ബാലന്‍മാഷ് നാട്ടിന്‍ പുറത്തിന്റെ നൈര്‍മ്മല്യവും ലാളിത്യവുമെല്ലാം പ്രതിഫലിക്കുന്ന കഥാപാത്രം. സംസാരത്തിലും നടപ്പിലുമെല്ലാം തികച്ചും സാധു. കുടുംബ പാരമ്പര്യമായി കിട്ടിയ രോഗത്തിന്റെ ശാപം പേറിയ പാവം മാഷ്. പരിഷ്‌ക്കാരവും പകിട്ടുമൊന്നും എത്തിനോക്കാത്ത ലാളിത്യമാര്‍ന്ന തറവാട്ടിലെ മൂത്തമകന്‍. പരമ്പരാഗത വിശ്വാസങ്ങളും മന്ത്രോച്ചാരണങ്ങളുമെല്ലാം നിറഞ്ഞാടുമ്പോള്‍ സാഹചര്യങ്ങളുടെ സ്വാധീനവും നാട്ടുകാരുടെ അടക്കം പറച്ചിലുമെല്ലാം തനിക്കു ഭ്രാന്തുണ്ടോ എന്നു സംശയിക്കുന്ന മാനസിക വിഭ്രാന്തിയോളമെത്തി ഭ്രാന്തിന്റെ പിടിയിലേക്ക് തള്ളപ്പെടുന്ന ഈ കഥാപാത്രം മമ്മൂട്ടിയുടെ വികാരോജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ എത്തിച്ചേര്‍ന്ന ഉയരം മലയാളസിനിമയുടെ ചരിത്രത്തിന്റെ വര്‍ണ്ണോജ്വലമായ ഏടാണ്.
പാഠം ചൊല്ലിക്കൊടുക്കാന്‍ ക്ലാസ് റൂമില്‍ നില്‍ക്കുന്ന മാഷിനുനേരെ ചോദ്യശരങ്ങള്‍ എയ്യുന്ന കുട്ടികള്‍. അവരുടെ നിഷ്‌കളങ്കതയില്‍ സഹതപിക്കുമ്പോഴും ചോദ്യത്തിന്റെ ആഴം മനസ്സിലാക്കി വിഷണ്ണനായി നില്‍ക്കുന്ന ബാലന്‍മാഷ്. ജീവിതത്തില്‍ വന്നുഭവിക്കുന്ന താളക്കേടുകള്‍ സ്വയംനിര്‍മ്മിതമല്ലെന്നറിഞ്ഞിട്ടും മാഷ് പറയുന്ന കഥകള്‍ കേട്ട് ഉറങ്ങാന്‍ തുടങ്ങുന്ന മക്കളും ചോദിക്കുന്നത് നമുക്കും ഭ്രാന്തുവരുമോ അച്ഛാ എന്നാണ്. ഉത്തരം മുട്ടിപ്പോകുന്ന ബാലന്‍മാഷിന്റെ മ്ലാനത കലര്‍ന്ന മുഖം. സാഹചര്യങ്ങള്‍ തീര്‍ത്ത സന്ദര്‍ഭങ്ങള്‍പോലും ദുര്‍വ്യാഖ്യാനത്തിലൂടെ അര്‍ത്ഥതലങ്ങള്‍ മാറിപ്പോയപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശേഷിയില്ലാതെ പതറിപ്പോയ ബാലന്‍മാഷ് മനസ്സുതകര്‍ന്നവനെപ്പോലെ എനിക്കും ഭ്രാന്തുണ്ടോ എന്ന് അനിയനോട് ചോദിക്കുന്നു. ഒറ്റപ്പെടലിന്റെ തുരുത്തില്‍നിന്ന് രക്ഷപെട്ടോടി ഭാര്യയേയും മക്കളേയും കാണാന്‍ എത്തുന്ന മാഷ്. ദുരഭിമാനത്തിന്റെ ഇരുനില മാളികയിലെ ഇടുങ്ങിയ മുറിക്കുള്ളില്‍ മറ്റാരുടെയോ ശാസനകള്‍ക്ക് വിധേയരായി കഴിയുന്ന ഭാര്യയെയും മക്കളെയും കണ്ട് ആര്‍ത്തിയോടെ അവരെ നോക്കുന്ന ബാലന്‍മാഷ്. ആടിനെ പട്ടിയാക്കുന്ന സമൂഹം ആര്‍ത്തട്ടഹസിച്ചുവന്ന് ഭ്രാന്തനെന്ന് മുദ്രകുത്തി കല്ലെറിഞ്ഞോടിക്കുമ്പോള്‍ ആര്‍ത്തനാദത്തോടെ ഭാര്യയെയും മക്കളെയും പിന്തിരിഞ്ഞു നോക്കുന്ന ബാലന്‍ മാഷിന്റെ ദയനീയഭാവങ്ങള്‍ ഏതുശിലാഹൃദയന്റെയും മനസ്സില്‍ നൊമ്പരത്തിന്റെ മുറിപ്പാടുകള്‍ തീര്‍ക്കാന്‍ പോന്നവയാണ്.
ബന്ധങ്ങളെ സാമൂഹിക പദവിയുടെ അന്തസ്സില്‍ മാത്രം കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തില്‍ മാറാരോഗമെന്ന് സമൂഹം വിധിയെഴുതിയ രോഗവും പേറി ജീവിക്കുന്നവനായി മുദ്രകുത്തപ്പെട്ടവന്റെ അവസ്ഥ എത്രശോചനീയം. അവന്‍ സമൂഹത്തില്‍നിന്നു മാത്രമല്ല, ബന്ധുജനങ്ങളില്‍നിന്നുപോലും അകറ്റപ്പെടുന്നു. മറ്റുള്ളവര്‍ക്ക് മാനഹാനിയുണ്ടാകുന്ന സാഹചര്യങ്ങളില്‍നിന്നും മനഃപൂര്‍വ്വം മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അദൃശ്യനായ വിധി അവനെ യഥാസമയം എത്തേണ്ടിടത്ത് എത്തിക്കുന്നു. അങ്ങനെയൊരു സന്ദര്‍ഭം ബാലന്‍മാഷിന്റെ ജീവിതത്തിലും വന്നുചേരുന്നു. തന്റെ പെങ്ങളുടെ വിവാഹനിശ്ചയ വേളയില്‍ അപ്രതീക്ഷിതമായി അവിടെയെത്തുന്ന ബാലന്‍മാഷ്. പുതിയ ബന്ധുക്കള്‍ക്ക് സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ അന്യനായി തന്നെ പരിചയപ്പെടുത്തുമ്പോഴുള്ള മാഷിന്റെ മനസ്സിന്റെ വിങ്ങലും വീര്‍പ്പുമുട്ടലും സ്‌ക്രീനില്‍ നിറയുമ്പോള്‍ അത് ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനയ മുഹൂര്‍ത്തമായി എണ്ണപ്പെടുകയാണ്. വിധിയുടെ നിയോഗം പോലെ ജന്മം നല്‍കിയ മാതൃത്വംതന്നെ പൊന്നോമന മകന് ജീവിത ദുരിതത്തില്‍നിന്നു മുക്തി നല്‍കുമ്പോള്‍ അമ്മയുടെ മുഖത്ത് സ്‌നേഹാര്‍ദ്രതയോടെ നോക്കുന്ന മകന്‍. ഇനി എത്രകാലം കഴിഞ്ഞാലും ബാലന്‍ മാഷ് നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയായി നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.
