മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ് സിനിമയിലെ മികച്ച പ്രകടനം കണ്ട് അമൽ നീരദ് അനസൂയയെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.മലയാളത്തിലേക്ക് കടക്കുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് ഒരു അനുഭവമാണെന്ന് അനസൂയ പറഞ്ഞു. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്നും ഏപ്രിലിൽ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും അവർ അറിയിച്ചു. സിനിമകളിലും മിനി സ്ക്രീനിലും ഒരുപോലെ സാന്നിധ്യം അറിയിക്കുന്ന അനസൂയ ഭരദ്വാജ് മികച്ച കഥാപാത്രങ്ങളുടെ പേരിൽ ഓർമിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പറയുന്നു.
ഫസ്റ്റ് ലുക് പോസ്റ്റർ കൊണ്ട് തന്നെ പ്രേക്ഷകരിൽ ആവേശം വിതച്ച മമ്മൂട്ടി -അമൽ നീരദ് ടീമിന്റെ ഭീഷ്മ പർവത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അമലും ദേവ്ദത് ഷാജിയും ചേർന്നാണ് ഈ സിനിമയുടെ രചിച്ചത്.ലോക്കഡൗണിന് ശേഷം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായ ‘ഭീഷ്മ പര്‍വ്വം’ താര സമ്പന്നമാണ്. ആനന്ദ് സി ചന്ദ്രയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അഞ്ചാം പാതിരാ, TGF, എസ്ര തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി ശ്രദ്ധേയനായ സുഷിൻ ശ്യമാണ് സംഗീത സംവിധായകൻ ദേശീയ അവാർഡ് ജേതാവും ബിഗ് ബി, എസ്ര, രാമലീല തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിവേക് ഹർഷനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.ലഗാൻ, ഏഴാം അറിവ് പോലുള്ള വമ്പൻ ചിത്രങ്ങൾ ഒരുക്കിയ തപസ് നായിക് ആണ് സൗണ്ട് ഡിസൈനെർ. പഴശ്ശിരാജ, ഗജനി തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ സുനിൽ ബാബുവാണ് പ്രൊഡക്ഷൻ ടീമിന് പിന്നിൽ. വരത്തനിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സുപ്രീം സുന്ദറാണ് സ്റ്റണ്ട് ഡയരക്ടർ.വസ്ത്രലങ്കാരം സമീറ സനീഷും മേക്കപ്പ് റോണക്സ് സേവ്യറും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.