മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലർ സിനിമ എന്ന വിശേഷണം അർഹിക്കുന്ന ന്യൂ ഡൽഹി വെള്ളിത്തിരയിൽ എത്തിയിട്ട് 35 വർഷങ്ങൾ. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച് ജോഷിയുടെ സംവിധാന മികവിൽ വെള്ളിത്തിരയിൽ എത്തിയ ന്യൂ ഡൽഹി ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് നിർമ്മിച്ചത്. മലയാള സിനിമയ്ക്ക് അന്യ ഭാഷകളിൽ ലഭിച്ച ആദ്യത്തെ അന്തസുറ്റ വിജയമായിരുന്നു ന്യൂ ഡെൽഹിയുടേത്. നിരവധി ചലച്ചിത്രാസ്വാദകർ ന്യൂ ഡൽഹിയെക്കുറിച്ചുള്ള കുറിപ്പുകൾ സിനിമാ ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നു. ഇത്തരത്തിൽ വൈറാലായ ഒരു കുറിപ്പിൽ നിന്നും..
ക്രിയേറ്റർ, സഷ്ടാവ്, ദൈവം….Yes… I am God…….Media God ….ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതുമൊക്കെ ഞാൻ തന്നെ.. വിശ്വനാഥൻ……. മലയാള പ്രേക്ഷകർ ഈ ഡയലോഗ് കേട്ട് തുടങ്ങിയിട്ട് ഇന്ന് 35 വർഷം പിന്നിടുന്നു. മലയാള സിനിമയിലെ അതു വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് ചരിത്ര വിജയം നേടിയ ന്യൂ ഡൽഹി റിലീസായിട്ട് ഇന്ന് മൂന്നര പതീറ്റാണ്ട് തികയുന്നു.
ഇതര ഇന്ത്യൻ ഭാഷകളിൽ മലയാള സിനിമയുടെ യശ്ശസുയർത്തിയ ; ജി കെയുടെ പ്രതികാര കഥക്ക് 35 വർഷത്തെ പഴക്കം. ഒരു കാലഘട്ടത്തിൽ ബിറ്റ് ചിത്രങ്ങളെന്ന് മുദ്രകുത്തി ആക്ഷേപിക്കപ്പെട്ടിരുന്ന മലയാള സിനിമക്ക് അന്യ ഭാഷകളിൽ ലഭിച്ച ആദ്യത്തെ അന്തസുറ്റ വിജയമായിരുന്നു ന്യൂ ഡെൽഹിയുടേത് (മൈ ഡിയർ കുട്ടിച്ചാത്തൻ നേടിയ പാൻ ഇന്ത്യൻ വിജയം മറക്കുന്നില്ല ; പക്ഷേ, അതൊരു പരീക്ഷണ ചിത്രം കൂടിയായിരുന്നു ).
മലയാള സിനിമ അത് വരെ കാണാത്ത വ്യത്യസ്തവും നൂതനുവുമായ പ്രമേയവും ട്രീറ്റ്മെന്റുമായിരുന്നു ന്യൂ ഡെൽഹിയിലേത്. ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്സ്‌മാന്റെ ടെക്നിക്കൽ ബ്രില്യൻസും ഡെന്നീസ് ജോസഫിന്റെ കരുത്താർന്ന തിരക്കഥയും മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ഒത്തൊരുമിച്ച് ന്യൂ ഡെൽഹിയെ ഒരു സർവ്വകാല ഹിറ്റാക്കി മാറ്റി. ശ്യാമിന്റെ പശ്ചാത്തല സംഗീതവും ജയാനൻ വിൻസെന്റിന്റെ കാമറയും എടുത്ത് പറയേണ്ടവയാണ്. മലയാളിക്ക് അപരിചിതമായ മാധ്യമ രംഗത്തെ അധോലോകവും ദേശീയ രാഷ്ട്രീയവും പ്രതികാരവുമായിരുന്നു ന്യൂ ഡെൽഹിയുടെ ഇതിവൃത്തം. വിശ്വനാഥൻ എന്ന തൂലികാ നാമത്തിൽ വാർത്തകൾക്ക് വേണ്ടി സൃഷ്ടി സ്ഥിതി സംഹാരത്തിനൊരുങ്ങുന്ന ജി കെ എന്ന ഭിന്നശേഷിക്കാരനായ സാഡിസ്റ്റിക് നായകനെ ഒരു ഞെട്ടലോടെയാണ് മലയാളി പ്രേക്ഷകർ ഉൾക്കൊണ്ടത്.
