By Praveen Lakkoor
കരുത്തുറ്റ പോലീസ് കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ പുതിയ മാനം നൽകിയ ബൽറാം വെള്ളിത്തിരയിലെത്തിയിട്ട് 34 വർഷങ്ങൾ. ഐ.വി. ശശി – ടി.ദാമോദരൻ ടീമിന്റെ ആവനാഴിയിലെ പോലീസ് ഓഫീസറായ ബൽറാം മമ്മൂട്ടി അവതരിപ്പിച്ച നിരവധി പോലീസ് വേഷങ്ങളിൽ ഏറ്റവും മികച്ചതായും വിലയിരുത്തപ്പെടാറുണ്ട്. തീക്ഷ്ണമായ ഭാവങ്ങൾ, തീ തുപ്പുന്ന ഡയലോഗുകൾ, തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒക്കെ നിറഞ്ഞ സിനിമ 1986 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.
ബൽറാം എന്ന കഥാപാത്രത്തിന്റെ സ്വീകാര്യതയാണ് പിന്നീട് ഇൻസ്പെക്ടർ ബൽറാം എന്ന പേരിൽ പുറത്തിറങ്ങിയ വമ്പൻ ഹിറ്റിന് വഴിതെളിയിച്ചത്. ബൽറാം V/S താരാദാസുമായി എന്ന ചിത്രത്തിലൂടെ വീണ്ടും ഈ തകർപ്പൻ പോലീസ് കഥാപാത്രം വെള്ളിത്തിരയിലെത്തി. ഈ സിനിമയും ബോക്സ് ഓഫീസിൽ വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. പോലീസ് കഥാപാത്രങ്ങൾക്ക് റെഫറൻസ് എന്ന നിലയിൽ പുതുതലമുറയിലെ അഭിനേതാക്കൾ പോലും ഇന്നും പിന്തുടരുന്ന ബൽറാം മലയാളത്തിന്റെ മെഗാസ്റ്റാർ അനശ്വരമാക്കിയ അസംഖ്യം കരുത്തുറ്റ കഥാപാത്രങ്ങളുടെ നിരയിൽ സവിശേഷ സ്ഥാനം അർഹിക്കുന്നു.
ആവനാഴിയുടെ 34 വർഷങ്ങൾ – ചില വസ്തുതകൾ
***************************************
കേരള രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച രാജൻ കേസ്, പൊതു സമൂഹത്തിൽ സൂപ്പർ സ്റ്റാർ പരിവേഷമുണ്ടായിരുന്ന കൊടും കുറ്റവാളി ചാൾസ് ശോഭ് രാജ്, തുടങ്ങി 80 കളിൽ സാമൂഹ്യ മാധ്യമ രംഗങ്ങളിൽ ചൂടൻ ചർച്ചാ വിഷയമായിരുന്ന വിവിധ സംഭവങ്ങളെയും, വ്യക്തികളെയും കോർത്തിണക്കി, ഐ വി ശശി – ടി ദാമോദരൻ ടീം ഒരുക്കിയ ചിത്രമായിരുന്നു “ആവനാഴി”. സാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രമുഖ നിർമ്മാതാവായ സാജനായിരുന്നു ചിത്രം നിർമ്മിച്ചത്.
ദാമോദരൻ മാഷിന്റെ മികച്ച തിരക്കഥയും, ചടുലമായ ഡയലോഗുകളും, കഥാപാത്രങ്ങൾക്ക് അനുയോജ്യമായ കാസ്റ്റിംങ്ങും, അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, ശ്യാമിന്റെ ഉശിരൻ BGM ഉം, ഒത്ത്ചേർന്ന ഇൗ ഐ വി ശശി ചിത്രത്തിലൂടെ ലഭിച്ചത് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത പോലീസ്-പൊളിറ്റിക്കൽ ത്രില്ലറായിരുന്നു.
മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പോലീസ് നായക കഥാപാത്ര സൃഷ്ട്ടിയായിരുന്നു ആവനാഴിയിലെ സർക്കിൾ ഇൻസ്പെക്ടർ ബൽറാം.
ഓം പുരി പോലീസ് വേഷത്തിൽ വന്ന, ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത “അർദ്ധ സത്യ” എന്ന ചിത്രം ആവനാഴി ഒരുക്കാൻ പ്രചോദനം ആയിരുന്നിരിക്കാം എന്ന് അക്കാലത്ത് പല നിരൂപകരും വിലയിരുത്തിയിരുന്നു.
അഭിനേതാക്കൾ
=============
അനീതിക്കെതിരെ ആഞ്ഞടിക്കുന്ന, , മുൻകോപക്കാരനായ, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരാത്ത, നീറുന്ന മനസ്സിനുടമയായി തികച്ചും ഒറ്റയാനായി ജീവിക്കുന്ന, “കരടി ബാലു” എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഇൻസ്പെക്ടർ ബൽറാമായി മമ്മൂട്ടി അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു. രാജൻ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന പോലീസ് മേധാവികകളിൽ ഒരാളായ ജയറാം പടിക്കലിന്റെ പേരുമായി സാമ്യമുള്ള പേരായിരുന്നു “ബൽറാം”. ഈ കഥാപാത്രവും രാജൻ കേസ് പോലുള്ള ഒരു സംഭവത്തിൽ കുറ്റാരോപിതനാകുന്നുണ്ട്.
