Connect with us

Hi, what are you looking for?

Latest News

തമിഴ് ബോക്സ് ഓഫീസിനെ ഞെട്ടിച്ച ‘മക്കൾ ആട്ചി’ വെള്ളിത്തിരയിലെത്തിയിട്ട് 25 വർഷങ്ങൾ!

മലയാള സിനിമയുടെ പെരുമ അന്യഭാഷകളിലും നിറച്ച കഥാപാത്രങ്ങൾ വെളളിത്തിരയിൽ അനശ്വരമാക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. തമിഴിലും, തെലുഗിലും മമ്മൂട്ടി സിനിമകളും കഥാപാത്രങ്ങളും നേടിയ ജനപ്രീതി വളരെ വലുതാണ്. പ്രേക്ഷകരും നിരൂപകരും ഒരു പോലെ വാഴ്ത്തിയ, ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ നേടിയനിരവധി അന്യഭാഷാ ചിത്രങ്ങൾ ഇന്നും അതാത് ഭാഷകളിൽ ചർച്ചചെയ്യപ്പെടുന്നവകൂടിയാകുന്നത് മമ്മൂട്ടിയുടെ പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ കൊണ്ട് മാത്രമാണ്. ദളപതി, അഴകൻ, മക്കൾ ആട്ചി, കണ്ടു കൊണ്ടേൻ, കണ്ടു കൊണ്ടേൻ, കാർമേഘം,മറുമലച്ചി,മൗനം സമ്മദം,അരശിയൽ , പേരൻപ് തുടങ്ങിയ മമ്മൂട്ടി സിനിമകൾ എക്കാലവും തമിഴ് പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.1990 ൽ പുറത്തിറങ്ങിയ ‘മൗനം സമതം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ കോളിവുഡ് പ്രവേശനത്തിന് വഴിയൊരുക്കിയത് സി.ബി.ഐ ഡയറിക്കുറിപ്പ് തമിൾനാട്ടിൽ ‌ നേടിയ വലിയ സ്വീകാര്യതയാണ്. ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകരിൽ ഒരാളായ കെ.ബാലചന്ദർ ഒരുക്കിയ ‘അഴഗൻ’ എന്ന സിനിമയിലൂടെ തമിഴിൽ തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയ മമ്മൂട്ടി രജനികാന്തിനും മണിരത്നത്തിനുമൊപ്പം ഒരുമിച്ച ‘ദളപതി’ ബോക്സ് ഓഫീസിൽ പുതു ചരിത്രം സൃഷ്ട്ടിച്ചു.

1995 ൽ ആർ‌.കെ ശെൽ‌വമണി സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മക്കൾ ആട്ചി’ യിലെ സേതുപതി എന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രം മമ്മൂട്ടിക്ക് തമിഴ്‌നാട്ടിൽ ആരാധകവൃന്ദം വർധിപ്പിക്കുന്നതിനും ഇടയാക്കി.രജനീകാന്തിന്റെ ‘മുത്തു’ എന്ന ചിത്രത്തിനൊപ്പം എത്തിയ ‘മക്കൾ ആട്ചി’ ബോക്സ് ഓഫീസിൽ ‘മുത്തു’വിനെക്കാൾ വലിയ വിജയമായി മാറി തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചു. ‘എന്റെ നാട്’ എന്ന ടൈറ്റിലിൽ ഈ സിനിമ മലയാളത്തിലും എത്തിയിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുന്നതിൽ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കയ്യടക്കം അദ്ദേഹത്തെ അന്യഭാഷകളിൽ ഏറ്റവും പ്രിയപ്പെട്ട മലയാള നടനായി മാറ്റി എന്നതാണ് വസ്തുത.സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത്കൊണ്ട് കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി നിതാന്ത പരിശ്രമം നടത്തുന്ന അഭിനേതാവ് എന്ന നിലയിൽ മറ്റ് നടീ നടന്മാർക്കും മാതൃകയാകാൻ മലയാളത്തിന്റെ മഹാനടന് സാധിക്കുന്നു. മമ്മൂട്ടിച്ചിത്രങ്ങൾ നൂറ് ദിവസങ്ങൾ പിന്നിട്ട് അന്യഭാഷകളിൽ തകർത്തോടിയത് മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരവും ആദരവും കൂടിയായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.’മക്കൾ ആട്ചി’ വെള്ളിത്തിരയിൽ വിസ്മയം തീർത്തിട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും തമിഴ് സിനിമാ ലോകം മമ്മൂട്ടിയിലെ അഭിനേതാവിൽ അർപ്പിക്കുന്ന വിശ്വാസത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല. തമിഴിലെ പ്രശസ്ത യുവ സംവിധായകൻ റാം തന്റെ ‘പേരൻപി’ൽ ഏറെ അഭിനയ മികവ് ആവശ്യപ്പെടുന്ന അമുദവൻ എന്ന നായക വേഷത്തിലേക്ക് ക്ഷണിച്ചത് മമ്മൂട്ടിയെയാണ്.അന്തർദേശീയ ചലച്ചിത്ര മേളകളിലടക്കം പേരൻപും അമുദവനും ചർച്ചയാവുകയും പ്രേക്ഷകരും നിരൂപകരും മമ്മൂട്ടി എന്ന അഭിനയ വിസ്മയത്തിന് ആദരവ് അർപ്പിക്കുകയും ചെയ്തു. തന്നിലെ അഭിനേതാവിനെ സ്വയം നവീകരിക്കാൻ എക്കാലവും പരിശ്രമിക്കുന്ന, കഠിനാദ്ധ്വാനവും പരീക്ഷണോത്സുകതയും സ്ഥിരോത്സാഹവും കൊണ്ട് ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾ അതിസമർഥമായി ഭേദിക്കുന്ന മലയാളത്തിന്റെ മഹാനടന് തമിഴ് ചലച്ചിത്ര ലോകം നൽകിയ വിശേഷണം മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്നതാണ് – ‘ദി ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ’

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles