Connect with us

Hi, what are you looking for?

Star Chats

അഭിനയ ജീവിതത്തിൽ പൂന്തെന്നലായി മമ്മൂക്ക : ബാബു ആന്റണി

സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി ഭരതേട്ടന്റെ (ഭരതൻ ) മുന്നിലെത്തുമ്പോൾ അദ്ദേഹം അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമുള്ള ആൾ ആണെന്ന് എനിക്ക് ഒട്ടും നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ നിറയെ വൈശാലിയിലെ രാജാവായിരുന്നു. പക്ഷേ ആദ്യം പുറത്തിറങ്ങിയത്  ‘ചിലമ്പ്’ ആയിരുന്നു. ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു അതിൽ. മെലിഞ്ഞു നീണ്ട ശരീരപ്രകൃതിയും നീട്ടിവളർത്തിയ മുടിയും താടിയും എല്ലാം അന്നത്തെ നായക സങ്കല്പങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു. നല്ലൊരു എൻട്രി ആഗ്രഹിച്ചു നടക്കുന്ന എനിക്ക് അതുകൊണ്ട് നായകൻ ആയാലും വില്ലൻ ആയാലും  ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്ന ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഭരതേട്ടന്റെ  ചിത്രത്തിലൂടെയുള്ള രംഗപ്രവേശം ശ്രദ്ധിക്കപ്പെട്ടു.

അങ്ങനെയാണ് പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിയ്ക്ക് അവസരം ലഭിക്കുന്നത്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരുന്നു അത്. മമ്മൂക്ക അന്ന് മലയാള സിനിമയിലെ നമ്പർ വൺ താരമാണ്. എതിരാളികൾ ഇല്ലാതെ മലയാള സിനിമയെ ഒറ്റയ്ക്ക് ഭരിക്കുന്ന കാലം. അന്ന് 30-35 സിനിമകൾ ഒരു വർഷം മമ്മൂക്കയുടേതായി പുറത്തിറങ്ങും ! അവയിൽ മിക്കവയും ഹിറ്റുകളും സൂപ്പർ ഹിറ്റുകളും. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് മമ്മൂക്ക പറന്ന് നടന്നാണ് അഭിനയിക്കുന്നത്. അങ്ങിനെയുള്ള ഒരു നായകനൊപ്പം, അതും ഫാസിൽ സാറിനെപ്പോലൊരു ഹിറ്റ്‌ മേക്കറുടെ ചിത്രത്തിൽ ശക്തമായ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്, എന്റെ കരിയറിൽ തന്നെ വഴിത്തിരിവായി.,,,

മമ്മൂക്കയെ കുറിച്ച് കൃത്യമായ അറിവ് എനിക്കുണ്ടായിരുന്നു. സിനിമയ്ക്കായി സ്വയം അർപ്പിച്ചു മുന്നേറുന്ന അദ്ദേഹത്തിന്റെ അഭിനയകലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട്,  അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ എനിക്ക് ലഭിച്ചിരുന്നു. പൂവിനു പുതിയ പൂന്തെന്നൽ എന്റെ ജീവിതത്തിലും പൂന്തെന്നൽ ആയി മാറി. എന്റെ ശാരീരികമായ പ്രത്യേകതകളും മാർഷൽ ആർട്സിൽ ഉള്ള പരിചയവും പുവിന് പുതിയ പൂന്തെന്നലിൽ  ശക്തമായ ഒരു വില്ലൻ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. നായകനൊപ്പം ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു അതിലെ വില്ലൻ വേഷവും. ഫാസിൽ സംവിധാനം ചെയ്ത ആ ചിത്രം പിന്നീട് അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. അതിലെല്ലാം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാൻ തന്നെയായിരുന്നു. പൂവിനു പുതിയ പൂന്തെന്നൽ ഒരു ഓണക്കാലത്താണ് റിലീസ് ചെയ്തത് എന്നാണെന്റെ ഓർമ്മ. ആ ഓണത്തിന് മമ്മൂക്കയുടെ തന്നെ അഞ്ചോ ആറോ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു എന്നറിയുമ്പോഴാണ് ഇന്നത്തെ യുവതാരങ്ങളും മമ്മൂക്കയെപ്പോലൊരു നടന്റെ കരിയറും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുക.

മമ്മൂട്ടിയെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഉദയാ സ്റ്റുഡിയോയിൽ വച്ചാണ്. ഞാൻ സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ മമ്മൂക്ക  ‘പ്രേം നസീർ കോട്ടേജിനു’ മുന്നിൽ ഇരിക്കുകയായിരുന്നു.  ചിലമ്പിലെ എന്റെ അഭിനയം അദ്ദേഹം  ശ്രദ്ധിച്ചിരുന്നു. വളരെ കുറച്ച് മാത്രമാണ് ഞങ്ങൾ സംസാരിച്ചത് എങ്കിലും അത് ഹൃദ്യമായിരുന്നു.

മമ്മൂക്ക എന്ന നടനെ ദൈവത്തിന്റെ സമ്മാനമായിട്ടാണ് ഞാൻ കാണുന്നത്. ഏറെ ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ് അദ്ദേഹം. പൂവിനു പുതിയ പൂന്തെന്നലിനുശേഷം പ്രണാമം എന്ന ചിത്രത്തിലാണ് പിന്നീട് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. ആദ്യ ചിത്രം മുതൽ കോബ്ര വരെയുള്ള ചിത്രങ്ങളിലെല്ലാം വളരെ നല്ല രീതിയിലുള്ള ഒരു ബന്ധം നിലനിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷനുകളിൽ എന്നോട് മമ്മൂക്ക വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ എങ്കിലും അത് മനസ്സ് തുറന്നുള്ള സത്യസന്ധമായ പെരുമാറ്റം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കൂടുതൽ സംസാരിക്കുന്ന പ്രകൃതക്കാരനല്ല  ഞാൻ. അതുപോലെതന്നെ ഇടിച്ചുകയറി സംസാരിക്കുന്ന രീതിയും എനിക്കില്ല. മമ്മൂക്കയ്ക്ക് ഞാൻ എല്ലാ കാലത്തും നൽകിയിരിക്കുന്നത് ഒരു റെസ്പെക്റ്റബിൾ പൊസിഷ്യനാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് അങ്ങനെ ഒരു സ്ഥാനം നൽകാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം.

ഞാൻ വിവിധ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മൂക്കയോടൊപ്പം ഏതാണ്ട് ഇരുപതോളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ അതിനേക്കാൾ കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിചയവും ബന്ധവുമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. മമ്മൂക്കയോടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി മാറി എന്നതും ശ്രദ്ധേയമാണ്. മമ്മൂക്കയുമായി ഒന്നിച്ചു അഭിനയിച്ചതിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ  പൂവിനു പുതിയ പൂന്തെന്നലും  കൗരവരും ആണ്. കൗരവരിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം മമ്മൂക്ക എന്നോട് ചോദിച്ചു,  നമ്മൾ തമ്മിൽ ഇപ്പോൾ പത്തുപതിനഞ്ച് ചിത്രങ്ങളായില്ലേ എന്ന്. സത്യത്തിൽ അന്ന് അഞ്ച് ചിത്രങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ. ഞാനത്  മമ്മൂക്കയോട് പറയുകയും ചെയ്തു. പിന്നീട് നിരവധി  സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു.  വീണ്ടുമൊരിക്കൽ കൂടി  മമ്മൂക്ക പഴയ ചോദ്യം ആവർത്തിച്ചു… ഇപ്പോൾ നമ്മൾ അൻപതോളം സിനിമകൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ടാകും അല്ലെ?  മമ്മൂക്കയുടെ ആ ചോദ്യം വലിയ സന്തോഷമാണ് തോന്നിയത്. അങ്ങനെ കൂടുതൽ സിനിമകൾ ഒന്നിച്ചു ചെയ്തു എന്നൊരു ഫീൽ ഉണ്ടാകുന്നതുതന്നെ ബന്ധത്തിന്റെ ദൃഢതയായാണ് കാണിക്കുന്നത്. കൗരവർ, ജാഗ്രത, കാർണിവൽ, വജ്രം, കോട്ടയം കുഞ്ഞച്ചൻ, ബ്ളാക്ക് തുടങ്ങി കോബ്ര വരെ ഇരുപതോളം സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. വില്ലൻ വേഷത്തിൽ നിന്നും മാറി മമ്മൂക്കയുടെ സുഹൃത്തായി വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു  കൗരവരിൽ. ലോഹിതദാസിന്റെ ശക്തമായ കഥാപാത്രവും ജോഷിയേട്ടന്റെ സംവിധാനവും മമ്മൂക്കയുടെ സാനിധ്യവും കൂടി ആയപ്പോൾ വല്ലാത്തൊരു എനർജി ലഭിച്ച ഒരു അനുഭവം തന്നെയായിരുന്നു കൗരവറിലെ കഥാപാത്രം. പിന്നീട് താരസമ്പന്നമായ ട്വന്റി 20യിലും  മമ്മൂക്കയുടെ സുഹൃത്തായി ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു.

