മലയാളം കണ്ട എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ സിനിമ എന്ന വിശേഷണത്തിന് അർഹമായ ‘ഒരു CBI ഡയറി കുറിപ്പ്’ വെള്ളിത്തിരയിലെത്തിയിട്ട് 32 വർഷങ്ങൾ. K. മധു. – S. N സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ CBI ഡയറി കുറിപ്പ് 1988 ഫെബ്രുവരി 18 നാണ് റിലീസായത്. കുറ്റാന്വേഷണ സിനിമകളുടെ നിരയിലെ നാഴികക്കല്ലായ CBI ഡയറി കുറിപ്പിന് മൂന്ന് തുടർഭാഗങ്ങളും ഉണ്ടായി. ജാഗ്രത (1989), സേതുരാമയ്യർ സി.ബി ഐ (2004), നേരറിയാൻ സി.ബി ഐ (2005) എന്നീ ചിത്രങ്ങളിലൂടെ സേതുരാമയ്യരും കൂട്ടരും പ്രേക്ഷകമനം കവർന്നു. ബോക്സ് ഓഫീസിലും വിജയ ചരിത്രം പിന്തുടർന്ന സി.ബി.ഐ സീരിയസിലെ അഞ്ചാം ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകനും തിരക്കഥാകൃത്തും നായകനും ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിൽ ഒരുമിക്കുന്ന അപൂർവ്വതയ്ക്കുകൂടിയാണ് ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കുന്നത്.
മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ടാണ് ഈ ചിത്രം യാഥ്യാര്‍ത്ഥ്യമായതെന്നാണ് സി.ബി.ഐ സീരിയസിലെ അഞ്ചാം ഭാഗം അനൗൺസ് ചെയ്തപ്പോൾ സംവിധായകൻ കെ.മധു പറഞ്ഞത്.ആദ്യ സിനിമയില്‍ തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാന്‍ എന്ന പേരായിരുന്നു ആദ്യം നല്‍കിയത്.മമ്മൂട്ടിയാണ് കഥാപാത്രത്തിന്റെ പേര് സേതുരാമയ്യര്‍ എന്ന് മാറ്റിയത്.ഈ കഥാപാത്രം പിന്നിലേക്ക് കൈക്കെട്ടിയാണ് നടക്കുന്നത്. അതും മമ്മൂട്ടിയുടെ സംഭാവനയായിരുന്നു. മുൻ ഭാഗങ്ങളിൽ നിന്ന് വ്യസ്ത്യസ്തമായ അവതരണ രീതിയിലായിരിക്കും സി.ബി.ഐ – 5 പ്രേക്ഷകരുടെ മുന്നിലെത്തുകയെന്നും ഒരുപുതിയ ദൃശ്യാനുഭവമായിരിക്കും സിനിമ സമ്മാനിക്കുകയെന്നും തിരക്കഥാകൃത്ത് എസ് .എൻ സ്വാമി സൂചിപ്പിച്ചിരുന്നു.
സുരേഷ് ഗോപി, മുകേഷ്, ജഗതി ശ്രീകുമാർ, ജനാർദനൻ, സുകുമാരൻ, സായി കുമാർ, പ്രതാപ ചന്ദ്രൻ തുടങ്ങിയവർ സി.ബി.ഐ സീരിയസിലെ മുൻ ഭാഗങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയിരുന്നു. അപകടത്തെത്തുടർന്ന് സിനിമയിൽ സജീവമല്ലാത്ത ജഗതി ശ്രീകുമാർ സി.ബി.ഐ – 5 യുടെ ഭാഗമാകുമെന്ന് അദ്ദേഹത്തിന്റെ മകൻ രാജ്‌കുമാർ സൂചിപ്പിച്ചിരുന്നു.ശ്യാമിന്റെ മാന്ത്രിക സംഗീതമാണ് സി.ബി.ഐ ചിത്രങ്ങളുടെ മറ്റൊരു സവിശേഷത. മൂന്നു പതിറ്റാണ്ടിന് ശേഷവും സി.ബി.ഐ യുടെ ബി.ജി.എമ്മിന് ആരാധകർ ഏറെയാണ്.
