ബോബി -സഞ്ജയ്… സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃതുക്കൾ.. മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാർ.. കാലിക പ്രസക്തമായ വിഷയങ്ങളെ കലാമൂല്യവും വാണിജ്യ ചേരുവകളും കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ ബോബി സഞ്ജയ്‌മാർക്കുള്ള മിടുക്ക് ശ്രദ്ധേയമാണ്. എഴുതിയ തിരക്കഥകളിൽ 90% വും സൂപ്പർ ഹിറ്റുകൾ ആക്കിയ ഈ ഹിറ്റ് റൈറ്റെഴ്സ് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വൺ. തങ്ങളുടെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായി മാറിയേക്കുമെന്ന് കരുതുന്ന #വൺ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ ആ ചിത്രത്തിന്റെ തുടക്കം മുതലുള്ള വിശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
Q. ആദ്യമായി മമ്മൂട്ടി യ്ക്ക് വേണ്ടി എഴുതുമ്പോൾ എന്തൊക്കെയാണ് പ്രത്യേകതകൾ?
മമ്മൂക്കയുമായി ഒരു പ്രൊജക്ട് ചെയ്യുന്നതിൽ ഞങ്ങളെ സംബന്ധിച്ച് ഒരു പോലെ എക്സൈറ്റ്മെന്റും എന്നാൽ ടെൻഷനുമായിരുന്നു. കാരണം ഞങ്ങളുടെ 12- മത്തെ ചിത്രമാണ് വൺ. ഇത് വരെ ഞങ്ങൾക്ക് മമ്മൂക്കയുമായി ഒരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ല. അതിന്റെയൊരു എക്സൈറ്റ്മെന്റ് ഉണ്ട്. കാരണം, മലയാളത്തിലെ ഏറ്റവും വലിയ നടന്റെ കൂടെയാണ് ഞങ്ങൾ സിനിമ ചെയ്യാൻ പോകുന്നത്. മറ്റൊന്ന്, ഈ സിനിമയെക്കുറിച്ച് ജനങ്ങൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരിക്കും എന്ന് ഞങ്ങൾക്കറിയാം. മമ്മൂക്കയോടൊപ്പമുള്ള സിനിമ ഏറ്റവും നല്ല രീതിയിൽ വരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതനുസരിച്ചു ഞങ്ങൾ ജോലി ചെയ്തിട്ടുണ്ട്.അത് ജനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമയെ കുറിച്ച് ഞങ്ങൾ എന്ത് തന്നെ പറഞ്ഞാലും അതിന്റെ അന്തിമ വിധിയെഴുതുന്നത് തിയ്യറ്ററിൽ വന്ന് സിനിമ കാണുന്ന പ്രേക്ഷകർ തന്നെയാണ്. മലയാളത്തിലെ ഒരു മഹാനടനുമായുള്ള ഞങ്ങളുടെ ആദ്യ കോമ്പിനേഷൻ എന്ന നിലയ്ക്ക് ഞങ്ങളെക്കൊണ്ട് പറ്റുന്ന ഏറ്റവും നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
Q. വണ്ണിന്റെ പിറവിയെക്കുറിച്ച്
വണ്ണിന്റെ പിറവിയെ കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങളുടെ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട ഒരു സിനിമയായിരുന്നു ഐ.വി ശശി സാറിന്റെ ‘ഈ നാട്’ എന്ന ചിത്രം. അന്ന് മുതൽ ഞങ്ങൾ മനസ്സിൽ ആഗ്രഹിച്ചിരുന്നൊരു കാര്യമാണ് സിനിമയിലെത്തുകയാണെങ്കിൽ ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം ചെയ്യണമെന്ന്. അതിൽ നിന്നാണ് മുഖ്യമന്ത്രിയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതും പിന്നീട് ഇതിന്റെ സംവിധായകൻ സന്തോഷുമായി ചർച്ച ചെയ്തപ്പോൾ ഒരു കഥ രൂപപ്പെടുകയും ചെയ്തു. അങ്ങനെ മമ്മൂക്കയോട് കഥ പറയുകയും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് വൺ എന്ന സിനിമ പിറവിയെടുക്കുന്നത്.
Q. തമിഴിലും തെലുങ്കിലും എല്ലാം മുഖ്യമന്ത്രി ആയി വേഷമിട്ട മമ്മൂട്ടി ആദ്യമായി മലയാളത്തിൽ അത്തരം ഒരു വേഷം ചെയ്യുമ്പോൾ എന്തൊക്കെയാണ് പ്രത്യേകതകൾ
മമ്മൂക്ക തമിഴിലും തെലുങ്കിലും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. മലയാളത്തിൽ ആദ്യമായിട്ടാണെങ്കിലും ഞങ്ങളുടെ മനസ്സിലുള്ള വേഷമെന്ന് പറയുന്നത് ബാലചന്ദ്രൻ മേനോൻ സാർ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു ‘ എന്ന ചിത്രത്തിലെ ഒരു രാഷ്ട്രീയക്കാരനായിട്ട് മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ഒരു മുഖ്യമന്ത്രിയായി വേഷമിടാൻ ഏത് രീതിയിലും യോജിക്കുന്ന നടന്മാരിൽ ഏറ്റവും മുൻപന്തിയിലുള്ള നടൻ മമ്മുക്ക തന്നെയായിരിക്കും. അത് കൊണ്ട് കടക്കൽ ചന്ദ്രനെ അവതരിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടാമത് ഒരു നടനെ അലോചിക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു. അദ്ദേഹം ഒരു ജനകീയ മുഖ്യമന്ത്രിയായി വരുമ്പോൾ പ്രേക്ഷകർ അത് സ്വീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
Q. ഇന്നത്തെ കേരളത്തിന്റെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള പ്രമേയമാണോ വണ്ണിന്റേത്.
ഈ സിനിമ ഒരു തരത്തിലും ജീവിച്ചിരിക്കുന്നവരോ അല്ലാതെയോ ആയ ഒരു രാഷ്ട്രീയക്കാരനെ കുറിച്ചല്ല പറയുന്നത്. പലരും ഈ സിനിമ അനൗൺസ് ചെയ്തപ്പോൾ വലിയ ലീഡേർസിന്റെയും ജീവിത കഥയാണെന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഈ സിനിമ ആരുമായും ബന്ധമില്ലെന്ന് ആദ്യമേ വ്യക്തമാക്കുന്നു. അത് പോലെ ഇതിലെ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്താവല്ല. വെറുമൊരു സാങ്കൽപ്പിക കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ കേരളത്തിലെ സമകാലിക രാഷ്ട്രീയമായി ബന്ധമെന്ന് പറയുമ്പോൾ നമ്മൾക്ക് സുപരിചിതമായ ധാരാളം കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ടായേക്കാം. അതിന് പുറമേ ഒരു രാഷ്ട്രീയക്കാരനായിട്ടോ ഒരു രാഷ്ട്രീയ പാർട്ടീയായിട്ടോ ഈ സിനിമക്ക് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും ഇതിനോട് ചേർത്ത് പറയുന്നു.
