ഒരൊറ്റ ഫസ്റ്റ് ലുക് പോസ്റ്റർ കൊണ്ട് തന്നെ പ്രേക്ഷകരിൽ ആവേശം വിതച്ച മമ്മൂട്ടി -അമൽ നീരദ് ടീമിന്റെ ഭീഷ്മ പർവത്തിനു പിന്നിൽ പ്രവർത്തിക്കാൻ എത്തുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരാണ്.
അമൽ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അമലും ദേവ്ദത് ഷാജിയും ചേർന്നാണ് തയ്യാറാക്കുന്നത്.
പ്രേമം, ആനന്ദം എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദ്രയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അഞ്ചാം പാതിരാ, TGF, എസ്ര തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി ശ്രദ്ധേയനായ സുഷിൻ ശ്യമാണ് സംഗീതം.
ദേശീയ അവാർഡ് ജേതാവും ബിഗ് ബി, എസ്ര, രാമലീല തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിവേക് ഹർഷനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
ലഗാൻ, ഏഴാം അറിവ് പോലുള്ള വമ്പൻ ചിത്രങ്ങൾ ഒരുക്കിയ തപസ് നായിക് ആണ് സൗണ്ട് ഡിസൈനെർ. പഴശ്ശിരാജ, ഗജനി തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ സുനിൽ ബാബുവാണ് പ്രൊഡക്ഷൻ ടീമിന് പിന്നിൽ. വരത്തനിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സുപ്രീം സുന്ദറാണ് സ്റ്റണ്ട് ഡയരക്ടർ.
വസ്ത്രലങ്കാരം സമീറ സനീഷും മേക്കപ്പ് റോണക്സ് സേവ്യറും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
ഇന്നലെ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ അടക്കമുള്ള പോസ്റ്റർ പുറത്തുവിട്ടത്.
‘ഭീഷ്മ പര്‍വ്വ’ത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 21 ന് എറണാകുളത്ത് എഴുപുന്നയില്‍ ആരംഭിക്കും. 22 ന് ആയിരിക്കും മമ്മൂട്ടി ജോയിന്‍ ചെയ്യുക.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ‘ഭീഷ്മ പര്‍വ്വം’ നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരുപിടി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കും.
ഫെബ്രുവരി ഏഴിനു ഷൂട്ടിംഗ് തുടങ്ങാനാണ് നേരത്തെ പ്ലാന്‍ ചെയ്തിരുന്നതെങ്കിലും 21ലേക്ക് മാറുകയായിരുന്നു. കോവിഡ് ലോക്കഡൗണിന് ശേഷം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രവും കൂടിയാണ് ‘ഭീഷ്മ പര്‍വ്വം’.