വാറുണ്ണി– സുന്ദരനായ ഒരു നടന്റെ അതിസുന്ദരമായ മുഖത്തിനു പകരം ഉന്തിയ പല്ലുകളും കുറ്റിത്തലമുടിയും കാമം സ്ഫുരിക്കുന്ന കണ്ണുകളും കൂടിച്ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ വെറുപ്പും അറപ്പും സൃഷ്ടിക്കുന്ന ഒരു രൂപം. വാറുണ്ണിയുടെ ആദ്യവിജയവും ഇതുതന്നെയാണ്. തുടര്‍ന്നുള്ള വിജയങ്ങള്‍ വാറുണ്ണി എന്ന കഥാപാത്രത്തിന്റെ അവതരണത്തില്‍ മമ്മൂട്ടി എന്ന അതുല്യനടന്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മതയും ഏകാഗ്രതയുമാണ്. ആദ്യന്തം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം.
ആദര്‍ശധീരനും സര്‍വഗുണ സമ്പന്നനുമായ ഒരു നായകനെമാത്രമേ ജനം സാധാരണ ഗതിയില്‍ അംഗീകരിക്കുകയുള്ളൂ. സ്റ്റാര്‍ ഇമേജുള്ള ഒരു നടനില്‍നിന്നും മറിച്ചൊന്നും അവര്‍ പ്രതീക്ഷിക്കുകയുമില്ല. വൈവിദ്ധ്യമുള്ള കഥാപാത്രമാകാന്‍ പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുകയും അനിതരസാധാരണമായ അഭിനയ നൈപുണ്യംകൊണ്ട് കയ്യാളിയ കഥാപാത്രം കയ്യടി നേടുകയും ചെയ്യണമെങ്കില്‍ ആ കഥാപാത്രമാകാന്‍ നാട്യ ചക്രവര്‍ത്തിയായ മമ്മൂട്ടി എടുത്ത റിസ്‌ക്കും പുലര്‍ത്തിയ ആത്മവിശ്വാസവും തികച്ചും പ്രശംസനീയം. മലയോരഗ്രാമത്തിന്റെ തീരാശല്യമായിത്തീര്‍ന്ന പുലി. നിരന്തരം പുതിയ പുതിയ കഥകളുമായാണ് ആ ഗ്രാമത്തിന്റെ പ്രഭാതം പൊട്ടിവിടര്‍ന്നത്. പൊതുജനത്തെക്കാളും പ്രശസ്തി കൈവരിച്ച ഹിംസ്ര മൃഗം. എവിടെ തിരിഞ്ഞാലും പുലിക്കഥകള്‍ മാത്രം.
ഗ്രാമത്തിന്റെ കൂട്ടായ്മയില്‍നിന്നുരുത്തിരിഞ്ഞ ആശയം അവര്‍ നടപ്പാക്കിയത് മികച്ചൊരു വേട്ടക്കാരനായ വാറുണ്ണിയെ ആ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുകൊണ്ടാണ്. ഗ്രാമത്തില്‍ ഒരു രക്ഷകന്‍ അവതരിച്ച പ്രതീതിയാണ് വാറുണ്ണി സൃഷ്ടിച്ചത്. കുറുക്കന്റെ കണ്ണുകള്‍ എപ്പോഴും കോഴിക്കൂട്ടിലാണെന്നു പറയുമ്പോലെ പുലി എന്ന പ്രധാനലക്ഷ്യത്തോടൊപ്പം ചുറ്റും കണ്ട പെണ്‍കിടാങ്ങളെയും വാറുണ്ണി നോട്ടമിട്ടു. വൈരൂപ്യം നിഴല്‍പോലെ വാറുണ്ണിയെ പിന്തുടര്‍ന്നപ്പോഴും യാതൊരു വൈക്ലബ്ബ്യവും ഇല്ലാതെ വാറുണ്ണി തന്റെ ഭോഗാസക്തിക്ക് പലപ്പോഴും പരിഹാരം കണ്ടു. പലരും അമര്‍ത്തിച്ചിരിച്ചപ്പോഴും ചിലരൊക്കെ പരസ്യമായി എതിരിടാനൊരുങ്ങിയപ്പോഴും ഭയലേശമെന്യേ വാറുണ്ണി തന്റെ കാര്യപരിപാടികളില്‍ വ്യാപൃതനായി. കൈയില്‍കിട്ടിയ ആയുധങ്ങളുമായി ജനം നേര്‍ക്കുനേര്‍ വരുമ്പോള്‍ തോളിലേന്തിയ തോക്കും തന്റെ പ്രിയപ്പെട്ട വേട്ടനായയുമായി ഇന്ദ്രനും ചന്ദ്രനുമൊക്കെ നശിച്ചുപോയത് പെണ്ണുമുഖാന്തിരമാണെന്ന മൂളിപ്പാട്ടും പാടിവരുന്ന വാറുണ്ണിയെകണ്ട് പതറിപ്പോകുന്ന ജനം.
നിര്‍വ്വികാരമായ മുഖവും കൂസലില്ലാത്ത ചലനങ്ങളും വാറുണ്ണിയെന്ന മുഷ്‌ക്കനും സ്ത്രീലമ്പടനുമായ കഥാപാത്രത്തിനോട് ആദ്യദര്‍ശനത്തില്‍തന്നെ വെറുപ്പുതോന്നുമെങ്കിലും അയാള്‍ പുലര്‍ത്തുന്ന എല്ലാം നിസ്സാരമെന്ന ഭാവത്തിനുമുമ്പില്‍ ആദരവോടെ നിന്നുപോകും. തന്തയെ കൊന്ന പുലിയെ പിടിക്കാന്‍ എത്തിയ ആളോട് തോന്നുന്ന ആദരവ് ആരാധനയായും ക്രമേണ പ്രേമമായും പരിണമിക്കുമ്പോള്‍ മറ്റൊരുപെണ്ണിനെയും കല്യാണം കഴിച്ച് കുടുംബം തുടങ്ങുന്ന വാറുണ്ണിയോട് അമര്‍ഷവും പകയുമായിവരുന്ന പെണ്‍കുട്ടിയെ നോക്കി എല്ലാം പെട്ടെന്നായിരുന്നു നിന്നെ അറിയിക്കാന്‍ പറ്റിയില്ലായെന്ന് ഇളിഞ്ഞ ചിരിയോടെ പറയുന്ന വാറുണ്ണിയുടെ നിഷ്‌കളങ്കഭാവം ചിരി ഉണര്‍ത്തുമ്പോഴും പാത്രാവിഷ്‌കരണത്തില്‍ മമ്മൂട്ടി എന്ന നടന്റെ അജയ്യത ഒരിക്കല്‍കൂടി വെളിപ്പെടുകയാണ്. പുലിയെ പിടിക്കാന്‍ പുഴനീന്തിവന്നവന്‍ പുലിയെക്കാള്‍ ശല്യക്കാരനായിത്തീരുന്ന ഒരു തലത്തിലേക്കു കഥാപാത്രം എത്തിച്ചേരുമ്പോള്‍ അതുളവാക്കുന്ന വെറുപ്പും അറപ്പുമെല്ലാം അതിന്റെ എല്ലാ അര്‍ത്ഥത്തിലും അനുഭവേദ്യമാകുമ്പോള്‍ നടന്‍ കഥാപാത്രമാകുന്ന അത്ഭുതത്തിനാണ് നാം ദൃക്‌സാക്ഷികള്‍ ആകുന്നത്. വാറുണ്ണിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടി എന്ന നടനോടുള്ള ബഹുമാനത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.
