സത്യൻ അന്തിക്കാട് – മമ്മൂട്ടി ടീമിന്റെ സിനിമകൾ എണ്ണത്തിൽ അധികമില്ലെങ്കിലും പ്രേക്ഷകർ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. മെഗാ സ്റ്റാർ ബെൻ നരേന്ദ്രൻ എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിച്ച അർത്ഥം റിലീസ് ചെയ്തിട്ട് 32 വർഷം പിന്നിടുന്നു. തമിഴ് എഴുത്തുകാരായ ശുഭയുടെ മൂലകൃതിയിൽ നിന്നും സ്വാധീനമുൾക്കൊണ്ട് വേണു നാഗവള്ളി രചിച്ച ഈ ചിത്രം ആക്ഷൻ മൂഡിലുള്ള സത്യന്റെ ആദ്യത്തെ ചിത്രമാണ് . സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ വരച്ചുകാട്ടുന്ന നർമത്തിൽ പൊതിഞ്ഞ സിനിമകളിൽനിന്ന് വേറിട്ട് അനീതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന വീര നായകന്റെ കഥയായിരുന്നു അർത്ഥത്തിലൂടെ സത്യൻ അന്തിക്കാട് അനാവരണം ചെയ്തത്.
പ്രണയവും ഹാസ്യവും സെന്റിമെൻസും ഒക്കെ കലർന്ന രചനയിലൂടെ വേണു നാഗവള്ളിച്ചിത്രങ്ങളിലും വേറിട്ട് നിൽക്കുന്ന ഒന്നാണ് അർത്ഥം. ശ്രീനിവാസൻ, ശരണ്യ, ജയറാം, പാർവതി,മുരളി തുടങ്ങിയ താരങ്ങൾ സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോൺസൺ ഈണമിട്ട “ശ്യാമാംബരം ….” എന്ന ഗാനം ഇന്നും ജനപ്രിയമാണ്. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് അർത്ഥം. ബെൻ നരേന്ദ്രൻ മമ്മൂട്ടിയുടെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.