ഒരു പഴയ ബോംബ് കഥ, മാർഗം കളി എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ് നായകനായി എത്തുന്ന ചിത്രമാണ് തിരിമാലി.
അന്നാ രാജൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് ഇന്ന് എറണാകുളത്തു നടന്നു.
ചിത്രത്തിന്റെ മോഷൻ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ മോഷൻ ടീസർ ഇപ്പോൾ നേടിയെടുക്കുന്നത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയിരിക്കും തിരിമാലി എന്ന സൂചനയാണ് ഇതിന്റെ താരനിരയും മോഷൻ ടീസറും നമ്മളോട് പറയുന്നത്. ബിബിൻ ജോർജ്, അന്നാ രാജൻ എന്നിവർക്ക് പുറമെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്. സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്.
എസ് കെ ലോറൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപിള്ളിയും എഡിറ്റിംഗ് നിർവഹിക്കുന്നത് ജിത് ജോഷിയുമാണ്. ബിജിപാൽ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിലാണ് എസ് കെ ലോറൻസ് ഈ ചിത്രം നിർമ്മിക്കുന്നത്. സ്റ്റിൽസ് സാസ് ഹംസ.
