കഴിഞ്ഞ ആഴ്ചയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ കീഴിലുള്ള നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ Face of the Week ആയി തെരഞ്ഞെടുത്തത്. സെപ്തംബർ 2-നു തിങ്കളാഴ്ച നല്ല ദിവസം’ എന്ന പി. പദ്മരാജൻ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഫെയ്സ് ഓഫ് ദി വീക്ക് ആയി നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യ മമ്മൂട്ടിയെ തിരഞ്ഞെടുത്തതായി ഏവരെയും അറിയിക്കുന്നത്. അതോടൊപ്പം ഈ സംഘടനയുടെ ഔദ്യോഗിക പേജിന്റെ കവർ ചിത്രവും മമ്മൂട്ടിയുടേതാക്കി അവർ അപ്ഡേറ്റ് ചെയ്യുകയും ചെയ്‌തു. പിന്നീടുള്ള ദിവസങ്ങളിൽ ഒരു വടക്കൻ വീരഗാഥ, കൂടെവിടെ, വിധേയൻ, അംബേദ്കർ, മതിലുകൾ തുടങ്ങിയ പല മമ്മൂട്ടി കഥാപാത്രങ്ങളും NFAI അവരുടെ എഫ് ബി പേജിൽ പങ്കുവയ്ക്കുകയുണ്ടായി.
1964 ഫെബ്രുവരിയിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റായി സ്ഥാപിതമായതാണ് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സിൽ മെമ്പർഷിപ്പുള്ള സംഘടനയാണിത്. ഇന്ത്യൻ സിനിമയുടെ പൈതൃകം കണ്ടെത്തി സംരക്ഷിക്കുക, സിനിമകളെ തരംതിരിച്ച് ഗവേഷണം നടത്തി ഡാറ്റ രേഖപ്പെടുത്തി സൂക്ഷിക്കുക, ഇന്ത്യൻ ചലച്ചിത്ര സംസ്കാരത്തിന്റെ പ്രചാരണത്തിനുള്ള കേന്ദ്രമായി പ്രവർത്തികക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങളിൽ അധിഷ്ടിതമാണ് ഈ സംഘടന.