ജയരാജ് – രഞ്ജിത്ത് – മമ്മൂട്ടി കൂട്ട്കെട്ടിൽ പിറന്ന ജോണി വാക്കർ വെള്ളിത്തിരയിൽ എത്തിയിട്ട് 30 വർഷങ്ങൾ. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ ചിത്രവും അതിലെ കഥാപാത്രങ്ങളും പാട്ടുകളുമെല്ലാം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെ. മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷം കൊണ്ടുകൂടി വലിയ പ്രീ പബ്ലിസിറ്റി നേടിയ ജോണി വാക്കർ വമ്പൻ ഹൈപ്പിൽ റിലീസായി മികച്ച ഇനീഷ്യൽ കളക്ഷൻ സ്വന്തമാക്കി.കൊറിയോഗ്രാഫറായി പ്രഭുദേവയാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്.എസ്.പി.വെങ്കിടേഷ് – ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി. ബാംഗ്ലൂരിലെ കോളേജ് കാംപസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ജോണി വാക്കറിൽ ഡ്രഗ്ഗ് മാഫിയയുമായുള്ള നായകന്റെ പോരാട്ടമാണ് ഇതിവൃത്തം . കമാൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധേയമായി.
നിരവധി സിനിമാ ആസ്വാദകരും ആരാധകരും ഇന്ന് ഈ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുAmi Bhaijaan എന്ന ആസ്വാദകൻ ജോണി വാക്കറിനെക്കുറിച്ച് m3db യിൽ പങ്കുവെച്ച കുറിപ്പിൽ നിന്ന് – “ബോബിക്ക് ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ ട്രൈ ചെയ്ത് പങ്ക് വെച്ചു കഴിച്ചും നേരം വെളുക്കും വരെ വയർ നിറച്ച് ജോണി വാക്കർ വിസ്‌ക്കിയടിച്ചും അവന് വേണ്ടി പീയാനോ പ്ലേ ചെയ്തും കുന്നും മലകളും താണ്ടിയുള്ള അഡ്വഞ്ചർ ഡ്രൈവ് ചെയ്തും അവസാനം വെക്കേഷൻ കഴിഞ്ഞു പിരിയുമ്പോൾ ബോബിയെ തെറി പറഞ്ഞും യാത്രയാക്കുന്ന ജോണിയുടെ കണ്ണുകൾ ഇത്തവണ പതിവ് തെറ്റിച്ച് ഇമോഷണലായി അറിയാതെ നിറയുന്നുണ്ട് ശബ്ദം ഇടറുന്നുണ്ട് .നന്നായി പഠിക്കണമെന്നും ആരോഗ്യം നോക്കണമെന്നും ബോബിയോട് പറയുമ്പോൾ ചെറുപ്പത്തിൽ എങ്ങോ മങ്ങിയ ഓർമ്മയിൽ മാത്രം കണ്ടിട്ടുള്ള മമ്മയുടെ പ്രസൻസ് അവിടെയെല്ലാം ബോബിക്ക് കിട്ടുന്നുണ്ട്.
തന്റെ കാഴ്ച്ചകളും ലൈഫ് സ്റ്റൈലും എല്ലാം മനോഹരമായി ഡിസൈൻ ചെയ്ത് ജോണീസ് ഗാർഡന്റെ നടുക്ക് ജീവിതം സെലിബ്രേറ്റ് ചെയ്യുന്ന അയാൾക്കറിയാം ഇനി തന്റെ കാഴ്ച്ചകൾക്കും ആഘോഷങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട ബോബിക്കും ഇടയിൽ ഇരുട്ട് വന്നു മൂടാനുള്ള സമയമായെന്ന്.
അത് കൊണ്ട് തന്നെ ജീവിതത്തിൽ ആദ്യമായി അവർക്കിടയിൽ കൂട്ടുകാരന്റെ വേഷം അഴിച്ചു മമ്മയും പപ്പയുമാകുന്നുണ്ട് ജോണി.കാഴ്ച്ചകൾ നിലയ്ക്കും വരെ ബോബിക്കും കൂട്ടുകാർക്കുമൊപ്പം ജീവിതം ആഘോഷിക്കാൻ വേണ്ടിയാണ് ബാംഗ്ലൂരിൽ അവരുടെ കോളേജിൽ അഡ്മിഷൻ എടുക്കുന്നത്.
തന്നെ ശകാരിക്കാനും ഉപദേശിക്കാനും ഈ ഭൂമിയിൽ ലൈസൻസുള്ള ഏക വ്യക്തി കുട്ടപ്പായി ക്ലാസ്സ് റൂമിൽ നിന്നിറക്കി കള്ള് കൂടുതൽ ആണെന്നും നേരത്തിനു വല്ലതും കഴിക്കണമെന്നും പറയുമ്പോൾ തിരിച്ചൊന്നും പറയാതെ കുട്ടപ്പായി നടന്നകലുന്നതും നോക്കിയിരിക്കുന്ന ജോണി.
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് രംഗങ്ങൾ ❤❤
ജോണിവാക്കർ എന്ന് ബോബിയുടെ ഫ്രണ്ട്‌സ് കളിയാക്കി വിളിക്കുന്നതാണെങ്കിലും തന്റെ പ്രിയപ്പെട്ട ബ്രാന്റുമായി ജോണിയുടെ ലൈഫും ബന്ധപ്പെട്ട് കിടക്കുന്നുണ്ട് ഒരർത്ഥത്തിൽ.
ജോണി വാക്കർ ബ്രാന്റിന്റെ ഉടമ ജോൺ വാക്കറിന്റ അച്ഛൻ വലിയ ഫാമൊക്കെയുള്ള ഒരു കർഷകൻ ആയിരുന്നു.ജോണിന്റെ ചെറുപ്പത്തിൽ അദ്ദേഹം മരിക്കുകയും പിന്നീട് സ്വന്തം മിടുക്ക് കൊണ്ട് വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്ത ജോൺവാക്കറിന്റെ ജീവിതം എവിടെയോ ജോണിയുടെ ജീവിതവുമായും സാമ്യം തോന്നുന്നുണ്ട്.ബ്ലാക്ക് ലേബൽ വിസ്‌ക്കി പോലെ ഈ സിനിമയും മമ്മൂട്ടിയും ഓരോ ഡ്രിങ്കും ആസ്വദിച്ചു സിപ്പ് ചെയ്യുമ്പോൾ കിട്ടുന്ന തണുപ്പുള്ള ലഹരിയും കിക്കും നമ്മളേയും ജോണിവാക്കർ ബ്രാന്റിന്റെ അഡിക്റ്റാക്കി മാറ്റും”