ഇർവിംഗ് വാലസിന്റെ ‘ Almighty ‘ – യിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഡെന്നീസ് ജോസഫ്, ന്യൂ ഡെൽഹിയുടെ തിരക്കഥ രചിക്കുന്നത്. 1985 – ൽ റിലീസായ ജേസിയുടെ മമ്മൂട്ടി ചിത്രമായ ” ഈറൻ സന്ധ്യ ” യിലൂടെയാണ് ഡെന്നീസ് ജോസഫ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. അതേ വർഷം തന്നെ രചിച്ച ജോഷി – മമ്മൂട്ടി കൂട്ട്കെട്ടിന്റെ നിറക്കൂട്ടിന്റെ വൻ വിജയത്തോടെ മലയാള സിനിമയിലെ
മികച്ച ഒരു കൂട്ട് കെട്ടിന് തുടക്കം കുറിക്കുകയായിരുന്നു. ശ്യാമയുടെ അപ്രതീക്ഷിത വിജയം ആ കൂട്ട്കെട്ടിന്റെ മൂല്യമുയർത്തി. തുടർന്ന് ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി ത്രയങ്ങളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി ഒട്ടേറെ ചിത്രങ്ങൾ പുറത്തു വന്നു. 1983 തുടക്കത്തിൽ റിലീസായ ” സന്ധ്യക്ക് വിരിഞ്ഞ പൂവി “ലൂടെ വിജയ നായകനായി മാറിയ മമ്മൂട്ടി 84 – 85 കാലഘട്ടത്തിലെ തുടർ വിജയങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറി. അന്നത്തെ പ്രമുഖ ബാനറുകളുടെയും സംവിധായകരുടെയും ആദ്യ ചോയ്സ് മമ്മൂട്ടിയായിരുന്നു.
രാജ്യ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ മുഴുനീളെ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പല തന്ത്ര പ്രധാന സ്ഥലങ്ങളും ഷൂട്ടിംഗ് ലൊക്കേഷനാക്കാൻ ഗവൺമെന്റ് അനുമതി കിട്ടുന്നതിൽ അന്നത്തെ എൻ എസ് യു നേതാവും മലയാളിയുമായ ജീവൻ തോമസിന്റെ സഹായം പല ഘട്ടങ്ങളിലും ഉപകരിച്ചിരുന്നതായി ഡെന്നീസ് ജോസഫ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ പരിമിത ബജറ്റിൽ നിശ്ചിത സമയത്ത് തന്നെ സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് ന്യൂ ഡെൽഹി ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണമവസാനിച്ച് മുഴുവൻ ലാബ് വർക്കുകളും തീർന്നിട്ടും റിലീസ് പിന്നെയും നീണ്ടു. ഒടുവിൽ 1987- ജൂലൈ 24 – ന് പ്രതികൂല കാലാവസ്ഥയിലാണ് ചിത്രം റിലീസാകുന്നത്.ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മൗത് പബ്ലിസിറ്റിയിലൂടെ ഫസ്റ്റ് ഷോയോടു കൂടി ഹൗസ് ഫുള്ളായി. ഇതേ സമയം ജോഷിയും മമ്മൂട്ടിയും നായർ സാബിന്റെ ഷൂട്ടിംഗിനായി കാശ്മീരിലായിരുന്നു. ന്യൂ ഡെൽഹിയുടെ വിധിയറിയാൻ അക്ഷമരായത് മൂലം അന്നത്തെ ഷൂട്ടിംഗ് ഉച്ചയോടെ കാൻസലാക്കിയിരുന്നു. ഒടുവിൽ രാത്രിയോടെ ജൂബിലി ജോയിയുടെ ട്രങ്ക് കോളെത്തി. പടം സൂപ്പർ ഹിറ്റ്. വികാരാധീനനായി മമ്മൂട്ടി ജോഷിയെ ആശ്ശേഷിക്കുന്നതിന് ആ സെറ്റ് സാഷ്യം വഹിച്ചു.