Q. കടലാസ്സിൽ എഴുതിയ കടയ്ക്കൽ ചന്ദ്രനെ ക്യാമറയ്ക്ക് മുൻപിൽ കണ്ടപ്പോൾ എന്ത് തോന്നി.
കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ സൃഷടിക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. പക്ഷേ, ഷൂട്ടിംഗ് തുടങ്ങുന്നതിന് കുറച്ച് ദിവസം മുമ്പ് മമ്മൂക്കയുമായി ഇതിന്റെ ഗെറ്റപ്പിന്റെ കാര്യത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. അന്നേരം മമ്മൂക്ക പറഞ്ഞത്, “നിങ്ങൾ അതിനെ കുറിച്ചൊന്നും ബോധർ ചെയ്യേണ്ട, ഞാനൊരു ലുക്കിൽ വരും, അത് കണ്ടാൽ മതി ” എന്നായിരുന്നു. അത് കേട്ടേപ്പോൾ ഞങ്ങൾക്കും ആവേശമായി, കടക്കൽ ചന്ദ്രനെ കാണാൻ വേണ്ടി. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു ഫോട്ടോ ഷൂട്ടിനായി വന്നിരുന്നു. വൈറ്റ് & വൈറ്റിൽ ഒരു കണ്ണടയും വെച്ച് ഒരു പവർഫുൾ ഭാവത്തിൽ കടക്കൽ ചന്ദ്രനായി വന്നപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ട് പോയി. കാരണം ഞങ്ങൾ മനസ്സിൽ കണ്ടതിനേക്കാൾ ഒരുപാട് അപ്പുറമായിരുന്നു ആ വേഷം. അദ്ദേഹം ആ കഥാപാത്രം എത്രത്തോളം ഉൾകൊണ്ടുവന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം.മമ്മൂക്കയുടെ ഇത്രയും കാലത്തെ എക്സ്പീരിയൻസ് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഇങ്ങനെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് എങ്ങെനയായിരിക്കും എന്ന് പറയുവാനും അത് ചെയ്യുവാനും സാധിക്കുന്നത്. മനസ്സിൽ നിന്നും കടലാസ്സിൽ പകർത്തിയ കടയ്ക്കൽ ചന്ദ്രനായി അതിന്റെ പതിൻമടങ് അപ്പുറത്താണ് മമ്മൂക്ക പകർന്നാടിയത്.
Q. എന്തുകൊണ്ട് കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി.
ഏതൊരു മലയാളിയും ഒരുപേക്ഷ മുഖ്യമന്ത്രിയായി വേഷമിട്ടുകാണാൻ ആഗ്രഹിക്കുന്ന നടൻ മമ്മുക്ക തന്നെയായിരിക്കും. ഞങ്ങൾക്കും അത് പോലെ തന്നെയാണ്. മാത്രമല്ല, ഒരു മുഖ്യമന്ത്രി എന്ന് പറയുമ്പോൾ ആ പദവിയുടെ ഒരു ഡയമെൻഷൻ ഉണ്ടല്ലോ, അതിന്റെയെല്ലാം ഒരു പരിപൂർണത ലഭിക്കുന്ന ഒരു നടൻ വേണം ആ കഥാപാത്രം ചെയ്യാൻ. അങ്ങനെ നോക്കുമ്പോൾ എന്ത് കൊണ്ടു ഈ റോൾ ചെയ്യാൻ ഏറ്റവും അനുയോജ്യൻ മമ്മൂക്ക തന്നെയാണ്.
Q. സന്തോഷ് വിശ്വനാഥ് എന്ന സംവിധായകനെ കുറിച്ച്.
സന്തോഷ് വർഷങ്ങളായി ഞങ്ങളുടെ സുഹൃത്താണ്. കെ.കെ രാജീവിന്റെ അസോസിയേറ്റ് ആയിരുന്നു സന്തോഷ്. അന്ന് മുതൽക്കേ സന്തോഷിൽ ഒരു അതി സമർഥനായ സംവിധായകനുണ്ടെന്ന് തോന്നിയിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ചിറകൊടിഞ്ഞ കിനാവുകൾ’ കണ്ടപ്പോൾ, അതിന്റെ മേക്കിംഗ് മികവ് കൊണ്ട് സിനിമ എന്ന ക്രാഫ്റ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ വളരെ നല്ല രീതിയിൽ ഒതുങ്ങിയിട്ടുള സംവിധായകനാണ് സന്തോഷ് എന്ന് ബോധ്യമായി. അങ്ങനെയാണ് സന്തോഷുമായി ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. മമ്മൂക്കയോട് ഞങ്ങൾ വണ്ണിന്റെ കഥ പറയുന്നത് 2017 സെപ്തംബറിൽ ആണ്. ഷൂട്ട് തുടങ്ങിയത് 2019 ഒക്ടോബറിലായിരുന്നു. ഈ രണ്ട് വർഷക്കാലം സന്തോഷ് ഞങ്ങളുടെ കൂടെ വളരെ സജീവമായിട്ട് ഉണ്ടായിരുന്നു. സിനിമയുടെ എല്ലാ മേഖലയിലും ഒരു ആധിപത്യം ഉള്ള വ്യക്തിയാണ് സന്തോഷ്. നുറ് ശതമാനം സന്തോഷിനെ വിശ്വാസിച്ചാണ് ഈ പ്രൊജക്ട് ഏൽപ്പിച്ചത്. അത് ഗംഭിരമായ ഒരു ഫൈനൽ പ്രൊഡകറ്റായി സന്തോഷ് അതിനെ എടുത്തിട്ടുമുണ്ട്.
