തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
അന്യഭാഷകളിൽ നിന്നും മലയാളസിനിമയിൽ അഭിനയിക്കാൻ വന്നു മലയാളസിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാർ നിരവധിയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി എത്തുന്ന നോർത്ത് ഇന്ത്യൻ പെൺകൊടി പ്രാച്ചി ടെഹ്‌ലാന് പ്രത്യേകതകൾ ഒരുപാടുണ്ട്. മാമാങ്കത്തിൻറ്റെ വീഡിയോ സോങ്ങും ട്രെയിലറും കണ്ടവർ ഞൊടിയിടയിൽ തന്നെ പ്രാച്ചിയെ നെഞ്ചോടു ചേർത്ത് വെക്കുകയും ചെയ്തു. മാമാങ്കത്തിലൂടെ സൗത്ത് ഇന്ത്യൻ ഭാഷയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പ്രാച്ചി 2010ലെ കോമൻവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബാൾ ടീം ക്യാപ്റ്റൻ കൂടിയായിരുന്നു. ”ക്യൂൻ ഓഫ് കോർട്ട്” എന്ന വിളിപ്പേരിൽ മൈതാനത്തു അറിയപ്പെട്ടിരുന്ന പ്രാച്ചി മോളിവുഡിലൂടെ “ക്യൂൻ ഓഫ് സിനിമയായി” കൂടി അരങ്ങേറാൻ കഴിഞ്ഞതിന്റെ ത്രില്ലിൽ ആണ്. മാമാങ്കം വിശേഷങ്ങളും സിനിമ സ്പോർട്ട്സ് വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് പ്രാചി ടെഹ്‌ലൻ, മമ്മൂട്ടി ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ.
? മാമാങ്കത്തിലെ കഥാപാത്രം
= ഉണ്ണിമായ എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്,ഉണ്ണിമായ ഒരു ഡാൻസർ, വാരിയർ, എൻറ്റർറ്റെയിനർ എന്നിങ്ങനെ പലതലങ്ങൾ ഉള്ള കഥാപാത്രം ആണ്. ഉണ്ണിമായ ആവുന്നതിനു പുറകിൽ ഏതാണ്ട് ഒരു വർഷത്തിലേറെയുള്ള പ്ലാനിങ് ഉണ്ടായിരുന്നു. എന്റെ ജീവിതരീതികളിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ഉണ്ണിമായ. അതുകൊണ്ട്തന്നെ എന്നിൽനിന്ന് ഉണ്ണിമായയിലേക്കുള്ള ദൂരവും കൂടുതൽ ആയിരുന്നു. ഉണ്ണിമായ ആകുന്നതിനു വേണ്ടി ഞാൻ മോഹിനിയാട്ടം, കളരിപയറ്റ് എന്നിവ അഭ്യസിച്ചു. ഇതു കൂടാതെ മലയാളഭാഷയേയും അടുത്തറിയാൻ ശ്രമിച്ചു.
? എങ്ങിനെയാണ് മാമാങ്കത്തിൽ എത്തിപ്പെടുന്നത്
=കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന മാമാങ്കത്തിന്റെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു. ആ ഓഡിഷനിൽ ഞാൻ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും തുടർന്നുള്ള കൂടികാഴ്ച്ചയിൽ മാമാങ്കത്തിലെ ഉണ്ണിമായ എന്നെ തേടിവരുകയും ആയിരുന്നു.
? മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയച്ചതിന്റെ അനുഭവം.
= മാമാങ്കത്തിന്റെ സെറ്റിൽ വെച്ചാണ് ഞാൻ ആദ്യമായി മമ്മൂക്കയെ നേരിൽ കാണുന്നത്. അതിനു മുൻപ് മമ്മൂക്കയെക്കുറിച്ച് ഒരുപാട് കേൾക്കുകയും വായിക്കുകയും എല്ലാം ചെയ്തിരുന്നു. ആദ്യദിനം മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അതു തിരിച്ചറിഞ്ഞെന്നവണ്ണം മമ്മൂക്ക എന്നോട് വളരേ ഫ്രണ്ട്ലിയാവുകയും എന്റെ ടെൻഷൻ കുറക്കുകയും ചെയ്തു. എന്റെ അഭിനയജീവിതം മമ്മൂക്കയെ പോലൊരു ലിവിങ് ലെജൻഡിനൊപ്പം തുടങ്ങാൻ കഴിഞ്ഞു എന്നത് തന്നെ ഏറ്റവും വലിയഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ മലയാളത്തിൽ ഡയലോഗ് പറയുമ്പോൾ അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തി തന്നു എന്നെ കൂടുതൽ മനോഹരമായി മലയാളം സംസാരിക്കാനും മമ്മൂക്ക സഹായിച്ചു.
? ക്വീൻ ഓഫ് കോർട്ട് ഓർ ക്വീൻ ഓഫ് സിനിമ
= രണ്ടും ഞാൻ ജീവിതത്തിൽ വളരേയധികം ആസ്വദിച്ചു ചെയ്തതാണ്. സ്പോർട്സ് എന്നത് എന്റെ കൌമാര കാലത്ത് എന്നെ മോട്ടിവേറ്റ് ചെയ്ത ഒന്നായിരുന്നെങ്കിൽ സിനിമ എന്നത് എന്നിലെ സ്ത്രീയെ മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. ഞാൻ ഇന്ന് എന്തായിരിക്കുന്നുവോ അതിനുള്ള കാരണം എന്നിലെ സ്പോർട്ട്സ് വുമൺ ആണ്. ഇനി ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് എത്രദൂരം പോകാൻ കഴിയും എന്നറിയില്ല. എന്നാലും എന്നെ തേടി വരുന്ന കഥാപാത്രങ്ങൾ മനോഹരമാക്കാൻ ഞാൻ പരമാവധി ശ്രമിക്കും.
?സ്പോർട്സ് എക്സ്പീരിയൻസ് ഉണ്ണിമായയെ എത്രത്തോളം സഹായിച്ചു.
= തീർച്ചയായും, ഉണ്ണിമായയിലെ വാരിയർക്കു എന്റെ സ്പോർട്സ് അനുഭവങ്ങൾ വളരെ പ്രചോദനം ആയി. തുടർച്ചയായി നാലു ദിവസത്തോളം നീണ്ടു നിന്ന ആക്ഷൻ സീക്വൻസുകൾ യാതൊരു മുഷിപ്പും ഇല്ലാതെ എൻജോയ് ചെയ്യാൻ കഴിഞ്ഞതിന് പുറകിലും എന്റെ സ്പോർട്സ് അനുഭവങ്ങൾ തന്നെയാണ്.
? മലയാളസിനിമാ മേഖലയെക്കുറിച്ച്
= കേരളം എന്ന സംസ്ഥാനം പോലെ തന്നെ മനോഹരം ആണ് ഇവിടുത്തെ സംസ്ക്കാരവും. എന്റെ സിനിമാ ജീവിതം ദേശീയതലത്തിൽ ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മലയാളഭാഷയിൽ നിന്നും ആരംഭിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ കാര്യമായി ഞാൻ കരുതുന്നു. മാമാങ്കത്തിൻറ്റെ സെറ്റിൽ എനിക്കൊപ്പം പ്രവൃത്തിച്ചവർ എല്ലാം വളരേ ഹാർഡ് വർക്കിങ്ങും, കോപ്പറേറ്റീവും ആയിരുന്നു.
? മലയാള സിനിമകൾ കാണാറുണ്ടോ
= മമ്മൂക്കയുടെ ഒരു വടക്കൻവീരഗാഥ, പഴശ്ശിരാജ ,മധുരരാജ എന്നീ സിനിമകൾ എനിക്ക് വളരേ പ്രിയപ്പെട്ടതാണ്. മഹേഷിന്റെ പ്രതികാരം, ഉയരെ തുടങ്ങിയ സിനിമകളും എനിക്ക് ഇഷ്ടമാണ്.
? മാമാങ്കത്തെ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയാൻ ഉള്ളത്
= ഇന്ത്യയിലെ വിവിധഭാഷകളിൽ റിലീസ് ചെയ്യുന്ന മാമാങ്കം എല്ലാവരും തീയറ്ററിൽ പോയി കാണുക, ഞാൻ അഭിനയിച്ച ആദ്യ സിനിമ എന്നത് കൊണ്ട് തന്നെ എന്റെ അഭിനയത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ എനിക്ക് അതിതായ ആഗ്രഹമുണ്ട്.