കൈ വിട്ട് പോയ താരസിംഹാസനം ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും മമ്മൂട്ടിയെക്കെത്തുകയായിരുന്നു. അതും മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയത്തോടെ . ആക്ഷൻ റിവഞ്ച് ചിത്രമെങ്കിലും ഒരു സംഘട്ടന രംഗം പോലും നായകന്റേതായിട്ടില്ലാത്ത ഒരു വ്യത്യസ്ത ചിത്രമായിരുന്നു ന്യൂ ഡെൽഹി. ഈ പ്രത്യകത കൊണ്ടാകാം ഇതര ഭാഷാ റീമേക്കുകൾക്ക് ഒറിജിനലിന്റെ വിജയം നേടാനാകാത്തത്. അന്യഭാഷാ പ്രേക്ഷകർ നായകന്റെ വീര സാഹസിക പ്രകടനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരാണല്ലോ. തന്റെ മാസ്മരിക പ്രകടനം കൊണ്ട് മമ്മൂട്ടി ഇതര പതിപ്പുകളിലെ നായകൻമാരെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി എന്ന് ജോഷി പിന്നീട് പറയുകയുണ്ടായി.
നടരാജ് വിഷ്ണുവെന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയായി തമിഴ് നടൻ ത്യാഗരാജൻ ന്യൂ ഡൽഹിയിൽ കയ്യടി നേടി. ന്യൂ ഡെൽഹി തമിഴ് നാട്ടിൽ നേടിയ അഭൂതപൂർവ്വമായ വിജയം ത്യാഗരാജന്റെ കരിയറിന് നൽകിയ കുതിപ്പ് നിസാരമായിരുന്നില്ല. കരിയറിൽ തുടർ പരാജയങ്ങളേറ്റു വാങ്ങവേ ഒരു നല്ല കഥാപാത്രത്തിനായി ത്യാഗരാജൻ നിരന്തരം ജോഷിയെ ബന്ധപ്പെടുമായിരുന്നു. അങ്ങനെ ന്യായവിധി എന്ന ചിത്രത്തിൽ ജോഷി ത്യാഗരാജന് അവസരം നൽകി. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ത്യാഗരാജന് ആ റോൾ ചെയ്യാനായില്ല. അതിനെ തുടർന്ന് ന്യായവിധിയിലെ ആ റോൾ സുകുമാരന് നൽകി. ത്യാഗരാജൻ ചെയ്യാനിരുന്ന തമിഴ് വംശജന്റെ റോൾ സുകുമാരനിലേക്ക് എത്തിയപ്പോൾ സായിപ്പായി മാറി. ന്യൂ ഡൽഹിയിൽ ജോഷിയുടെ ആദ്യ ചോയ്സ് സത്യരാജ് ആയിരുന്നു. തിരക്ക് കാരണം സത്യരാജിന് ആ റോൾ നിരസിക്കേണ്ടി വന്നു. അങ്ങനെയാണ് ത്യാഗരാജന്റെ കരിയർ ബെസ്റ്റ് റോളുകളിൽ ഒന്നായ സേലം വിഷ്ണുവാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.
