ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി കുടുംബ നായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് പരോൾ. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് സന്ധിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആന്റണി ഡിക്രൂസ് എന്റർട്ടെയിന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ ഒരു സാധാരണ കർഷനാണ് അലക്സ്. നല്ലൊരു കുടുംബജീവിതത്തിന്റെ ഉടമ. ഭാര്യയും മക്കളുമൊത്ത് സന്തോഷകരമായ ജീവിതം നയിച്ചുവരവെയാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നത്. തുടർന്നുള്ള ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ പരോൾ എന്ന സിനിമയെ കൂടുതൽ ആവേശഭരിതമാക്കുന്നത്.
യാത്ര, നിറക്കൂട്ട്, ന്യൂഡൽഹി തുടങ്ങി മായാവിയും മുന്നറിയിപ്പും വരെ മമ്മൂട്ടി ജയിൽ പുള്ളിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെല്ലാം ബോക്സോഫീസ് ഹിറ്റുകളും ക്ലാസ് ചിത്രങ്ങളുമായിരുന്നു. ആ ഗണത്തിലേക്ക് ചേർത്തുവെക്കാൻ എത്തുകയാണ്, പരോൾ എന്ന ഈ ചിത്രവും. യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മിയാ ജോർജ്ജും ഇനിയയും നായികമാരാകുന്ന ചിത്രത്തിൽ ലാലു അലക്സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, അശ്വിൻ കുമാർ, കലാശാല ബാബു, ഇർഷാദ്, കൃഷ്ണകുമാർ, അനിൽ നെടുമങ്ങാട്, സോഹൻ സീനുലാൽ, അരിസ്റ്റോ സുരേഷ്, സുഹൈൽ ഹാരിസ്, ചെമ്പിൽ അശോകൻ, കലിംഗ ശശി തുടങ്ങിയവർക്കൊപ്പം ബാഹുബലിയിൽ കാലകേശനായെത്തിയ പ്രഭാകർ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നു.
റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ശരത് ഈണം പകർന്നിരിക്കുന്നു. ഒരു അറബിക് ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ക്യാമറ- ലോകനാഥൻ, എഡിറ്റിംഗ് സുരേഷ് അർസ്. സെഞ്ചൊറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിയുടെ നിരവദി ഹിറ്റ് ചിത്രങൾ നിർമ്മിച്ച് വിതരണം ചെയ്‌തിട്ടുള്ള സെഞ്ചൊറി ഫിലിംസ് വലിയൊരിടവേളയ്ക്കുശേഷം ഒരു മമ്മൂട്ടി ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും പരോളിനുണ്ട്.
In this article:

Click to comment