മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ നവാഗത സംവിധായകരെ പരിചയപ്പെടുത്തിയ നടൻ എന്ന റെക്കോർഡ് മമ്മൂട്ടിയുടെ പേരിൽ ആയിരിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങൾ തന്നെ എടുത്താൽ മമ്മൂട്ടി പരിചയപ്പെടുത്തിയ നവാഗത സംവിധായകരുടെ എണ്ണം ഒരു റെക്കോർഡ് തന്നെയാണ്. ഇതിൽ 2018-ൽ മമ്മൂട്ടി അഭിനയിച്ച എല്ലാ സിനിമകളും പുതുമുഖ സംവിധായകരുടെതായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുമുഖ യുവ സംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത് എന്ന് കാണാം. ഈ കാലയളവിൽ ഒന്നും സീനിയർ സംവിധായകരുടെ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ സീനിയർ സംവിധായകരുടെതായി മമ്മൂട്ടി അഭിനയിച്ച ചിത്രം കമലിന്റെ ഉട്ടോപ്യയിലെ രാജാവാണ്. 2015 ആഗസ്റ്റിലാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
എന്നാൽ 2020ൽ ഏതാനും സീനിയർ സംവിധായകർക്ക് മമ്മൂട്ടി ഡേറ്റ് നൽകിക്കഴിഞ്ഞു. ജോഷി, സത്യൻ അന്തിക്കാട്, കെ മധു, ഹരിഹരൻ തുടങ്ങിയ സീനിയർ സംവിധായകരുടെ ചിത്രങ്ങളിൽ അടുത്തവർഷം മമ്മൂട്ടി അഭിനയിക്കും.
സിബിഐ ഡയറിക്കുറിപ്പ് സീരിസ് ചിത്രങ്ങളുടെ അഞ്ചാം ഭാഗം ഒരുക്കിക്കൊണ്ട് കെ മധു വർഷങ്ങൾക്കുശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും ഒന്നിക്കുന്നു. കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാം തവണയും ഒന്നിക്കുമ്പോൾ അത് ലോക സിനിമയിൽ തന്നെ ഒരു റെക്കോർഡ് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായി ഒരു ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങൾ ഒരുക്കുക എന്നത് അപൂർവ്വ റെക്കോഡാണ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്കുശേഷം സ്വർഗ്ഗചിത്ര മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് വീണ്ടും സജീവമാകുകയാണ് ഈ ചിത്രത്തിലൂടെ.
22 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ പുതുമയാർന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.
ഒട്ടനവധി സൂപ്പർ മെഗാ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ജോഷി മമ്മൂട്ടി ടീം വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രവും 2020 ഉണ്ടാകും. 2008 ൽ ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി20യ്ക്ക് ശേഷം ജോഷിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നു. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
പഴശ്ശിരാജയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം ഹരിഹരനും മമ്മൂട്ടിയും ഒന്നിക്കുന്നതായ സൂചനകളും ലഭിക്കുന്നുണ്ട്. മാമാങ്കം ഓഡിയോ ലോഞ്ച് ചടങ്ങിൽവച്ചു ഹരിഹരൻ താൻ മമ്മൂട്ടിയ്ക്കുവേണ്ടി കാത്തിരിക്കുന്നതായ ചില സൂചനകൾ നൽകിയിരുന്നു. ആ വാർത്ത സംഭവിക്കുകയാണെങ്കിൽ 2020-ൽ ഒരു ബ്രഹ്മാണ്ഡ സിനിമ ഈ ടീമിൽ നിന്നും ഉണ്ടാകും.
ഭാസ്കർ ദി റാസ്കൽ നു ശേഷം സിദ്ദീഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രവും താമസിയാതെ ഉണ്ടാകും.
മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കമാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബർ 21 ലോക വ്യാപകമായി ചിത്രം പ്രദർശനത്തിനെത്തും. ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ.