നിർമ്മാതാവായി ചലച്ചിത്ര മേഖലയിൽ കടന്ന് വരികയും പിന്നീട് അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തയാളാണ് ദേവൻ. സഹനടൻ / ഉപ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന ദേവന്റെ കരിയർ ബ്രേക്ക് ആയിരുന്നു ന്യൂ ഡെൽഹിയിലെ കാബിനറ്റ് മിനിസ്റ്റർ ശങ്കറിന്റെ വേഷം. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ യുവ നേതാവായി തിളങ്ങിയ ദേവൻ, ന്യൂ ഡെൽഹിയുടെ വിജയത്തെത്തുടർന്ന് ദക്ഷിണേന്ത്യ മുഴുവൻ ശ്രദ്ധേയനായി മാറി. സുന്ദരനായ വില്ലനായി അന്നു തൊട്ടിങ്ങോട്ട് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അദ്ദേഹം നിറഞ്ഞു നിന്നു. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വില്ലൻ കഥാപാത്രങ്ങളെ തുടർന്നും അവതരിപ്പിച്ചെങ്കിലും ശങ്കറിന്റെ മുകളിൽ നിൽക്കുന്നൊരു വില്ലൻ വേഷം മാതൃഭാഷയിൽ ഇന്നും അദ്ദേഹത്തിന് കൈവന്നിട്ടില്ല,
നായികാ കഥാപാത്രമായ മരിയ ഫെർണ്ണാണ്ടസിനെ അവതരിപ്പിച്ച സുമലത ശ്രദ്ധിക്കപ്പെട്ടു. ശത്രു നിഗ്രഹം പുരുഷന്റെ കുത്തകയല്ല എന്ന് തെളിയിച്ച കരുത്തുറ്റ കഥാപാത്രം കൂടിയായിരുന്നു മരിയയുടേത്. തനിക്ക് വേണ്ടി കരിയറും ജീവിതവും നശിപ്പിച്ച ജികെയുടെ പ്രതികാരത്തിന് മരിയയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പണം കൊണ്ടും മാനസിക പിന്തുണ കൊണ്ടും മരിയ ജികെക്ക് പിന്നിൽ അടിയുറച്ച് നിന്നു. മരിയ തന്നെ കുറ്റപ്പെടുത്തുമ്പോൾ ജികെ പതറിപ്പോകുന്നുണ്ട്. ജികെയുടെ പോരാട്ടത്തിന്റെ ധാർമ്മിക ശക്തി മരിയയായിരുന്നു. പക്ഷേ, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയേ പോലെ മരിയ എന്ത് കൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടില്ല. ന്യൂഡെൽഹിയുടെ എല്ലാ റീമേക്കുകളിലും സുമലത തന്നെയായിരുന്നു നായികാ വേഷത്തിൽ.
കേരളത്തിലുപരി തമിഴ് നാട്ടിലും ന്യൂ ഡൽഹി വൻ വിജയമായിരുന്നു. തമിഴ് ഫോർമുലകൾക്ക് വിരുദ്ധമായ ഈ ചിത്രത്തിന്റെ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മദ്രാസിലെ ‘ സഫയർ ‘ തിയ്യറ്ററിൽ ന്യൂ ഡെൽഹി 100 ദിവസം വിജയകരമായി പ്രദർശിപ്പിച്ചു. ഇളയരാജയടക്കമുള്ളവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയുണ്ടായി. സൂപ്പർ സ്റ്റാർ രജനീകാന്ത് ഡെന്നീസ് ജോസഫിനെ നേരിട്ട് കണ്ട് ഹിന്ദി പതിപ്പിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ജിതേന്ദ്രയുമായി കരാറുള്ള