മമ്മൂക്കയിൽ ഞാൻ കണ്ടിട്ടുള്ള ഒരു സവിശേഷത അദ്ദേഹം എല്ലാവരെയും കെയർ ചെയ്യും എന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തോട് പറഞ്ഞാൽ എളുപ്പം അത് പരിഹരിച്ചു തരും. അതുപോലെതന്നെ സഹപ്രവർത്തകരുടെ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. തന്റെ കഥാപാത്രത്തിൽ കാണിക്കുന്ന അതേ താല്പര്യം മറ്റുള്ളവരുടെ കാര്യത്തിലും അദ്ദേഹം കാണിക്കാറുണ്ട്. അത്തരമൊരു അനുഭവം എനിക്കുണ്ടായിരുന്നു. ഏത് ചിത്രത്തിൽ ആണെന്ന് ഓർക്കുന്നില്ല. ഞാൻ മേക്കപ്പ് ചെയ്തശേഷം മമ്മൂക്കയുടെ അടുത്തുചെന്നു. എന്റെ മേക്കപ്പ് ശരിയായിട്ടുണ്ടായിരുന്നില്ല. ഉടൻ മമ്മൂക്ക മേക്കപ്പ്മാനെ വിളിച്ച് വരുത്തി മേക്കപ്പ് നല്ലരീതിയിൽ ചെയ്യാൻ ആവശ്യപ്പെട്ടു. മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു എനിക്ക് മേക്കപ്പ് ചെയ്തത്. “ഇദ്ദേഹം സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ് നിങ്ങൾ നല്ല രീതിയിൽ മേക്കപ്പ് ചെയ്യണം” എന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെടുകയും മാറ്റി ചെയ്യിപ്പിക്കുകയും ചെയ്തു. വില്ലന്റെ  പെർഫോമൻസ് ആണ് നായകനു  കൂടുതൽ കയ്യടി നേടിത്തരുന്നതിൽ  പ്രധാനം എന്ന യാഥാർത്ഥ്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ആക്ഷൻ സീക്വൻസുകളിൽ അദ്ദേഹം സഹതാരങ്ങളോട്  നല്ല രീതിയിൽ പെർഫോം ചെയ്യാൻ ആവശ്യപ്പെടുകയും അവരോട് നല്ല നിലയിൽ പെരുമാറുകയും ചെയ്യും. മറ്റുള്ളവരുടെ നേട്ടങ്ങളും ഗുണങ്ങളും അംഗീകരിക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ മാർഷ്യൽ ആർട്സിൽ,  പ്രത്യേകിച്ചും കരാട്ടെയിലും കുങ്ഫുവിലുമുള്ള കാര്യങ്ങളെ കുറിച്ച് അറിയാൻ അദ്ദേഹം കാണിക്കുന്ന താൽപര്യം നമുക്ക് നൽകുന്ന അംഗീകാരം കൂടി ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.

കാർണിവൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം ലൊക്കേഷനിൽ എത്തിയിരുന്നു. കൂടാതെ സുകുമാരൻ ചേട്ടന്റെ കുടുംബവും എത്തിയിരുന്നു. അന്ന് ഞാൻ എടുപ്പിച്ച ഫോട്ടോ ഇപ്പോഴും എന്റെ പക്കൽ ഉണ്ട്. അന്ന് മമ്മൂക്കയുടെ മക്കളായ ദുൽഖർ സൽമാൻ,  സുറുമി സുകുമാരന്റെ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെല്ലാം ആയി മരണക്കിണറിൽ  ഇരുന്ന് എടുത്ത ചിത്രങ്ങൾ നല്ലൊരു അനുഭവത്തിന്റെ  ഓർമ്മചിത്രങ്ങൾ കൂടിയാണ്. വർഷങ്ങൾ പിന്നിടുമ്പോഴും മമ്മൂക്കയുമായുള്ള ബന്ധം എല്ലാ ബഹുമാനത്തോടും കൂടി നിലനിർത്താൻ കഴിയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles