖങ്ങൾക്കൊപ്പം മമ്മൂട്ടി കെമിയോ റോളിൽ പ്രത്യക്ഷപ്പെടുന്ന പതിനെട്ടാം പടി എത്തുന്നത്. ജൂലൈ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന പതിനെട്ടാം പടിയിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തിന്റെ കിടിലം ലുക്ക് സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരുന്നു.
ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് നിർമ്മിക്കുന്നത്.
മാമാങ്കം പൂർത്തിയായി ;
ഡബ്ബിംഗ് ഇന്ന് തുടങ്ങി
മലയാളത്തിലെ ഏറ്റവും വലിയബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയുമായി ഒരുങ്ങുന്ന മാമാങ്കം മമ്മൂട്ടിയുടെ മറ്റൊരു ശ്രദ്ധേയമായ ചരിത്ര സിനിമയായി മാറും. തിരുനാവായ മണപ്പുറത്തു പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്ക മഹോത്സവവും അതിലെ ചാവേർ പോരാളികളുടെ കഥയും പറയുന്ന മാമാങ്കത്തിൽ സാമുതിരി രാജാവിനെ വധിക്കാൻ എത്തുന്ന ചാവേർ പടയാളികളുടെ തലവനായാണ് മമ്മൂട്ടി എത്തുന്നത് എന്നാണറിയുന്നത്. കഥാപാത്രത്തിന്റെ പേരോ ചിത്രത്തിന്റെ മറ്റു വിശേഷങ്ങളോ അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോടികൾ ചെലവഴിച്ചു എറണാകുളം മരടിൽ ഇരുപത്തിയഞ്ചോളം ഏക്കറിൽ തീർത്ത കൂറ്റൻ സെറ്റിലാണ് മാമാങ്കത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മമ്മൂട്ടി വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന പ്രത്യക്ഷപ്പെടുന്ന മാമാങ്കത്തിലെ വേഷം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും. ഗംഭീര ഷോട്ടുകളും വ്യത്യസ്തമായ ട്രീറ്റ്‌മെന്റുമായി എം പദ്മകുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവാകും ഈ സിനിമ എന്നാണു വിലയിരുത്തുന്നത്. പ്രമുഖ പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചരിത്ര സിനിമ നവംബറിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ ഡബ്ബിംഗ് കൊച്ചിയിൽ തുടങ്ങി. ചിത്രത്തിന്റെ മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മുംബൈയിലും വിദേശങ്ങളിലുമായി നടക്കും.
ഗാനഗന്ധർവൻ തൃശൂരിൽ പുരോഗമിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. കോമഡിക്കും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ഫാമിലി എന്റർടൈൻമെന്റിൽ ഗാനമേള പാട്ടുകാരനായ കലാസാദൻ ഉല്ലാസ് എന്ന രസകരമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. സെപ്തംബറിൽ ആന്റോ ജോസഫ് ഫിലിം കമ്പനി ഗാനഗന്ധർവൻ തിയേറ്ററുകളിൽ എത്തിക്കും.
അജയ് വാസുദേവ് ചിത്രം ജൂലൈയിൽ
രാജാധിരാജ, മാസ്റ്റർപീസ് എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രതിന്റെ പൂജയും ഒരു ദിവസത്തെ ചിത്രീകരണവും ജൂലൈ 16-നു കൊച്ചിയിൽ നടക്കും. തുടർന്നുള്ള ചിത്രീകരണം ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും. വൻ വിജയം നേടിയ അബ്രഹാമിന്റെ സന്തതികൾക്കു ശേഷം ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു മാസ്സ് ആക്‌ഷൻ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രത്യേക ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ബിലാലിക്കയുടെ രണ്ടാം വരവ്
ആരാധകരെ ആവേശം കൊണ്ട് വീർപ്പുമുട്ടിച്ച ബിലാലിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. അമൽ നീരദ് ഒരുക്കിയ കിടു കില്ലാഡി ബിലാൽ രണ്ടാമതും അവതരിക്കുന്ന ബിഗ് ബി 2 ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കത്തക്കവിധം അണിയറയിൽ വർക്കുകൾ പുരോഗമിക്കുകയാണ്. തിയേറ്ററുകൾ പൂരപ്പറമ്പുകളാക്കി മാറ്റാൻ കെല്പുള്ള ബിലാലിന്റെ മാസ്സ് റീ എൻട്രി അതിഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് അമൽ നീരദും സംഘവും.