തെലുങ്ക് നിർമ്മാതാക്കൾക്ക് റൈറ്റ്സ് നേരത്തെ നൽകിയത് മൂലം രജനീകാന്തിന്റെ അഭ്യർത്ഥന പരിഗണിക്കാനാവാത്തത് ഡെന്നീസ് ജോസഫ് ഇപ്പോഴും ദുഖത്തോടെ സ്മരിക്കുന്നു. നിറക്കൂട്ടും രാജാവിന്റെ മകനും ഇന്ദ്രജാലവും സംഘവും ആകാശദൂതുമടക്കം ഒട്ടേറെ സൂപ്പർ ഹിറ്റ് രചനകൾക്ക് തൂലിക ചലിപ്പിച്ചെങ്കിലും ഇന്നും ഡെന്നീസിന്റെ കരിയർ ബെസ്റ്റ് സ്ക്രിപ്റ്റ് ആയി വിലയിരുത്തുന്നത് ന്യൂ ഡൽഹിയാണ്. ഇന്ത്യൻ വാണിജ്യ സിനിമാ ചരിത്രത്തിൽ ഷോലെയുടെ സ്ക്രിപ്റ്റിന് ശേഷം തനിക്കേറ്റവുമിഷ്ടപ്പെട്ട സ്ക്രിപ്റ്റ് എന്ന് മണിരത്നം വരെ വിശേഷിപ്പിക്കും വിധം ശ്രദ്ധ പിടിച്ചു പറ്റിയ തിരക്കഥയായിരുന്നു ന്യൂ ഡൽഹി.
ന്യൂഡെൽഹിയുടെ കന്നട, തെലുങ്ക്, ഹിന്ദി പതിപ്പുകളെല്ലാം ജോഷി തന്നെയാണ് സംവിധാനം ചെയ്തത്. ഇതിൽ കന്നഡയും തെലുങ്കും ഒരേ സമയത്തായിരുന്നു ഷൂട്ടിംഗ്. കന്നഡയിൽ അംബരീഷും തെലുങ്കിൽ കൃഷ്ണം രാജുവും ജികെയുടെ വേഷം കൈകാര്യം ചെയ്തു. മറ്റെല്ലാ റോളുകളിലും മലയാളത്തിലെ അതേ താര നിര തന്നെയായിരുന്നു. ഹിന്ദിയിൽ ജികെയുടെ റോൾ ജിതേന്ദ്രക്കായിരുന്നു. സൂപ്പർ സ്റ്റാർ കൃഷ്ണയുടെ തെലുങ്ക് ഫോർമുല ചിത്രങ്ങളുടെ റീമേക്കുകൾ വാരിവലിച്ച് അഭിനയിച്ചു കൊണ്ടിരുന്ന ജിതേന്ദ്രയുടെ വ്യത്യസ്ത വേഷമായിരുന്നു ന്യൂ ഡൽഹി. മലയാളം പതിപ്പിന്റെ ഐതിഹാസിക വിജയമാവർത്തിക്കാൻ മറ്റു റീമേക്കുകൾക്കായില്ല. എങ്കിലും കന്നട, തെലുങ്കു പതിപ്പുകൾ ഹിറ്റ് സ്റ്റാറ്റസ് കരസ്ഥമാക്കി. ഹിന്ദി പതിപ്പ് ശരാശരിയിൽ ഒതുങ്ങി. വിവിധ റീ മേക്കുകളുടെ പോരായ്മയായി വിലയിരുത്തുന്നത് ഒറിജിനൽ വേർഷനിലെ മലയാള താരങ്ങളെ തന്നെ മറ്റു ഭാഷകളിലും ഉൾപ്പെടുത്തി എന്നതാണ്. വാസ്തവത്തിൽ മറ്റ് റീ മേക്കുകളിലെല്ലാം തന്നെ മിക്ക രംഗങ്ങളും ഒറിജിനൽ വേർഷനിലെ സീനുകൾ തന്നെയാണ് ഉൾപ്പെട്ടത്തിയിട്ടുള്ളത്. 80 – കളുടെ അവസാനത്തോടെ ഖലിസ്ഥാൻ തീവ്രവാദത്തിന്റെയും അതിർത്തി കടന്ന് വരുന്ന ഭീകരവാദത്തിന്റെയും ഭാഗമായി രാജ്യ തലസ്ഥാനം കടുത്ത സുരക്ഷാ ഭീക്ഷണി നേരിടുന്ന സമയമായിരുന്നു. ഷൂട്ടിംഗിനായി ഒരു തരത്തിലും അനുമതി കിട്ടാത്ത ആ സവിശേഷ സാഹചര്യത്തിന്റെ ഭാഗമായാണ് മലയാളം പതിപ്പിലെ രംഗങ്ങൾ ആവർത്തിക്കേണ്ടി വന്നത്. അപ്പോൾ സഹതാരങ്ങളെയും ആവർത്തിക്കേണ്ടി വന്നു. മമ്മൂട്ടി, ദേവൻ, ജഗന്നാഥ വർമ്മ എന്നിവരുടെ കഥാപാത്രങ്ങൾ ഒഴികെ ബാക്കി എല്ലാവരും മലയാളം പതിപ്പിലെ സഹതാരങ്ങൾ തന്നെയായിരുന്നു വിവിധ ഭാഷകളിലുള്ള റീ മേക്കുകളിലും.
മലയാളത്തിലും ഹിന്ദിയിലും വൻ താര നിരയെ അണി നിരത്തി ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കുകയും അവയൊക്കെ വൻ വിജയങ്ങളായിരുന്നു എങ്കിലും ജോഷിയുടെ ദേശീയ ശ്രദ്ധയാകർഷിച്ച ആദ്യ ചിത്രം ന്യൂ ഡൽഹിയാണ്. മമ്മൂട്ടിയുടെ മാത്രമല്ല ജോഷിയുടെ കരിയറിനെ കൂടെ ന്യൂ ഡൽഹിക്ക് മുമ്പ് ശേഷം എന്ന് തന്നെ വിശേഷിപ്പിക്കാം. കഴിഞ്ഞ നാല് ദശാബ്ധമായ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി നിൽക്കുന്ന ജോഷിയെ ഇന്നും ന്യൂ ഡൽഹിയുടെ സംവിധായകൻ എന്നാണ് അന്യഭാഷയിലെ ചലച്ചിത്ര സാങ്കേതിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ന്യൂ ഡെൽഹിയുടെ വിജയത്തെ തുടർന്ന് വന്ന സിബി മലയിൽ – ലോഹിതദാസ് – മമ്മൂട്ടി കൂട്ട് കെട്ടിന്റെ തനിയാവർത്തനവും ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികളും വിജയം നേടുകയുണ്ടായി.1987-ലെ മികച്ച നടനുള്ള ദേശീയ അവാർഡിനായി ന്യൂ ഡെൽഹിയും തനിയാവർത്തനവും അയച്ചിരുന്നെങ്കിൽ മണിരത്നത്തിന്റെ നായകനിലൂടെ ദേശീയ അവാർഡിനർഹനായ കമലാഹാസന് കനത്ത വെല്ലുവിളിയുയർത്താൻ മമ്മൂട്ടിക്ക് കഴിയുമായിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണത് സാധിക്കാത്തത്. മമ്മൂട്ടിയുടെ ആദ്യ ദേശീയ അവാർഡ് ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ഇല്ലാതായത്. മമ്മൂട്ടിയുടെ തിരിച്ച് വരവ് ചിത്രമെന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന ന്യൂ ഡെൽഹിയുടെ പ്രത്യേകത അത് മാത്രമല്ല. അന്യഭാഷകളിൽ ഉള്ള സിനിമാ പ്രവർത്തകർ മലയാള സിനിമയെ വാണിജ്യപരമായി ശ്രദ്ധിക്കാനിട നൽകിയ ചിത്രമെന്നതാണ് ന്യൂ ഡെൽഹിയുടെ ചരിത്ര പ്രാധാന്യം.
Pictures courtesy: Manzia Chirayinkeezhu
#35yearsofnewdelhi
