Connect with us

Hi, what are you looking for?

Times Special

കണ്ണിനും മനസ്സിനും കാഴ്ചയുടെ നോവു പകർന്ന മാധവൻ

ഗ്രാമവിശുദ്ധിയുടെ അടയാളം പോലെ ഫിലിം ഓപ്പറേറ്റര്‍ മാധവന്‍. സ്‌നേഹവും സൗഹൃദവും അയാളുടെ മുഖമുദ്രകള്‍. മുഖം മുഷിഞ്ഞ് ആരോടും ഒരു വാക്ക് പറയില്ല. സാധുവാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തില്‍ അയാള്‍ കുബേരനാണ്. ഫിലിം പ്രൊജക്ടറുമായി ഊരുചുറ്റിയുള്ള പ്രദര്‍ശനത്തിനിടയിലാണ് അയാളൊരു അനാഥബാലനെ കണ്ടുമുട്ടുന്നത്. വിശപ്പിന്റെ കാഠിന്യവും അതുതീര്‍ത്ത അവശതയും ദൈന്യതയുടെ രൂപം പൂണ്ടപ്പോള്‍ ആ ബാലന്റെ അവസ്ഥയില്‍ അലിവുതോന്നി മാധവന്‍ അവനെ തന്റെ കൂടെകൂട്ടുകയാണ്. മാധവന്റെ ഭാഷ അവനും അവന്റെ ഭാഷ മാധവനും മനസ്സിലായില്ലെങ്കിലും സ്‌നേഹത്തിനു ഭാഷ ഒരു തടസ്സമല്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ബാലന്‍, മാധവന്റെ കുടുംബത്തിലെ അംഗമായി.

കൊച്ചുകൊച്ചു കുസൃതികളിലൂടെ അവന്‍ കുടുംബത്തിലെ ഏവരുടെയും ഹൃദയം കവര്‍ന്ന് അവരുടെയെല്ലാം കൊച്ചുണ്ടാപ്രിയായി. മാധവന്‍ ഫിലിം പെട്ടിയുമായി ഊരുചുറ്റിയപ്പോള്‍ അവന്‍ സന്തത സഹചാരിയായി കൂടെക്കൂടി. നിയമത്തിന്റെ കാവല്‍ഭടന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ എഴുതാപ്പുറങ്ങള്‍ വായിച്ച് അതിന് വേണ്ടാത്ത അര്‍ത്ഥതലങ്ങള്‍ നല്‍കി മാധവന്റെയും ബാലന്റെയും ബന്ധത്തിന് കൂച്ചുവിലങ്ങിട്ടു. ജയില്‍വാസവും മാനസിക പീഡനങ്ങളും ഒരുവശത്ത് മാധവനെ തളര്‍ത്തിയപ്പോള്‍ കൂനിന്മേല്‍ കൂരുവെന്നപോലെ ബാലവേലയുടെ കുറ്റമാരോപിച്ച് മറുവശത്ത് രാഷ്ട്രീയമേലാളന്മാരും രംഗത്തുവന്നു. അനാഥത്വത്തിന്റെ ദുഃഖവും പേറി വന്ന ബാലന് വയറുനിറച്ചാഹാരവും തല ചായ്ക്കാനൊരിടവും ഒരിറ്റുസ്‌നേഹവും നല്‍കിയ മാധവന്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റവാളിയായി. അവനെ മാധവന്റെ സംരക്ഷണയില്‍ വിട്ടുകിട്ടാന്‍ മാധവന്‍ പെടുന്ന പാടുകള്‍. നീതിപാലകരുടെ ഔദാര്യവും കാത്ത് ഗവണ്‍മെന്റ് മന്ദിരങ്ങളുടെ ഇടനാഴികളില്‍ അവശനായിരിക്കുന്ന മാധവന്റെ രൂപം. നിയമക്കുരുക്കുകള്‍ അഴിക്കാന്‍ പ്രയാസമാണെന്ന് അധികാരികള്‍ ആവര്‍ത്തിച്ചു സമര്‍ത്ഥിക്കുമ്പോഴും അറിവില്ലായ്മയുടെയും മനോനൈര്‍മ്മല്യത്തിന്റെയും  പ്രതിരൂപമായ മാധവന്‍ അവരോട് യാചിക്കുന്നത് ബാലനെ തന്റെ കൂടെവിടാന്‍ കരുണയുണ്ടാകണം എന്നാണ്.

നിയമത്തിനു കണ്ണില്ല എന്ന ആപ്തവാക്യം പോലെ മാധവന്റെ ഹൃദയത്തിന്റെ നിശ്ശബ്ദ വിലാപങ്ങളൊന്നും കാണാനും കേള്‍ക്കാനും കൂട്ടാക്കാതെ നിര്‍ദയം നടപ്പാക്കപ്പെടുന്ന  നിയമത്തിനു മുമ്പില്‍ നിസ്സഹായനായി നിന്നുവിതുമ്പാനേ മാധവനു കഴിയുന്നുള്ളൂ. സനാഥത്വത്തിന്റെ ശീതളച്ഛായയില്‍നിന്നും അനാഥത്വത്തിന്റെ എരിവെയിലിലേക്ക് വീണ്ടും എടുത്തെറിയപ്പെടുന്ന ബാലന്‍. ദുരന്തഭൂമിയിലെ തന്റെ വാസസ്ഥലം കണ്ടെത്തുമ്പോള്‍ സങ്കടം സഹിക്കാനാകാതെ ആര്‍ത്തനാദം പുറപ്പെടുവിക്കുന്ന ബാലനെ നോക്കി അമ്പരന്നു നില്‍ക്കുന്ന മാധവന്‍. നിയമത്തിന്റെ ഏടാകൂടങ്ങളില്‍ പെട്ട് അനാഥരുടെ സംഘത്തില്‍ അണിചേരാന്‍ വിധിക്കപ്പെടുന്ന ബാലന്‍. അപ്പോഴും പ്രത്യാശകൈവെടിയാതെ നിയമത്തിന്റെ കാരുണ്യവും കാത്തുനില്‍ക്കുന്ന മാധവന്‍. എന്നെങ്കിലും ബാലന്‍  തന്റെ കുടുംബാംഗമാകാന്‍ വിധിക്കപ്പെടുമെന്ന പ്രതീക്ഷയുമായി മടങ്ങാന്‍ ഒരുങ്ങുമ്പോഴും ബാലനെ പിന്തിരിഞ്ഞു നോക്കി വീര്‍പ്പടക്കി നില്ക്കുന്ന മാധവന്റെ രൂപം നമ്മുടെ മനസ്സില്‍ നിന്നും അത്രവേഗം ഇറങ്ങിപ്പോകില്ല.  വെടിപൊട്ടുന്ന  ഡയലോഗുകളും  തീവ്രമായ ചലനങ്ങളുമായി അരങ്ങുതകര്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍തന്നെയാണ് അടക്കമുള്ള ഭാവങ്ങളും അനായാസമായ ചലനങ്ങളുമായി നമ്മെ മോഹിപ്പിക്കുന്നതെന്ന ബോധം മമ്മൂട്ടിയെന്ന നടനെക്കുറിച്ചുള്ള മതിപ്പു വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. പുരസ്‌കാരങ്ങള്‍ കയ്യെത്തും ദൂരത്തെത്തി പിടികൊടുക്കാതെ വഴുതിപ്പോകുമ്പോഴും അവയ്ക്കുനിമിത്തമായവരുടെ കുന്നായ്മകള്‍ക്കും മീതെ നില്ക്കാനുള്ള തലയെടുപ്പ് മാധവനുണ്ടെന്നുള്ളത് നിസ്തര്‍ക്കം.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles