2020 ആദ്യമെത്തിയ നാലു ചിത്രങ്ങൾ സൂപ്പർ ഹിറ്റ് !
വർഷാദ്യത്തിൽ എത്തുന്ന ചിത്രങ്ങൾ വൻ വിജയം നേടാറില്ല എന്ന പതിവ് പല്ലവികളെ തകർത്തെറിഞ്ഞുകൊണ്ടാണ് മലയാള സിനിമ 2020ന്റെ തുടക്കം ഗംഭീരമാക്കിയത്. ഈ വർഷം ജനുവരിയിൽ എത്തിയ രണ്ട് ചിത്രങ്ങളുടെ തകർപ്പൻ വിജയത്തോടെയാണ് 2020ന്റെ തുടക്കം.
അഞ്ചാം പാതിര എന്ന സൈക്കോ ത്രില്ലർ നേടിയ അപ്രതീക്ഷിത വിജയത്തോടെ ആയിരുന്നു പുതുവർഷം ആരംഭിച്ചത്. തുടർന്നു വന്ന മമ്മൂട്ടിയുടെ ഷൈലോക്ക് മാസ് ഹിറ്റായി മാറി. ഫെബ്രുവരി തുടക്കത്തിൽ എത്തിയ വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നിവതിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ മലയാള സിനിമാ ലോകം ആവേശത്തിലാണ്.
സൂപ്പർ ത്രില്ലർ
അഞ്ചാം പാതിരാ.
കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കിയ അഞ്ചാം പാതിര മലയാളത്തിൽ ഇറങ്ങിയ സൈക്കോ ത്രില്ലറുകളിൽ മുന്നിട്ടുനിൽക്കുന്നു. പ്രേക്ഷകരെ ആദ്യാവാസനം വരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തുന്ന ഈ സിനിമ കുടുംബ പ്രേക്ഷകർ കൂടി ഏറ്റെടുത്തതോടെ വമ്പൻ വിജയമായി മാറി. 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന 2020-ലെ ആദ്യ ചിത്രമായി അഞ്ചാം പാതിര. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.
മാസ് ഷൈലോക്ക്
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് ഗംഭീരമായ ഇനീഷ്യൽ കളക്ഷനോടെ ബോക്സ്ഓഫീസിൽ പ്രകമ്പനം കൊള്ളിച്ചു. ഔട്ട് ആൻഡ് ഔട്ട് ഒരു മമ്മൂട്ടി മെഗാ ഷോ ആയി മാറിയ സിനിമ ആരാധകർക്ക് ഒരു ഉത്സവം തന്നെ ആയിരുന്നു. പ്രത്യേക ലുക്കിലും പുതിയ മാനറിസങ്ങളോടെയും ബോസ്സ് എന്ന കഥാപാത്രത്തെ മാസ് ആക്കി മാറ്റിയ മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസ് തന്നെയാണ് ഷൈലോക്കിന്റെ കരുത്ത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയ ഷൈലോക്ക് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് നിർമ്മിച്ചത്.
കുടുംബ പ്രേക്ഷകർക്ക്
വരനെ ആവശ്യമുണ്ട്…
വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ശക്തമായ തിരിച്ചുവരവിനാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ സാക്ഷ്യം വഹിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നിർമ്മാതാവിന്റെ റോളിലും എത്തി. ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവരുടെ സാന്നിധ്യവും സിനിമയ്ക്ക് മൈലേജ് നൽകി. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ഈ സിനിമ റിലീസിനു മുൻപ് തന്നെ വ്യകതമായ ലാഭം നേടിയിരുന്നു.
ആവേശമായി
അയ്യപ്പനും കോശിയും.
അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി സംവിധാനരംഗത്തേക്ക് കടന്നുവന്ന തിരക്കഥാകൃത്ത് സച്ചിയുടെ അയ്യപ്പനും കോശിയും തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ചു മുന്നേറുകയാണ്. അയ്യപ്പൻ നായരുടെയും കോശിയുടെയും ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ഈ ചിത്രം വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം വമ്പൻ വിജയത്തിലേക്കാണ് നീങ്ങുന്നത്.