ഉണ്ണികൃഷ്ണന്‍– തുണിസഞ്ചിയും തോളിലേന്തി മുടിയും താടിയും നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരന്‍. മുഖത്തെ വിവശതയും പാരവശ്യവും കണ്ടാലറിയാം അയാള്‍ ഏതോ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ പിടിയില്‍ പെട്ടിരിക്കുകയാണെന്ന്. റോഡരികിലൂടെ നടന്നു നീങ്ങിയ അയാള്‍ എതിരേ വന്ന ടൂറിസ്റ്റ് ബസ്സിനു കൈ കാണിച്ചു. അതില്‍ കയറിക്കൂടിയ അയാള്‍ ബസ്സിനുള്ളിലെ യാത്രക്കാരെ പരിചയപ്പെട്ടു. അതൊരു എക്‌സ്‌കര്‍ഷന്‍ സംഘമായിരുന്നു. എല്ലാം സ്‌കൂള്‍ കുട്ടികള്‍. അവരെ നയിക്കാന്‍ അദ്ധ്യാപികയും കൂടെ ഒരു പാതിരിയും. ഉണ്ണികൃഷ്ണന്‍ പറഞ്ഞ ശോകസാന്ദ്രമായ കഥയിലെ നായകനും അയാള്‍ തന്നെ. പേര് ഉണ്ണികൃഷ്ണന്‍. ഫോറസ്റ്റ് ഓഫീസര്‍. അയാളെ സ്‌നേഹിച്ച തുളസി എന്ന പെണ്‍കുട്ടി. സാഹചര്യതെളിവുകള്‍ എതിരായി തീര്‍ന്നപ്പോള്‍ ആളുമാറിപിടിക്കപ്പെട്ട് ജയിലിലാകുന്ന ഉണ്ണികൃഷ്ണന്‍. അവിടെ അയാള്‍ അനുഭവിക്കുന്ന കൊടുംപീഡനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത കഥകള്‍. സഹികെട്ട് അയാള്‍ ജയില്‍ ചാടാന്‍ ഒരുങ്ങുമ്പോള്‍ മല്‍പിടിത്തത്തിനിടയില്‍ കയ്യബദ്ധം പോലെ സംഭവിക്കുന്ന പോലീസുകാരന്റെ മരണം ഉണ്ണികൃഷ്ണനെ ജീവപര്യന്തം ശിക്ഷയ്ക്കു വിധേയനാക്കുന്നു. പീഡനപര്‍വ്വം പുനരാരംഭിക്കുന്നത് ഈ ഘട്ടത്തിലാണ.് പീഡനത്തിനു വിധേയമാകുമ്പോഴും മറ്റുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നതില്‍ ധാര്‍മ്മികരോഷം കൊള്ളുന്ന ഉണ്ണികൃഷ്ണന്‍. തന്റെ ദുര്‍വിധിയോര്‍ത്ത് തടവറയിലെ ഏകാന്തതയിലിരുന്ന് നിശ്ശബ്ദനായി കരയുന്ന അയാളുടെ അനുകമ്പാര്‍ദ്രമായ മുഖം.
സഹതടവുകാരന്‍ ശോക സാന്ദ്രമായി പാടുമ്പോള്‍ തന്റെ കാമുകിയെ ഓര്‍ത്തു നെടുവീര്‍പ്പിടുന്ന ഉണ്ണികൃഷ്ണന്റെ മുഖം മനസ്സിന്റെ കണ്ണാടിയായി മാറുന്നു.കാമുകനായ ഉണ്ണികൃഷ്ണനെ കാണാനെത്തുന്ന തുളസിയുടെ പരിദേവനങ്ങള്‍. ജയിലഴികള്‍ക്കപ്പുറവും ഇപ്പുറവുംനിന്ന് കണ്ണുകള്‍ കൊണ്ട് അവര്‍ തീര്‍ക്കുന്ന വികാരപ്രപഞ്ചം. ഋതുഭേദങ്ങള്‍ മാറി വരാനായി പകലോനെ ഭൂമി പലവട്ടം ചുറ്റിയിട്ടും തന്റെ ജയില്‍ ജീവിതം അവസാനിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നും തനിക്കുവേണ്ടി കാത്തിരിക്കുന്ന പാവം പെണ്ണ് സ്വന്തം ജീവിതം വെറുതെ ഹോമിക്കരുതെന്നും മനസ്സിലുറച്ചപ്പോള്‍ അവള്‍ തന്നെ മറക്കണമെന്ന് പറഞ്ഞ് അയാള്‍ അവള്‍ക്ക് എഴുതി. ആ കത്തിനു മറുപടി കിട്ടുമ്പോള്‍ അതു പൊട്ടിച്ചു നോക്കാതെ മനസ്സിന്റെ വിങ്ങല്‍ ഉള്ളിലൊതുക്കി ഹൃദയം നുറുങ്ങുന്ന വേദനയോടെ അതു നുള്ളിക്കീറുമ്പോള്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിനു മമ്മൂട്ടി നല്‍കിയിരിക്കുന്ന ഭാവ പ്രകാശനം അനിര്‍വചനീയം. ഒടുങ്ങാത്ത പീഡകളുടെ അന്ത്യത്തില്‍ ഭാവിയെക്കുറിച്ച് യാതൊരു പ്രതീക്ഷയോ സങ്കല്‍പമോ ഇല്ലാതെ തികച്ചും നിസ്സംഗനായൊരു മനുഷ്യനായാണ് ഉണ്ണികൃഷ്ണന്‍ ജയില്‍ വിടുന്നത്. അയാള്‍ അവള്‍ക്ക് ജയിലില്‍നിന്ന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം മാത്രമാണ് തെളിവിനായി അയാള്‍ മനസ്സില്‍ കുറിച്ചത്. അത് അതുപോലെ സംഭവിക്കുമെങ്കില്‍ അയാളുടെ ജീവിതയാത്ര സഫലം.
കൃഷ്ണശിലയ്ക്കുമുമ്പില്‍ ഒരു ദീപത്തിനു പകരം ഒരായിരം ദീപങ്ങള്‍ തെളിച്ചുവച്ചാണ് അവള്‍ അയാളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. കൃത്യനിഷ്ഠയുള്ള ഓഫീസര്‍, സ്‌നേഹത്തിന്റെ വശ്യമനോഹരമായ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട കാമുകന്‍, വിരഹിയും വിവശനുമായ കാമുകന്‍, പീഡനങ്ങള്‍ക്ക് നടുവിലും അന്യന്റെ ദുഃഖത്തില്‍ ആകുലചിത്തനായി മാറുന്ന മനുഷ്യസ്‌നേഹി, സ്വപ്നങ്ങളൊക്കെ തകര്‍ന്നടിഞ്ഞ് എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ വിധിയെ ഓര്‍ത്തു കരയുന്ന പാവം മനുഷ്യന്‍. പഴകിയ തരുവല്ലിയെ മാറ്റാനും പുഴയൊഴുകും വഴി വേറെയാക്കാനും കഴിഞ്ഞാലും ഒരാളില്‍ ഉറച്ചുപോയ മനസ്വിനിയുടെ മനസ്സ് മാറ്റാന്‍ കഴിയില്ലെന്ന കവി വചനം പോലെ അവസാനം ഉണ്ണികൃഷ്ണനു കൈവന്നത് പ്രേമ സാഫല്യം. കഥാപാത്രത്തിന്റെ ഏറ്റത്താഴ്ചകളെ വികാരതീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി ചെയ്ത മികച്ച കഥാപാത്രങ്ങളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒന്നാണ് ഉണ്ണികൃഷ്ണന്‍.