ദിലീപും ബി.ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിച്ച കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ഫെബ്രുവരി 27 വരെ കേരളത്തിൽ നിന്ന് മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ഷെയർ വന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച കളക്ഷനാണ് ലഭിക്കുന്നതെന്ന് ബി.ഉണ്ണികൃഷ്ണൻ മമ്മൂട്ടി ടൈംസിനോട് പറഞ്ഞു. ദിലീപിനെ ഏറ്റവും ജനപ്രിയമാക്കുന്ന ഘടകങ്ങളും എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ തന്റെ സിനിമാ രീതികളും സന്നിവേശിപ്പിച്ചപ്പോഴാണ് കോമഡിയിൽ തുടങ്ങി ത്രില്ലറിലേക്ക് മാറുന്ന രീതിയിൽ സിനിമ അവതരിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലിൽ നിന്ന് ദിലീപിലേക്ക് എത്തിയ കഥാപാത്രമാണ് ബാലൻ വക്കീൽ. തികഞ്ഞ കയ്യടക്കത്തോടെ ബാലൻ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. വിക്ക് എന്നത് ഒരു വൈകല്യം എന്ന നിലയിൽ അല്ലാതെ അത്തരം ഒരു പരിമിതിയിൽ നിന്ന് വിജയം കൈവരിക്കുന്ന നായക കഥാപാത്രമായാണ് ബാലൻ വക്കീലിനെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ് അവതരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ, രസകരമായ കഥാപാത്രത്തിന് ലഭിക്കുന്ന ഗംഭീര സ്വീകരണവും ഏറെ സന്തോഷം പകരുന്നതാണ്.
എല്ലാ വിഭാഗം പ്രേക്ഷകരുടെയും പിന്തുണ നേടി മുന്നേറുന്ന സിനിമ ഇതര ഭാഷകളിലും എത്തുമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷ്ണൻ ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ വരുമെന്ന് കരുതുന്നുവെന്നും പറഞ്ഞു സോഷ്യൽ മീഡിയയിയിലെ ചില കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ – “ആരോഗ്യപരമായ വിമർശനങ്ങൾ എല്ലാക്കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കടുത്ത അധിക്ഷേപങ്ങളും മറ്റും പെരുമാറ്റപരമായ വൈകല്യങ്ങൾ എന്നേ പറയാനുള്ളു”. മോഹൻലാലുമായി വീണ്ടും ഒരുമിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു മാസത്തിനകം പങ്കുവെയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു
