Connect with us

Hi, what are you looking for?

Latest News

അംബേദ്കർ സിനിമയോടും നാം അനീതി കാട്ടിയോ?

ഇന്ന് അംബേദ്കറിൻ്റെ 129 ആം  ജൻമദിനമാണ്മ…മറച്ചു വെക്കപ്പെടുന്ന അംബേദ്കർ സിനിമയ്ക്ക് അപ്പുറം ഇനി ഒരു നാളും മറച്ചു പിടിക്കാൻ കഴിയാത്ത അംബേദ്കറിൻ്റെ ചിന്തകൾക്ക് മുൻപിൽ, ജന്മദിന ആശംസകൾ !

 

ബാബാ സാഹേബ് അംബേദ്കർ.

മമ്മൂട്ടി ഒരിക്കൽ ‘ബാബാ സാഹേബ് അംബേദ്കർ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചുള്ള തൻ്റെ അനുഭവം പങ്ക്‌ വെക്കുകയുണ്ടായി.

“പൂനെ യൂണിവേഴ്‌സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമാണ്. സ്യൂട്ടും കോട്ടുമിട്ട് ഒരു മനുഷ്യന്‍ നടന്നു വരുന്നു. അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലൂടെ ഞാനും നടന്നു വരുന്നു. അയാൾ കുറച്ചു നേരം എന്നെ നോക്കി പകച്ചു നിന്നു. പെട്ടെന്ന് കരഞ്ഞു കൊണ്ട് വന്ന് എന്റെ കാലില്‍ വീണു. ഞാൻ ഞെട്ടിപ്പോയി, സംഭവിക്കുന്നത് എന്താണ്  ഒരു ഊഹവും എനിക്ക് കിട്ടിയില്ല, ഉടനെ അയാള്‍ പറഞ്ഞു

‘ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്, എന്നോട് ക്ഷമിക്കണം’

അതെ അംബേദ്കര്‍ അവര്‍ക്ക് ദൈവം തന്നെയാണെന്ന് എനിക്ക് മനസ്സിലായി. “

താരനിര കൊണ്ട് സമ്പന്നമായ ഇന്ത്യൻ സിനിമയിൽ ഒരുനാൾ ലോകം മുഴുവൻ ശ്രദ്ധ ലഭിക്കാൻ ശേഷിയുള്ള അംബേദ്കറിൻ്റെ ജീവിതം പറയാൻ ജബ്ബാർ പട്ടേൽ മലയാളം ഇൻഡസ്ട്രിയിലേക്ക് മമ്മൂട്ടി എന്ന നടനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ താരമൂല്യം കൊണ്ട് മാത്രം ആയിരിക്കില്ല.
ബയോപിക്കുകളുടെ കാസ്റ്റിംഗിൽ രൂപസാദൃശ്യത്തിനും, ശരീരഭാഷയ്ക്കും മമ്മൂട്ടി എത്രത്തോളം കൃത്യമാണ്, കഥാപാത്രം അയാളിൽ എത്ര ഭദ്രമാണ്
എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ്.

ഇവിടെ മമ്മൂട്ടി അത് തെറ്റിച്ചില്ല, അംബേദ്കറിലേക്ക് ഉള്ള മെയ്ക്കോവർ വഴി വന്ന രൂപ സാദൃശ്യം കൊണ്ടും, അസാധ്യമായ ഡയലോഗ് ഡെലിവറി കോണ്ടും, അഭിനയ മികവ് കൊണ്ടും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്.

ബാബാ സാഹേബ് അംബേദ്കർ എന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.

ഗവൺമെന്റ് തന്നെ കോടിക്കണക്കിന് രൂപ മുതൽമുടക്കിൽ രാജ്യത്തെ അതുല്യമായ ഒരു വ്യക്തിത്വത്തെ കുറിച്ച് ബയോപിക്ക് നിർമ്മിക്കുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷവും ജനങ്ങളിൽ കാര്യമായി എത്തിപ്പെടാതെ പൊടിപിടിച്ച് കിടപ്പുണ്ടെങ്കിൽ ആ സിനിമയുടെ പേര് ബാബാ സാഹേബ് അംബേദ്കർ എന്നും, അതിന് ആധാരമായ വ്യക്തിയുടെ പേര് ഡോ. ബി.ആർ അംബേദ്കർ എന്നുമാണ്.

ഒൻപത് കോടി രൂപ മുതൽമുടക്കിലാണ് National Film Development Corporation of India ചിത്രം നിർമിക്കുന്നത്, ഇംഗ്ലീഷിൽ നിർമ്മിച്ച സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, പഞ്ചാബി, ഗുജറാത്തി, ഒഡിയ തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷെ കാര്യമായി ഓടിയില്ല അല്ലെങ്കിൽ അതിനുള്ള വഴി പലപ്പോഴായി ഭരണകൂടം തന്നെ അങ്ങ് അടച്ചു.

അംബേദ്കറിൻ്റെ ജീവിതകാലത്തിന് ശേഷം അദ്ദേഹത്തിന്റെ ചിന്തകൾ നേരിട്ട അതേ തോതിൽ ഉള്ള തിരസ്‌കരണം തോതിൽ
തന്നെയാണ് സിനിമയും ഒരു പരിധിവരെ നേരിട്ടത്.

മറ്റൊരു വിരോധാഭാസം എന്തെന്നാൽ
മമ്മൂട്ടി അഭിനയിച്ച, ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം മലയാളത്തിൽ ഇതുവരെ ഡബ്ബ് ചെയ്ത് ഇറക്കിയിട്ടില്ല, അങ്ങനെ ഒരു ശ്രമം നടന്നിട്ടില്ല എന്നതാണ്, 2018 ൽ കേരള ഹൈക്കോടതിയിൽ കെ.അംബുജാക്ഷൻ എന്നൊരാൾ ഒരു കേസ് ഫയൽ ചെയ്യുന്നു അംബേദ്കർ മൂവി മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പക്ഷെ കാര്യമായി ഒന്നും നടന്നിട്ടില്ല. സിനിമ കാണാ ഡിജിറ്റൽ സാങ്കേതിക വിദ്യ മാത്രമാണ് നിലവിലെ ആശ്വാസം.

വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക ഉള്ള ഹിന്ദുത്വത്തിൻ്റെ പരിവർത്തന ഘട്ടത്തിൽ ഹിന്ദുത്വത്തിന് ഏറ്റവും കരുത്തു പകർന്ന ‘ രാമായണ’ സീരിയൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ പീരിഡിൽ പോലും ഡിഡി നാഷ്ണൽ റീ ടെലികാസ്റ്റ് ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്,

അതുകൊണ്ട് തന്നെ ഇതുവരെയും ഇനിയങ്ങൊട്ടും അംബേദ്കറിൻ്റെ സിനിമ ഇക്കൂട്ടർ താത്പര്യം കാണിച്ച് വലിയ തോതിൽ പ്രദർശിപ്പിക്കും എന്നതിൽ യാതൊരു പ്രതീക്ഷയും ഇല്ല, സാധ്യതയും ഇല്ല അതൊട്ടും യാദൃശ്ചികവുമല്ല. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പൊടി പിടിച്ച് കിടക്കുക തന്നെ ചെയ്യും.

ഇന്ന് അംബേദ്കറിൻ്റെ 129 ആം  ജൻമദിനമാണ്,  മറച്ചു വെക്കപ്പെടുന്ന, അംബേദ്കർ സിനിമയ്ക്ക് അപ്പുറം ഇനി ഒരു നാളും മറച്ചു പിടിക്കാൻ കഴിയാത്ത അംബേദ്കറിൻ്റെ ചിന്തകൾക്ക് മുൻപിൽ,

ജന്മദിന ആശംസ…💙

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles