1983 മുതൽ 86 പകുതിവരെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ മമ്മൂട്ടി എന്ന നടൻ ഒറ്റയാനായി വിലസി. ഈ കാലയളവിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരെ ആകർഷിച്ച ഒട്ടേറെ മമ്മൂട്ടി ചിത്രങ്ങൾ പിറവികൊണ്ടു. കൂടുതലും സ്ത്രീ പ്രേക്ഷകരായിരുന്നു മമ്മൂട്ടിയുടെ ആരാധകരിൽ അധികവും. അതുകൊണ്ടുതന്നെ സ്ത്രീ പ്രേക്ഷകരെ ആകർഷിക്കുന്ന ടൈപ്പ് വേഷങ്ങളിലേക്ക് മമ്മൂട്ടിയെ തളച്ചിടാൻ ചില തിരക്കഥാകൃത്തുക്കളും സംവിധായകരും നിർമ്മാതാക്കളും മൽസരിച്ചു. ഒരേ ടൈപ്പ് വേഷങ്ങളിൽ പിറവികൊണ്ട കുടുംബ ചിത്രങ്ങൾ നിർമ്മാതാവിനെ രക്ഷിച്ചെങ്കിലും മമ്മൂട്ടിയുടെ കരിയറിനെ അത് പ്രതികൂലമായി ബാധിച്ചു. 86-ന്റെ പകുതിയോടെ ചില മമ്മൂട്ടി ചിത്രങ്ങൾ ബോക്സോഫീസിൽ പരജയമായി.
അതോടെ മമ്മൂട്ടിയുടെ ശത്രുക്കള്‍ സട കുടഞ്ഞെഴുന്നേറ്റു -പത്രക്കാരായിരുന്നു അവരില്‍ പ്രധാനികള്‍. മമ്മൂട്ടി ഔട്ടായി എന്നു വരെ അവര്‍ എഴുതി പിടിപ്പിച്ചു.
പക്ഷേ അതൊരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു. മമ്മൂട്ടിയെ എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഒരു കൊടുങ്കാറ്റായി 87-ന്റെ പകുതിയിൽ ന്യൂഡെല്‍ഹിയിലൂടെ മമ്മൂട്ടി ശക്തമായ തിരിച്ചു വരവ് നടത്തി. മലയാള സിനിമയെന്നല്ല; ഇന്ത്യന്‍ ചലച്ചിത്ര ലോകം തന്നെ കണ്ടിട്ടില്ലാത്ത ഒരു രണ്ടാം വരവ്. തിയേറ്ററുകള്‍ ഇളക്കി മറിച്ച് ന്യൂഡെല്‍ഹി മുന്നേറിയപ്പോള്‍ മമ്മൂട്ടിയെന്ന അതുല്യ നടന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരു വിസ്മയംപോലെ തനിയാവര്‍ത്തനമായി മലയാളിക്കു മുന്നില്‍ അവതരിച്ചു. ഔട്ടായിയെന്ന് വിധിയെഴുതപ്പെട്ട ഒരു നായക നടന് ഗതകാല പ്രൗഢിയേക്കാളും ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയ ചരിത്രവും മമ്മൂട്ടിക്ക് മാത്രം സ്വന്തം.
പിന്നീടങ്ങോട്ട് ഒരു തേരോട്ടം തന്നെയായിരുന്നു. ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്, മനു അങ്കിള്‍, അബ്കാരി, സംഘം, ആഗസ്റ്റ് 1, 1921……. അങ്ങനെ 88-ല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ കേരളക്കരയെ ഇളക്കിമറിച്ചു.
89-ല്‍ ഒരു വടക്കന്‍ വീരഗാഥ, അര്‍ത്ഥം, ജാഗ്രത, നായര്‍സാബ്, മഹായാനം, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെ വമ്പന്‍ ഹിറ്റുകളും അഭിനയത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും മമ്മൂട്ടി സമ്മാനിച്ചു.
90-ല്‍ കോട്ടയം കുഞ്ഞച്ചന്, സാമ്രാജ്യം, കളിക്കളം, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ മമ്മൂട്ടിയുടേതായി പുറത്തു വന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ പുറത്തു വന്നത് ഇതേ വര്‍ഷം. മമ്മൂട്ടി ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിച്ചതും 90 ലായിരുന്നു. കെ.മധുവിന്റെ മൗനം സമ്മതം. ത്രിയാത്രി എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടു.
91-ല്‍ അമരവും ഇന്‍സ്പെക്ടര്‍ ബല്റാമുമായിരുന്നു. മമ്മൂട്ടിയുടെ മെഗാഹിറ്റുകള്‍. അതേ സമയത്തുതന്നെ തമിഴില്‍ രജനികാന്തിനൊപ്പം അഭിനയിച്ച ദളപതി ചരിത്രം സ്യഷ്ടിച്ചു. ഈ ചിത്രത്തിന് തൊട്ടുമുമ്പ് കെ.ബാലചന്ദറിന്റെ അഴകന് എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി നായകവേഷം അണിഞ്ഞിരുന്നു.
92-ല്‍ കൗരവര്‍, സൂര്യമാനസം, പപ്പയുടെ സ്വന്തം അപ്പൂസ് എന്നിവ സൂപ്പര്‍ വിജയം നേടി. ആദ്യമായി ഒരു തെലുങ്കു ചിത്രത്തില്‍ നായകനാകുന്നത് ഇതേ വര്‍ഷം – സ്വാതി കിരണം.
93-ല്‍ ധ്രുവം, വാത്സല്യം, ജാക്ക്പോട്ട് എന്നീ സൂപ്പര്‍ ഹിറ്റുകള്‍. ധര്‍ത്തീപുത്ര എന്ന ചിത്രത്തിലൂടെ ആദ്യമായി ബോളിവുഡില്‍ നായകനായി.
ഫാസിലിന്റെ തമിഴ് ചിത്രമായ കിളിപ്പേച്ച് കേള്‍ക്കവാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പുറത്തു വന്നതും ഇതേ വര്‍ഷം. (തുടരും…)
