മലയാള സിനിമയുടെ തലവര തന്നെ മാറ്റിമറിച്ചു മമ്മൂട്ടിയുടെ മാമാങ്കം ബോക്സ്ഓഫീസിൽ പുത്തൻ വീരഗാഥകൾ രചിച്ചു മുന്നേറുന്നു. 45 രാജ്യങ്ങളിൽ നാലു ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം 2600 സ്ക്രീനുകളിൽ 6500 ഷോകൾ പ്രദർശിപ്പിക്കുക വഴി ആദ്യ ദിനം നേടിയത് 23 കോടി രൂപ! ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ഒഫീഷ്യലായി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 23 കോടി എന്നത് ഒരു ഏകദേശ കണക്കാണ് എന്നതും കളക്ഷൻ ഇനിയും വർധിക്കാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഒരു മലയാള സിനിമ ബോക്സോഫീസ് കളക്ഷനിൽ ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം ലോകമെങ്ങുമുള്ള ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളത്തിൽ മാത്രം 400-ൽ പരം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിന കളക്ഷനിൽ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളെയും പിന്നിലാക്കുകയാണ്. രാവിലെ 10നു ആൾ കേരള എല്ലാ തിയേറ്ററുകളിലും ഒരേ സമയമാണ് പ്രദർശനം ആരംഭിച്ചത്. 90 ശതമാനം തിയേറ്ററുകളിലും ഫുൾ ഹൗസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പല കേന്ദ്രങ്ങളിലും രാത്രി 12.30നും ഒരു മണിക്കുമായി എക്സ്ട്രാ ഷോസും ആഡ് ചെയ്തു. ചില തിയേറ്ററുകളിൽ തുടർച്ചയായ മാരത്തോൺ പ്രദർശനങ്ങളാണ് നടന്നത്. 15ആം തിയതിവരെ 24 മണിക്കൂർ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളും ഉണ്ട്.
ജി സി സിയിൽ ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വരവേല്പും ഹൗസ് ഫുൾ ഷോകളും എക്സ്ട്രാ ഷോസും ഷോ കൗണ്ടുമാണ് മാമാങ്കത്തിന് ലഭിക്കുന്നത്. യു എ ഇ യിൽ മാത്രം റിലീസ് ദിവസമായ ഇന്നലെ അൻപതോളം ഹൌസ് ഫുൾ ഷോകളാണ് നടന്നത്. ഖത്തറിൽ 14 ഹൗസ് ഫുൾ ഷോസ് ലഭിച്ചു. ജനത്തിരക്ക് മൂലം 40ഓളം എക്സ്ട്രാ ഷോസ് ഇന്നലെ മാത്രം ആഡ് ചെയ്തു.
ഇന്നലത്തെ തിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ന് (വെള്ളി) റെക്കോർഡ് ഷോകൾ ആഡ് ചെയ്തിരിക്കുകയാണ് ജിസിസിയിൽ. UAE യിലെ നോവോ സിനിമാസ് 98 ഷോസ്, വോക്സിൽ 152 ഷോസ്, സ്റ്റാർ സിനിമ 80 ഷോസ്, ഓസ്കർ സിനിമ 31, സിനി റോയൽ 25, മറ്റുള്ളവ 47 എന്നിങ്ങനെയാണ് ഇന്നത്തെ ഷോകളുടെ എണ്ണം.
ഖത്തറിൽ 74ഉം ഒമാനിൽ 62ഉം കുവൈറ്റിൽ 19ഉം ബഹറിൻ 31ഉം സൗദി 15 ഷോകളുമാണ് ഇന്ന് ചാർട്ട് ചെയ്തിരിക്കുന്നത്. മിക്ക ഷോകളുടെയും ടിക്കറ്റ് ഇതിനകം സോൾഡ് ഔട്ട് ആയിക്കഴിഞ്ഞു. സൗദിയിൽ കേരളത്തിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും മാമാങ്കം സ്വന്തമാക്കി. ആവേശപൂർവമായ സ്വീകരണമാണ് സൗദി മലയാളികൾ ഈ മമ്മൂട്ടി ചിത്രത്തിന് നൽകുന്നത്.