Q. സബ്ജക്റ്റിൽ പുതുമയും പരീക്ഷണങ്ങളും കൊണ്ടുവരുന്നവരാണ് നിങ്ങൾ. ഈ സിനിമയിൽ അത്തരത്തിൽ എന്തെങ്കിലും പ്രത്യേകതകൾ.
ഞങ്ങളുടെ എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു വ്യത്യസ്ഥത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന തിരക്കഥാകൃത്തുക്കളാണ് ഞങ്ങൾ. അത് കൊണ്ട് തന്നെ, ഈ സിനിമയിലൂടെ ഒരു പുതിയ ആശയം ഞങ്ങൾ മുമ്പോട്ട് വെക്കുന്നുണ്ട്. അത് എന്താണെന്ന് ഇപ്പോൾ നമുക്ക് വെളിപ്പെടുത്തുവാൻ സാധിക്കില്ല. പക്ഷേ സമകാലിക അന്തരീക്ഷത്തിൽ വളരെയധികം പ്രസക്തിയുള്ള ഒരു ആശയമായിട്ടാണ് ഞങ്ങൾക്ക് അതിനെ തോന്നുന്നത്. എന്ന് വെച്ച് ഈ ആശയത്തെ കേന്ദ്രീകരിച്ച് കൊണ്ടാണ് മുഴുവൻ സിനിമ എന്നല്ല. ഇതിൽ ധാരാളം കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ഉള്ള സിനിമയാണിത്. ഈ ആശയം പുതുമയുള്ളതെന്നാണ് ഞങ്ങളുടെ വിശ്വാസം. വോട്ടവകാശത്തിന്റെ പ്രായമോ അല്ലെങ്കിൽ അതിൽ കുറവോ പ്രായമുള്ള ആർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പൊളിറ്റിക്കൽ ആശയത്തെയാണ് ഞങ്ങൾ ഈ സിനിമയിലൂടെ മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന എന്നാൽ ഇത് ഇവിടെ നടന്നിരുന്നെങ്കിൽ എന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്ന ഒരു ആശയമാണ് ഞങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്.
Q. പ്രേക്ഷകരോട് പറയാനുള്ളത്.
പ്രേക്ഷകരോട് പറയാനുള്ളത് ഒരിക്കലും ഒരു മാസ്സ് ചിത്രമായി വണ്ണിനെ നിങ്ങൾ പ്രതീക്ഷിക്കരുത്. എല്ലാ തരം വിഭാഗത്തിൽപ്പെടുന്ന പ്രേക്ഷകർക്കും ആസ്വദിച്ച് തീയ്യറ്ററിൽ വന്നിരുന്ന് കാണാവുന്ന ഒരു സിനിമയായിരിക്കും വൺ എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. എന്നാലും മമ്മൂക്ക മുഖ്യമന്ത്രിയായി വരുമ്പോൾ ഒരു മാസ്സ് പരിവേഷത്തിലുള്ള സിനിമയായിരിക്കുമെന്ന് ചിലർക്കെങ്കിലും തെറ്റിധാരണ ഉണ്ട്. മാസ്സ് ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. എന്നിരുന്നാലും വൺ ഒരു പക്കാ മാസ്സ് ചിത്രമായി നിങ്ങൾ പ്രതീക്ഷിക്കരുതെന്നാണ് പ്രേക്ഷകരോട് ഞങൾക്ക് പറയാനുള്ളത്.
Q. ബോബി സഞ്ജയ് എഴുതിയ ഭൂരിഭാഗം ചിത്രങ്ങളും പ്രമേയം കൊണ്ട് വ്യത്യസ്തവും ബോക്സോഫീസ് വിജയങ്ങളുമായിരുന്നു. എന്താണ് അതിന്റെ രഹസ്യം.
