മലബാറിലെ ഫുട്ബോൾപശ്ചാത്തലത്തിലൂടെ രണ്ട് ഫുട്ബോൾപ്രേമികളുടെ ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ രാത്രി 8 മണിക്ക് കൊണ്ടോട്ടി ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ മൈതാനിയിൽ വെച്ച് ഐ എം വിജയനും, ആന്റണി വർഗീസും ചേർന്ന് പുറത്തിറക്കും. നവാഗതനായ നിഖിൽ പ്രേംരാജാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നായകനായ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസ്സുകാരനായ ഉമ്മർ എന്ന കഥാപാത്രവും തമ്മിലുള്ള ആന്മബന്ധത്തിലൂടെയാണ് കഥാപുരോഗതി.

ആന്റണി വർഗീസിനുപുറമേ, സൈജു കുറുപ്പ്, ബാലു വർഗീസ്, ലുക്മാൻ, ഐ.എം. വിജയൻ, ദിനേശ് മോഹൻ (മുംബൈ), അർച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. നായിക പുതുമുഖമാണ്. സംഗീതം: ജേക്സ് ബിജോയ്. ഛായാഗ്രഹണം: ഫെയ്സ് സിദ്ദിഖ്. എഡിറ്റിങ്: നൗഫൽ അബ്ദുള്ള. അച്ചാപ്പു മൂവി മാജിക് & മാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റാൻലി സി.എസ്., ഫൈസൽ ലത്തീഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.റംസാൻ റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തും.
