ആകസ്മികമായി മരണം തട്ടിയെടുത്ത സംവിധായകൻ സച്ചിയുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.
സച്ചിയുടെ ആകസ്മികമായ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. തീർത്തും ഗുരുതുരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോഴും സച്ചി ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെ മനസ്സ് ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.. പ്രാർത്ഥിച്ചു… പക്ഷേ…
എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി സച്ചി യാത്രയായി, സിനിമയുടെ തിരക്കുകൾ ഇല്ലാത്ത, ചമയങ്ങളില്ലാത്ത ഒരു ലോകത്തേക്ക് ..
ദീർഘനാളത്തെ പരിചയമൊന്നും ഞങ്ങൾ തമ്മിലില്ലായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടശേഷമാണ് ഞാൻ ആദ്യമായി സച്ചിയെ ഫോണിൽ വിളിക്കുന്നത്. സിനിമയുടെ ക്രാഫ്റ്റ് അറിയാവുന്ന ഒരു സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സിനിമ. പുതുമയുള്ള കഥാപരിസരവും കെട്ടുറപ്പുള്ള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും എല്ലാമായി അടുത്ത കാലത്തു കണ്ട ഒരു മികച്ച കൊമേഴ്സ്യൽ സിനിമയായിരുന്നു അയ്യപ്പനും കോശിയും.
ആ സിനിമ കണ്ടുകഴിഞ്ഞപ്പോൾ തന്നെ സച്ചിയെ വിളിക്കണമെന്ന് തോന്നി.
എന്റെ അഭിനന്ദന വാക്കുകൾ കേട്ടപ്പോൾ സച്ചിയ്ക്കും സന്തോഷമായി.
സംസാരമധ്യേ ഞാൻ ചോദിച്ചു, “മമ്മൂക്കയ്ക്ക് പറ്റിയ നല്ല കഥകൾ വല്ലതും മനസ്സിലുണ്ടോ?”
“ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ട്..” എന്ന് സച്ചി.
‘എങ്കിൽ നമുക്കൊന്ന് നേരിട്ട് കാണണം’ എന്ന് പറഞ്ഞപ്പോൾ, ‘അതിനെന്താ അപ്പച്ചാ… ഞാൻ കോഴിക്കോട് വരുമ്പോൾ വിളിക്കാം.നമുക്ക് കാണാം” എന്ന് പറഞ്ഞു ഫോൺ വച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സച്ചിയുടെ ഫോൺ.. അപ്പച്ചാ ഞാൻ കോഴിക്കോടുണ്ട് ഇപ്പോൾ. മറ്റൊരു ആവശ്യത്തിന് വന്നതാണ്. അപ്പച്ചൻ ഫ്രീ ആണെങ്കിൽ നമുക്ക് നേരിട്ട് കാണാം.
സച്ചിയെ ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു. ജാഡകളില്ലാത്ത സംസാരവും പെരുമാറ്റവും. കുറച്ചു നേരം കൊണ്ട് ഞങ്ങൾ ഒത്തിരി സംസാരിച്ചു. സച്ചിയുടെ മനസ്സിലുള്ള മമ്മൂക്കയ്ക്ക് പറ്റിയ രണ്ട് കഥകളുടെ വൺ ലൈൻ പറഞ്ഞു. അതിൽ ഒരെണ്ണം വളരെ ടച്ചിംഗായി എനിയ്ക്ക് തോന്നി.തീരെ താഴ്ന്ന നിലയിൽ നിന്നും സ്വപ്രയത്നത്തിലൂടെ വളരെ ഉന്നതിയിൽ എത്തുന്ന ഒരാളുടെ കഥ… മമ്മൂട്ടി എന്ന അതുല്യ പ്രതിഭയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന അസാധാരണമായ പെർഫോമൻസ് കാഴ്ചവയ്ക്കാൻ പറ്റിയ കഥാപാത്രവും പുതുമയുള്ള, സമൂഹത്തിനു ചില സന്ദേശം നൽകുന്ന കഥാപരിസരവുമുള്ള ആ കഥ എനിക്കിഷ്ടമായി.
“നമുക്കിത് ചെയ്യണം” ഞാൻ സച്ചിയ്ക്ക് കൈ കൊടുത്തു.
“മമ്മൂക്കയ്ക്ക് മാത്രമേ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ കഴിയു. മമ്മൂക്ക ‘നോ’ പറഞ്ഞാൽ ഈ സിനിമ ഇല്ല ” സച്ചി പറഞ്ഞു.
“നമുക്ക് സിബിഐ യുടെ ലൊക്കേഷനിൽ വച്ചു മ്മൂക്കയോട് കഥ പറയാം. സിബിഐ കഴിഞ്ഞു ഒരു മമ്മൂക്ക പടം കൂടി ചെയ്യണം എന്നെനിക്കാഗ്രഹമുണ്ട്.” ഞാൻ പറഞ്ഞു.
“പക്ഷേ അപ്പച്ചാ കഥ മാത്രമേ ആയിട്ടുള്ളൂ. തിരക്കഥയിലേക്കൊന്നും കടന്നിട്ടില്ല ”
“അത് സാരമില്ല.
സാവകാശം സമയമെടുത്തു എഴുതിയാൽ മതി ” എന്ന് ഞാൻ പറഞ്ഞു.
ഒരു അസ്വാൻസ് തുക സച്ചിയുടെ കൈയിലേൽപിച്ചു സച്ചിയുടെ മനസ്സിലുള്ള ആ കഥയെ ഞാൻ മനസ്സുകൊണ്ട് സ്വന്തമാക്കി. ബാക്കിയൊക്കെ മമ്മൂക്കയും പിന്നെ ദൈവവും ആണല്ലോ തീരുമാനിക്കേണ്ടത്.
സന്തോഷത്തോടെ സച്ചിയെ യാത്രയാക്കി.. ആ യാത്ര പക്ഷേ ഇത്രവേഗം അവസാനിക്കാനുള്ളതായിരിന്നു എന്ന് ഒരിക്കൽ പോലും കരുതിയില്ല.. മമ്മൂക്കയോട് ആ കഥ പറയാൻ കാത്തുനിൽക്കാതെ സച്ചി യാത്രയായി… ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്ര.
വിധി അങ്ങിനെയാണല്ലോ.. നമ്മൾ ചിന്തിക്കുന്നതും ഉറപ്പിക്കുന്നതും അല്ലല്ലോ ദൈവം ചിലപ്പോൾ നൽകുക.. ഈ ലോകത്തെ തന്നെ നിശ്ചമാക്കിയ കൊറോണ എത്രയോ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകർത്തുകളഞ്ഞത്.
