ഒത്തിരി നാളുകൾക്കു ശേഷമാണ് ‘എല്ലാം തികഞ്ഞ’ ഒരു എന്റെർറ്റൈനർ സിനിമ ഏറെ ആസ്വദിച്ചു കണ്ടത്..അയ്യപ്പനും കോശിയും. ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മൂന്നു പേരാണ് ഏറെ മനസ്സിൽ സ്പർശിച്ചത്.. ഒന്ന് അതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെ.
മറ്റൊന്നു അയ്യപ്പനെ സൂപ്പർ ആയി അവതരിപ്പിച്ച ബിജു മേനോൻ…
ചിത്രത്തിൽ സതീഷ് എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച അനിൽ നെടുമങ്ങാട് ആയിരുന്നു ആ മൂന്നാമൻ. രണ്ടു മൂന്നു ഡയലോഗുകൾ കൊണ്ടുതന്നെ ആ സിനിമയുടെ പിരിമുറുക്കത്തിനു ആഴം കൂട്ടാൻ ആ പോലീസ് ഓഫീസറുടെ കഥാപാത്രത്തിനു കഴിഞ്ഞു എങ്കിൽ അത് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ മിടുക്ക് കൂടിയാണ്. സത്യത്തിൽ അയ്യപ്പനും കോശിയും കണ്ടു തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഈ നടനെ ഇനിയും ഒരുപാട് ഉപയോഗിക്കാനുണ്ട്, മലയാള സിനിമ എന്ന് മനസ്സ് പറഞ്ഞു. ഒപ്പം കമ്മട്ടിപ്പാടത്തിലെ ആ വില്ലൻ കഥാപാത്രവും ഓർമയിൽ വന്നു.
അയ്യപ്പനും കോശിയും പക്ഷെ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമ്മാനിച്ചത് രണ്ടു തീരാ നഷ്ടങ്ങൾ ആണ്. അതിലൊന്നു ആ സിനിമയുടെ അമരക്കാരനായിരുന്ന സച്ചിയുടെ ആകസ്മിക നിര്യാണമാണ്. ചെറിയൊരു ഓപ്പറേഷന് വിധേയനായ സച്ചി, അനസ്ത്യേഷ്യ കൊടുക്കുന്നതിലെ പിഴവോ മറ്റൊ മൂലമാണ് മരണം ആ കലാകാരനെ തട്ടിയെടുത്തത്.
ഇപ്പോഴിതാ തീർത്തും അവിശ്വസനീയമായി അനിൽ നെടുമങ്ങാടിന്റെ മരണവാർത്തയും നമ്മെ തേടിയെത്തി.. ഒരുപക്ഷെ കൂട്ടുകാരുമൊത്ത് ഡാമിൽ കുളിക്കാൻ പോയില്ലായിരുന്നു എങ്കിൽ നമുക്ക് അനിലിനെ നഷ്ടമാകില്ലായിരുന്നു എന്ന് വെറുതെ മനസ്സ് പറയുന്നു. ചെറിയൊരു ഓപ്പറേഷനു വിധേയനായില്ലായിരുന്നു എങ്കിൽ സച്ചി ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്ന് ആശിക്കുന്നത് പോലെ…
അനിലിന് ഒരുപാട് ഇഷ്ടമായിരുന്നു സച്ചിയെ. ഒരുപക്ഷെ അനിലിന്റെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റായ അയ്യപ്പനും കോശിയിലെ കഥാപാത്രത്തെ സമ്മാനിച്ച സച്ചിയോടുള്ള കടപ്പാടാകാം അതിനു കാരണം. അത് മാത്രമാകില്ല, അതിനുമപ്പുറം അവരുടെ ബന്ധങ്ങൾക്ക് ചില മാനങ്ങളുണ്ടായിരുന്നു എന്നുതന്നെയാണ് അനിലിന്റെ മരണം ഓർമ്മപ്പെടുത്തുന്നത്. സച്ചിയുടെ ജന്മദിനമായ ഡിസംബർ 25 ക്രിസ്മസ് ദിനത്തിലാണ് അനിൽ ഈ ലോകത്തോട് വിടപറയുന്നത്. അത് വെറുമൊരു ഓർമ്മകുറിപ്പ് മാത്രമായിരുന്നില്ല… തന്റെ പ്രിയ സച്ചിയേട്ടന്റെ ആത്മാവിനോട് പറയാനുള്ള ഒരു കുറിപ്പ് കൂടി ഫേസ് ബുക്കിൽ കുറിച്ച ശേഷമാണ് അനിൽ യാത്രയായത്..
“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു
ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ
അനുകരിക്കുകയായിരുന്നു.’ അനിൽ രാവിലെ ഫെയ്സ്ബുക്കിൽ കുറിച്ചു.
രാവിലെ ആ കുറിപ്പ് എഴുതി വൈകുന്നേരം ആകുമ്പോഴേക്കും അനിൽ നടന്നുപോയത് മരണത്തിന്റെ കയത്തിലേക്കാണ്… ഒരുപക്ഷെ ‘മരിക്കുവോളം എഫ് ബിയിലെ കവർ ഫോട്ടോയിട്ട് ഞങ്ങളിങ്ങനെ…” എന്ന ആ വാക്കുകൾ അറം പറ്റി എന്ന് പറയുന്നതിനേക്കാൾ സച്ചിയുടെ അരികിലേക്ക് അനിൽ യാത്ര പോയി എന്ന് പറയാനാണ്… വിശ്വസിക്കാനാണ് തോന്നുന്നത്.
പ്രിയ അനിലിന് ആദരാഞ്ജലികൾ.