ക്ലാസും മാസ്സും ചേർന്ന ഒരു അപൂർവ ദൃശ്യവിസ്മയമാണ് ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള രണ്ട് യുദ്ധരംഗങ്ങൾ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതാണ്. ശ്വാസമടക്കിപ്പിടിച്ചേ ഈ യുദ്ധരംങ്ങൾ പ്രേക്ഷകന് കാണാൻ കഴിയു. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവരുടെ ഗംഭീര പെർഫോമൻസ് കൂടി ചേരുമ്പോൾ സാങ്കേതിക മികവുകൾക്കപ്പുറം ആ യുദ്ധരംഗങ്ങൾ പ്രേക്ഷകന് പുതിയ അനുഭവമായി മാറുകയാണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മേന്മക്കൊപ്പം ആഖ്യാന രീതിയിലും അഭിനേതാക്കളുടെ പ്രകടനങ്ങളിലും ചിത്രം ഉയർന്ന ക്ലാസ് നിലവാരത്തിലേക്ക് ഉയരുന്നു. മലയാള സിനിമയുടെ പരിമിതമായ ബജറ്റുകൾക്കിടയിലും ഇത്രയും മികച്ച ഒരു സിനിമ സമ്മാനിച്ച സംവിധായകൻ എം പദ്മകുമാറും നിർമ്മാതാവ് വേണുവും പ്രത്യകം പ്രശംസയർഹിക്കുന്നു.
ചരിത്ര കഥാപാത്രങ്ങളുടെ അവസാന വാക്കായ മമ്മൂട്ടിയുടെ നായകവേഷം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. യുദ്ധരംഗങ്ങളിലും അഭിനയ പ്രാധാന്യമുള്ള രംഗങ്ങളിലും മമ്മൂട്ടി പുലർത്തുന്ന മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ചിത്രത്തിലെ നിർണ്ണായകമായ ഒരു രംഗത്ത് സ്ത്രൈണ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ഒരേ സമയം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ആ രംഗങ്ങൾ ആസ്വദിക്കുന്നത്. മമ്മൂട്ടിയെപ്പോലെ പൗരുഷത്തിന്റെ മൂർത്തീഭാവമായ ഒരാൾ ഇങ്ങനെ സ്ത്രൈണതയുള്ള ഒരു വേഷപ്പകർച്ച നടത്തി പ്രേക്ഷകരുടെ കൈയടി നേടണമെകിൽ അതിനു അസാധാരണമായ കഴിവ് തന്നെ വേണം. മമ്മൂട്ടി എന്ന നടന് പ്രേക്ഷകർ കല്പിച്ചുനൽകിയ ഒരു ഇമേജിന്റെ ചട്ടക്കൂടുകൾ വലിച്ചെറിയുന്ന പ്രകടനങ്ങളാണ് പലപ്പോഴും ആ നടനിൽ നിന്നും ഉണ്ടാകുന്നത്. രാജമാണിക്യത്തിലും മൃഗയയിലും പ്രാഞ്ചിയേട്ടനിലും ഒടുവിൽ മാമാങ്കത്തിലെ സ്ത്രൈണ ഭാവമുള്ള വേഷപ്പകർച്ചയിലൂടെയും മമ്മൂട്ടി തകർത്തെറിയുന്നത് തന്റെ മേൽ ചാർത്തപ്പെട്ട ഇമേജുകൾ തന്നെയാണ്.
ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് വേഷമാണ് ചിത്രത്തിലെ ചാന്ദ്രോത് പണിക്കർ എന്ന ചാവേറിന്റെ വേഷം. ഫൈറ്റ് സീനികളിലും യുദ്ധരംഗങ്ങളിലും അസാമാന്യമായ മികവ് പ്രകടിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ അഭിനയത്തിൽ തന്റെ മുൻകാല ഇമേജുകളെ തന്നെ മാറ്റിമറിക്കുന്നുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു പേരുകാരൻ ചന്ദ്രോത്ത് തറവാട്ടിലെ ഇളംമുറക്കാരനായ ചന്ദ്രോത്ത് ചന്തുണ്ണിയെ അവതരിപ്പിച്ച അച്യുതൻ എന്ന ബാലനാണ്. മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും ഒപ്പം കൈയടി നേടുന്ന അച്യുതൻ കളരിപ്പയറ്റിലും യുദ്ധരംഗങ്ങളിലും അഭിനയത്തിലും വിസ്മയകരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
മനോജ് പിള്ളയുടെ ഛായാഗ്രഹണം നമ്മെ ഒരു മാമാങ്ക മഹോത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. പശ്ചാത്തല സംഗീതവും ഗാനങ്ങളും എല്ലാം മികവ് പുലർത്തുന്നു.
