ഉർവശിയും ടോവിനോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രം കൃസ്തുമസ് റിലീസായി പ്രദർശനത്തിന് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസുമായി പങ്കു വെക്കുകയാണ് തിരക്കഥാകൃത്ത് ശരത്ത് ആർ നാഥ്
* ആദ്യ സിനിമയുടെ രചന ഏതെങ്കിലും തരത്തിൽ വെല്ലുവിളി ഉയർത്തിയിരുന്നോ?
= ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയുടെ ആദ്യ ആലോചനകൾ മുതൽ ഇതിലെ നായിക കഥാപാത്രമായി ഉർവശി ചേച്ചിയെയാണ് പരിഗണിച്ചിരുന്നത്. അവർ സഹകരിച്ചിരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ സിനിമ സംഭവിക്കുക പോലുമില്ലായിരുന്നു. ഉർവശി ചേച്ചിയെ കൺവിൻസ് ചെയ്യിക്കുക എന്നത് വേണമെങ്കിൽ ഒരു വെല്ലുവിളി ആയി പറയാം. പക്ഷേ കഥ കേട്ടപ്പോൾ തന്നെ അവർ അനുകൂലമായ നിലപാടാണ് എടുത്തത്.
* ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയെക്കുറിച്ച്
= ഒരു അമ്മ മകൻ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇത്. നിരവധി നർമ രംഗങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ വൈകാരിക മുഹൂർത്തങ്ങളുമുണ്ട്.
* സ്ത്രീ കേന്ദ്രീകൃത സിനിമകൾ മലയാളത്തിൽ അധികം ഉണ്ടാകുന്നില്ല എന്ന തോന്നൽ ഉണ്ടോ?
= അങ്ങനെ തോന്നുന്നില്ല. മറ്റ് ഏത് ഇൻഡസ്ട്രിയെക്കാളും അത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. ആകാശ ദൂത്, അച്ചുവിന്റെ അമ്മ തുടങ്ങി സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളായ എത്രയോ സിനിമകൾ വൻ വിജയങ്ങളായിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും നല്ല അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നത്.’എന്റെ ഉമ്മാന്റെ പേര്’ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആണെന്ന് പറയാൻ കഴിയില്ല.
* തിരക്കഥാ രചനയിൽ ആരൊക്കെയാണ് സ്വാധീനിച്ചിട്ടുള്ളത്?
= ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് ശ്രീനിവാസൻ സാറും രഘുനാഥ് പലേരി സാറുമാണ്. എം.ടി സാർ, പദ്മരാജൻ സാർ, ലോഹി സാർ തുടങ്ങിയ മഹാരഥന്മാരുടെ ഒക്കെ എഴുത്തുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
* ആദ്യ സിനിമ വെള്ളിത്തിരയിൽ എത്തുമ്പോൾ പ്രേക്ഷകരോട് പറയാനുള്ളത്.
= ഞാനും ജോസും നാല് വർഷത്തോളം ഈ സിനിമയുടെ പുറകേ ആയിരുന്നു. ജോസ് എന്റെ സഹോദരതുല്യനായ വ്യക്തിയാണ്. ഞങ്ങൾ നന്നായി ആസ്വദിച്ചാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയത് എന്ന് പറയാം. ആദ്യ സമയത്ത് നിർമാതാവിനെ കണ്ടെത്താൻ അടക്കം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എങ്കിലും ആന്റോ ചേട്ടനുമായി ബന്ധപ്പെട്ടപ്പോഴാണ് സിനിമ ട്രാക്കിൽ ആയത്. അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്. അതുപോലെ ഞങ്ങളുടെ ആദ്യ സംരഭത്തോട് സഹകരിച്ച, ഈ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരോടും, ഞങ്ങളുടെ യാത്രയിൽ പിന്തുണ നൽകിയ എല്ലാവരോടും വാക്കുകൾക്ക് അതീതമായ നന്ദിയും കടപ്പാടുമുണ്ട്. ‘എന്റെ ഉമ്മാന്റെ പേര്’ തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും പ്രോത്‌സാഹനവും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന