2019ൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു മമ്മൂട്ടി അപൂർവമായ റെക്കോർഡ് സ്വന്തമാക്കി മുന്നേറുകയാണ്.
മൂന്നു ഭാഷകളിലായി നാലു വ്യത്യസ്ത ചിത്രങ്ങളിലൂടെ ഒരേ സമയം നടൻ എന്ന നിലയിലും താരമെന്ന നിലയിലും മമ്മൂട്ടി തിളങ്ങിയ വർഷമാണ് 2019ന്റെ ആദ്യ പകുതി.
മമ്മൂട്ടിയിലെ മഹാനടനെ ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയ പേരന്പ് എന്ന സിനിമയോടെയാണ് മമ്മൂട്ടിയുടെ 2019 ന്റെ തുടക്കം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ പേരന്പ് ബോക്സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അമുദവൻ എന്ന കഥാപാത്രത്തെ തന്റെ സൂക്ഷ്മമായ അഭിനയമികവ് കൊണ്ട് പ്രേക്ഷകന് അനുഭവേദ്യമാക്കി മമ്മൂട്ടി ഒരിക്കൽക്കൂടി നമ്മെ വിസ്മയിപ്പിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും വിദേശങ്ങളിലും മികച്ച വാണിജ്യവിജയവും പേരന്പ് നേടി.
തൊട്ടു പുറകെ എത്തിയ ബയോപിക് ചിത്രമായ യാത്രയിൽ വൈ എസ് ആർ ആയി വേഷമിട്ട മമ്മൂട്ടി തെലുങ്ക് ജനതയുടെ ഹൃദയം കവർന്നു. ആന്ധ്രയിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു.
തമിഴകവും തെലുങ്കാനയും കീഴടക്കിയ മമ്മൂട്ടിയുടെ അടുത്ത ഊഴം സ്വന്തം തട്ടകമായ കേരളക്കരയിൽ ആയിരുന്നു. മധുരരാജയെന്ന തനി തട്ടുപൊളിപ്പൻ മാസ് കഥാപാത്രമായി സ്ക്രീൻ നിറഞ്ഞാടിയ മമ്മൂട്ടിയുടെ മധുരരാജെയെ കാണാൻ വിഷു വെക്കേഷൻ കാലത്ത് പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തി. അങ്ങിനെ മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമായി മധുരരാജ മാറി.
മധുരരാജയുടെ ആരവം ഒടുങ്ങും മുൻപേയാണ് ‘ഉണ്ട’യുടെ വരവ്. തികച്ചും ഒരു റിയലിസ്റ്റിക് മൂവിയിലെ റിയാലിസ്റ്റിക്കായ പോലീസ് ഓഫീസർ പ്രേക്ഷക ഹൃദയങ്ങൾക്കൊപ്പം ബോക്സോഫീസും കീഴടക്കുന്നതാണ് ഇപ്പോൾ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി ഉണ്ട ബോക്സോഫീസിലും വമ്പൻ വിജയമായി മുന്നേറുകയാണ്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും അമേരിക്ക, സിംഗപ്പൂർ, ആസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.
ഒരു സൂപ്പർ താര മാസ്സ് ഹൈപ് ചിത്രത്തിന് ലഭിക്കുന്ന കളക്ഷനും ഷോ കൗണ്ടുമാണ് പ്രീമിയർ ഷോ അടക്കം ആദ്യദിനം ജിസിസിയിൽ ഉണ്ടയ്ക്ക് ലഭിച്ചത്. 687 ഷോ കളിച്ചു പുലിമുരുകന്റെ റെക്കോർഡിനിപ്പം എത്തി ഉണ്ട.
വാണിജ്യഘടകങ്ങൾ ഇല്ലാത്ത ഉണ്ട പോലൊരു റിയലിസ്റ്റിക് മൂവി നേടുന്ന വമ്പൻ വിജയം അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ക്ലാസ് എന്നോ മാസ് എന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന മമ്മൂട്ടി മാജിക് മറ്റു താരങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല. ചില താരങ്ങൾ വാണിജ്യമൂല്യം മാത്രമുള്ള ഹൈപ്പ് ചിത്രങ്ങളിൽ അഭിനയിച്ചു കോടികളുടെ കളക്ഷൻ കണക്കുകൾ മാത്രം നിരത്തുമ്പോഴാണ് പേരൻപും ഉണ്ടയും പോലുള്ള ക്ലാസ് ചിത്രങ്ങളിലൂടെയും മധുരരാജാ പോലുള്ള മാസ് ചിത്രങ്ങളിലൂടെയും യാത്ര പോലൊരു ബൈയോപിക് ചിത്രത്തിലൂടെയും മമ്മൂട്ടി ബോക്സോഫീസിലും നേട്ടം കൊയ്യുന്നത്.
ഇങ്ങനെ ആറു മാസം കൊണ്ട് മൂന്നു ഭാഷകളിലായി നാലു വിജയങ്ങൾ സ്വന്തമാക്കിയും മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന നൽകിയും മമ്മൂട്ടി മറ്റാർക്കും തകർക്കാൻ കഴിയാത്ത അപൂർവ നേട്ടമാണ് സ്വന്തമാക്കുന്നത്.