1971 ആഗസ്റ്റ് 6.. മലയാള സിനിമയുടെ ‘മുഖ ചിത്രം’ വെള്ളിത്തിരയിൽ മിന്നിമറഞ്ഞ നിമിഷം…പ്രേംനസീർ അവതരിപ്പിച്ച കടത്തുകാരൻ വേഷത്തിനു പകരക്കാരനായി വന്ന ആ തോണിക്കാരൻ, സിനിമയിൽ മാത്രമല്ല, സിനിമാ ജീവിതത്തിലും പ്രേം നസീറിനു പകരക്കാരനായി… ചെറിയൊരു വേഷമായിരുന്നു ചിത്രത്തിൽ. ബഹുദൂറിനൊപ്പമുള്ള ആ വേഷം ഇന്ത്യൻ സിനിമയിൽ തന്നെ നാനൂറോളം വൈവിദ്യമാർന്ന കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകർച്ചയുടെ തുടക്കമായിരുന്നു.
ഇന്ന് 2020 ആഗസ്റ്റ് 6. മമ്മൂട്ടി എന്ന ഇതിഹാസ താരം വെള്ളിത്തിരയിൽ മുഖം കാണിച്ചിട്ട് ഇന്നേക്ക് 49 വർഷങ്ങൾ. ഇന്ത്യൻ സിനിമയിൽ ഇത് മമ്മൂട്ടീസത്തിന്റെ 49 സുവർണ്ണ വർഷങ്ങൾ.
മലയാളിക്ക് എന്നും അഭിമാനമായി, ലോകോത്തര സിനിമയോളം വളർന്ന ആ മഹാനടന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു…
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മുഹമ്മദ് കുട്ടിയെ സിനിമയിലെത്തിക്കുന്നത്. സിനിമാക്കമ്പം മൂത്ത് കൊച്ചിയിലെ ഫിലിം ഫെസിറ്റിവലുകളിൽ നിത്യ സാന്നിധ്യമായി മാറിയ മുഹമ്മദ് കുട്ടി, എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴാണ് 1971-ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് കാലചക്രം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ഫിലിം ഫെസ്റ്റിവലുകളിലൂടെ എം ടിയുമായി നേടിയെടുത്ത പരിചയം സിനിമാ ജീവിതത്തിലെ വഴിത്തിരിവായി. എം.ടിയുടെ ദേവലോകത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തെങ്കിലും ചിത്രം റിലീസായില്ല. 1980-ൽ എം ടി തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ അഭിനയിച്ചു. അതേ വർഷം തന്നെ കെ ജി ജോർജ്ജിന്റെ മേളയിലെ സർക്കസ് റിംഗിലെ ബൈക്ക് ജംബറുടെ വേഷത്തിലൂടെ മമ്മൂട്ടി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. അതോടെ സിനിമയിൽ സജീവമായി.
പിന്നീട് പി ജി വിശ്വംഭരന്റെ സ്ഫോടനത്തിൽ ജയനു പകരക്കാരനായി എത്തി. ഈ ചിത്രത്തിൽ സജിൻ എന്ന പേരു മാറ്റിയെങ്കിലും വീണ്ടും മമ്മൂട്ടിയായി ഐ വി ശശിയുടെ തൃഷ്ണയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. തുടർന്ന് കെ ജി ജോർജ്ജിന്റെ യവനികയിലെ പോലീസ് ഓഫീസറുടെ കഥാപാത്രം മമമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായി.
(തുടരും)