അക്കാലത്ത് പത്രമാധ്യമങ്ങൾ ഒരു ഹീറോ പരിവേഷത്തോടെ അവതരിപ്പിച്ച, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ആയുധമായി പ്രവർത്തിച്ചിരുന്ന, ചാൾസ് ശോഭരാജ് എന്ന രാജ്യാന്തര കൊടും കുറ്റവാളിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സൃഷ്ടിച്ച കഥാപാത്രമായിരുന്നു ക്യാപ്ടൻ രാജു അവതരിപ്പിച്ച സത്യരാജ്. എല്ലാം കൊണ്ടും നായകനൊത്ത കരുത്തനായ വില്ലൻ കഥാപാത്രമായിരുന്നു അത്. ആഗസ്റ്റ് 1 ലെ കില്ലർ വേഷം കഴിഞ്ഞാൽ ക്യാപ്ടൻ രാജു അവതരിപ്പിച്ച ഏറ്റവും മികച്ച വില്ലൻ വേഷം സത്യരാജ് തന്നെ ( വീരഗാഥയിലെ അരിങ്ങോടർ ഒരു വില്ലൻ വേഷമായി കൂട്ടാൻ കഴിയില്ല).
തന്റെ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറുകളിൽ വെറും പുരുഷ കേന്ദ്രീകൃത കഥപറച്ചിലായിരുന്നില്ല ദാമോദരൻ മാഷ് അവലംബിച്ചത്. അതിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയും നമുക്ക് കാണാൻ കഴിയും. പലപ്പോഴും നായകനായ ബൽറാമിനെക്കാൾ കരുത്തുറ്റ കഥാപാത്രമാണ് സീമ അവതരിപ്പിച്ച രാധ എന്ന് പ്രേക്ഷകന് തോന്നും. ബൽറാമിനോട് അവർക്കുള്ള പകയും, അത് നടപ്പിലാക്കാൻ അവർ സ്വീകരിക്കുന്ന വഴികളും അത്തരത്തിലുള്ളവയാണ്. രാധ സീമയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. അതുപോലെ തന്നെ ചിത്രത്തിൽ ഗീത അവതരിപ്പിച്ച സീത എന്ന ലൈംഗിക തൊഴിലാളിയും, നളിനി അവതരിപ്പിച്ച ഉഷയും മികച്ച, കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു.
ഇവരെക്കൂടാതെ ശ്രീനിവാസൻ, സുകുമാരൻ, ഇന്നസെന്റ്, KPAC ലളിത, ജോണി തുടങ്ങിയ നീണ്ടതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ബൽറാമിന്റെ സുഹൃത്ത് കൂടിയായ അലക്സ് എന്ന പോലീസ് കഥാപാത്രം ജോണിക്ക് ലഭിച്ച ആദ്യ പോസിറ്റീവ് വേഷമായിരുന്നു.
മമ്മൂട്ടി എന്ന താരവും ആവനാഴിയും
============================
1986. ആറ് മമ്മൂട്ടി ചിത്രങ്ങൾ ഓണക്കാല ചിത്രങ്ങളായി ഒരുമിച്ചിറങ്ങി. അഞ്ചും പരാജയമായി മാറി. ആവനാഴി ആ ഫ്ലോപ്പുകൾക്കിടയിൽ വമ്പൻ വിജയമായി തലയുയർത്തി നിന്നു.
ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നും ആവനാഴിയായിരുന്നു. റിലീസ് കേന്ദ്രങ്ങളിലും, പിന്നീട് B, C സെന്ററുകളിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശിക്കപ്പെട്ടു.
റീമേക്കുകൾ
==========
ഏതാണ്ട് നാലഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്ന വിനോദ് ഖന്ന തന്റെ തിരിച്ച് വരവിനായി തിരഞ്ഞെടുത്തത് ആവനാഴിയുടെ ഹിന്ദി പതിപ്പായ “സത്യമേവ ജയതേ” എന്ന ചിത്രമാണ്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. തമിഴിൽ കമൽഹാസന്റെ നിർമ്മാണത്തിൽ, സന്താന ഭാരതി സംവിധാനം ചെയ്ത് ” കടമൈ കണ്ണിയം കട്ടുപ്പാട്” എന്നപേരിൽ സത്യരാജ് നായകനായി ഇറങ്ങി. അതും വിജയമായിരുന്നു. തെലുങ്കിൽ “മരണ ശാസനം” എന്നപേരിലായിരുന്നു റീമേക്ക് ചെയ്തത്. കൃഷ്ണം രാജുവായിരുന്നു നായകൻ. തമിഴ്, തെലുങ്ക് പതിപ്പുകളിൽ ക്യാപ്ടൻ രാജു തന്നെയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്.
പിൽക്കാലത്ത് മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട, ഇന്നും ആഘോഷിക്കപ്പെടുന്ന പല പോലീസ് ഹീറോ കഥാപാത്രങ്ങൾക്കും പ്രചോദനം ആവനാഴിയാണ്.