തികച്ചും ശാന്തമായി, യാഥാർത്ഥ്യത്തോട് ചേർന്ന് നിന്നുകൊണ്ട് കുറ്റകൃത്യത്തിന്റെ നാനാവശങ്ങളിലേക്ക് ശാസ്ത്രീയമായി ആഴ്ന്നിറങ്ങുന്ന സേതുരാമയ്യർ (മമ്മൂട്ടി) എന്ന സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ മലയാള സിനിമയിൽ ചരിത്രം തന്നെ സൃഷ്ടിച്ചു. കഥാപാത്ര വൈവിധ്യങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന മമ്മൂട്ടി മാജിക്കിന്റെ അസംഖ്യം ഉദാഹരണങ്ങളിൽ ഒന്ന് തന്നെയാണ് സേതുരാമയ്യർ.തനിയാവർത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, സംഘം, 1921 തുടങ്ങിയ സിനിമകളിലെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളായി പ്രേക്ഷകരേയും നിരൂപകരേയും ഒരേപോലെ വിസ്മയിപ്പിച്ച കാലഘട്ടത്തിൽ തന്നെയാണ് ഇവയിൽ നിന്നൊക്കെ വേറിട്ട സേതുരാമയ്യരെ മമ്മൂട്ടി ആദ്യമായി വെളളിത്തിരയിൽ അവതരിപ്പിച്ചത്.മണി സാർ, മധുരരാജ, അമുദവൻ, വൈ എസ് ആർ, ഷൈലോക്ക്, കടയ്ക്കൽ ചന്ദ്രൻ തുടങ്ങി മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ കഴിയാത്തത്ര വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ തന്റെ അജയ്യമായ അഭിനയയാത്ര തുടരുമ്പോഴാണ് ഈ കഥാപാത്രങ്ങളിൽ നിന്നൊക്കെ തികച്ചും വേറിട്ട സേതുരാമയ്യരായി മലയാളത്തിന്റെ മഹാനടൻ അഞ്ചാമതും പ്രേക്ഷക സമക്ഷം എത്തുന്നത്. തന്നിലെ അഭിനേതാവിനെ സ്വയം നവീകരിക്കാൻ നിരന്തരം ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി. നാനൂറോളം വേഷപ്പകർച്ചകൾ വെളളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടി, സമാനമായ കഥാപാത്രങ്ങളിൽ പോലും മാനറിസങ്ങളിലും സംഭാഷണ രീതികളിലും പുതുമകൾ കൊണ്ടുവരുന്നതിൽ വിജയിക്കുന്ന അഭിനേതാവാണ്. പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കഥാപാത്രത്തെ പുനരവതരിപ്പിക്കുവാനുള്ള വെല്ലുവിളി മൂന്നു പതിറ്റാണ്ടിന് ശേഷവും ഏറ്റെടുക്കുവാൻ ഒരു മഹാനായ അഭിനേതാവിന് മാത്രമേ സാധിക്കുകയുള്ളു. പുതുമയുള്ള കഥാപാത്രങ്ങളായി വ്യത്യസ്തമാർന്ന അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുവാൻ സാധികാത്ത, പഴയ കഥാപാത്രങ്ങളുടെ ആവർത്തനങ്ങൾ പോലും പരാജയങ്ങളായി മാറുന്ന സമകാലികരായ അഭിനേതാക്കൾക്കിടയിൽ ഓരോ ചലച്ചിത്ര പ്രേമിക്കും അഭിമാനിക്കാവുന്ന അഭിനയ വിസ്‌മയമായി നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി.

സിനിമയുടെ നിർമാണ, അവതരണ രീതികളിലും പ്രേക്ഷകാഭിരുചികളിലും ഏറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വർത്തമാനകാലത്ത് അവയ്ക്ക് അനുസൃതമായ കഥപറച്ചിലും അവതരണവുമായി സാങ്കേതികമായും പുതിയ കാലത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ സി.ബി ഐ -5 വെളളിത്തിരയിൽ എത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