സിബിഐ -5
ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ തുടർച്ചയായ അഞ്ചു ഭാഗങ്ങൾ.. ലോക സിനിമയിൽ തന്നെ ഇത്തരത്തിൽ ഒന്ന് ആദ്യമാകും. അത്തരമൊരു അപൂർവ നേട്ടത്തിന് സാക്ഷ്യം വഹിച്ചു ഗിന്നസ് റെക്കോർഡിൽ തന്നെ ഇടം പിടിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
1988-ൽ കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ മധു -എസ് എൻ സ്വാമി ടീം. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന CBI -5 ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കത്തക്കവിധം അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സ്റ്റൈലിഷ് ഡോൺ, അമീർ
അതിരാത്രം, സാമ്രാജ്യം… ഈ രണ്ടു സിനിമകൾ മതി മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റൈലിഷ് ഡോൺ കഥാപാത്രങ്ങളെ അടയാളപ്പെടുത്താൻ. ആ ശ്രേണിയിലേക്ക് മറ്റൊരു മമ്മൂട്ടി കഥാപാത്രം കൂടി എത്തുന്നു, അമീർ.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അധോലോക നായകനായി മമ്മൂട്ടി എത്തുന്ന അമീറിനുവേണ്ടി തൂലിക ചലിപ്പിക്കുന്നത് ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ സ്റ്റൈലിഷ് കഥാപാത്രങ്ങളെ മമ്മൂട്ടിക്കു സമ്മാനിച്ച ഹനീഫ് അദേനിയാണ്. വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന “അമീർ’ പൂർണ്ണമായും ദുബൈയിലാണ് ചിത്രീകരിക്കുന്നത്. ആന്റോ ജോസഫാണ് നിർമ്മാണം.
മുഖ്യമന്ത്രി ആകാൻ മമ്മൂട്ടി
തമിഴ്നാട് മുഖ്യമന്ത്രിയായി മമ്മൂട്ടി തകർത്തഭിനയിച്ചു തമിഴിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ആർ കെ ശെൽവമണി സംവിധാനം ചെയ്തു മക്കൾ ആട്ചി. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ഒരു സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്.
സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി ടീം ആദ്യമായി മമ്മൂട്ടിക്കുവേണ്ടി തൂലിക ചലിപ്പിക്കുന്ന ഈ സിനിമയിലൂടെ മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഒരു കഥഒത്രത്തെയാണ് തങ്ങൾ മമ്മൂട്ടിക്കുവേണ്ടി ഒരുക്കുന്നത് എന്ന് തിരക്കഥാകൃത്തുക്കൾ വെളിപ്പെടുത്തുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രവും മമ്മൂട്ടി പ്രോജക്ടുകളിലുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുഞ്ഞാലി മരക്കാർ വരും.. !
ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ രൂപം കൊണ്ടും ഭാവം കൊണ്ടും അഭിനയമികവുകൊണ്ടും മമ്മൂട്ടിയോളം പോന്നൊരു നടൻ നമുക്കില്ല. ചന്തുവാകട്ടെ, പഴശ്ശിരാജയാകട്ടെ, അംബേദ്കർ ആകട്ടെ, ഏറ്റവും ഒടുവിലായി മാമാങ്കത്തിലെ ചാവേർ പടയാളിയാകട്ടെ, ചരിത്ര കഥാപാത്രങ്ങൾ എന്നും മമ്മൂട്ടിയെ തേടിയെത്തിയ ചരിത്രമാണുള്ളത്.
പോർച്ചുഗീസുകാരോട് പടപൊരുതിയ സാമൂതിരിയുടെ പടത്തലവൻ കുഞ്ഞാലി മരക്കാരുടെ ചരിത്രം മമ്മൂട്ടിയിലൂടെ അഭ്രപാളിയിൽ പകർത്താൻ ഒരുങ്ങുകയാണ് ആഗസ്റ്റ് സിനിമാസും ഗുഡ് വിൽ എന്റെർറ്റൈന്മെന്റും ചേർന്ന്. മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന കുഞ്ഞാലിമരക്കാർ നാലാമന്റെ വിശദ വിവരങ്ങൾ താമസിയാതെ അനൗൺസ് ചെയ്യും. ശങ്കർ രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും ചില വമ്പൻ പ്രോജക്ടുകൾ മമ്മൂട്ടിയെ കാത്തിരിപ്പുണ്ട്. വിജയ് സേതുപതി, നയൻതാര തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഒരു ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നു.