ഞങ്ങളുടെ എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വിജയിക്കണമെന്ന് കരുതി എഴുതുന്നവയാണ്. ഒരു സിനിമയുടെ സമ്പൂർണ്ണ വിജയമെന്ന് പറയുന്നത് , തിയ്യറ്ററിൽ നന്നായിട്ട് ഓടുകയും സാമ്പത്തികപരമായി ലാഭമുണ്ടാക്കുകയും സിനിമക്ക് നല്ല പേര് കിട്ടുകയും വേണം. ഞങ്ങൾക്ക് കോൺഫിഡന്റ തോന്നിയ ഒരു കഥയെ അതിനെ ഡെവലപ്പ് ചെയ്ത് അതിന് അനുയോജ്യമായിട്ടുള്ള ആർട്ടിസ്റ്റിനേയും അത് ചെയ്യാൻ മികച്ച സംവിധായകനേയും വെച്ച് ഞങ്ങൾ എഴുതുന്നു എന്നുള്ളൂ. ഭാഗ്യവശാൽ ഞങ്ങളുടെ ഭൂരിഭാഗം സിനിമയും സ്വീകരിക്കപ്പെട്ടതായിരുന്നു. എന്നാൽ മറിച്ചും ഉണ്ട്. അത് നമ്മൾക്ക് ഒരിക്കലും ഊഹിക്കാൻ പറ്റില്ല. ചിലപ്പോൾ പറയാറുണ്ട്, എല്ലാ സിനിമക്കും ചില രഹസ്യ ഫോർമുല ഉണ്ടെന്ന്. അത് ശരിയല്ല.കാരണം അങ്ങനെയൊരു ഫോർമുല ഉണ്ടെങ്കിൽ എല്ലാവരും അത് ഫോളോ ചെയ്യുമല്ലോ. അത് പ്രേക്ഷകരുടെ മനസ്സിൽ സിനിമ എത്രത്തോളം ഇഷപ്പെടുന്നുവോ അത് പോലെയിരിക്കും അതിന്റെ വിജയവും പരാജയവും. ഒരു തരത്തിൽ അതൊരു ഭാഗ്യവും ദൈവാനുഗ്രഹവുമാണ്.
Q. ഇരട്ട തിരക്കഥാകൃത്തുക്കൾ മലയാളത്തിൽ നിരവധി ഉണ്ട്. എന്നാൽ സഹോദരങ്ങളായ രണ്ടു പേർ ഈ മേഖലയിൽ അപൂർവമല്ലേ. രണ്ട് പേർ ചേർന്ന് എഴുതുമ്പോൾ ഉള്ള ഗുണങ്ങൾ?
സഹോദരങ്ങൾ തിരക്കഥ എഴുതുന്നു എന്നതിലുപരി ഞങ്ങളുടെ കുടുംബ പശ്ചാത്തലമാണ് ഞങ്ങൾക്ക് ഏറ്റവും സഹായകമായി വന്നിട്ടുള്ളത്. നിങ്ങൾക്കറിയാം, ജോസ് പ്രകാശ് എന്ന നടൻ എന്റെ അച്ഛന്റെ മൂത്ത സഹോദരനാണ്.അദ്ദേഹമാണ് ഞങ്ങളുടെ കുടുംബത്തെ സിനിമയിലേക്ക് കൈപ്പിടിച്ച് കൊണ്ട് വന്നതെന്ന് പറയാം. അത് പോലെ ഞങ്ങളുടെ അച്ഛൻ ഒരു നിർമാതാവും നടന്നുമാണ്, പ്രേം പ്രകാശ്. ഞങ്ങളുടെ ആദ്യത്തെ തിരക്കഥാ സംരഭമായ ‘അവസാന്തരങ്ങൾ’ എന്ന സീരിയലിന്റെ യും ആദ്യത്തെ സിനിമ ‘എന്റെ വീട് അപ്പുവിന്റേയും’ നിർമിച്ചത് അച്ഛനായിരുന്നു. ഞങ്ങളുടെ കസിനായ ഡെന്നീസ് ജോസഫും അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്താണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു കുടുംബമായതിനാൽ തന്നെ ചെറുപ്പം മുതൽക്കേ സിനിമകൾ കാണുവാനും എഴുതാനായിട്ടും വളരെ താത്പര്യം ഉണ്ടായിരുന്നു.
Q.പുതിയ പ്രോജക്ടുകൾ.
റോഷൻ ആൻഡ്രൂസുമായി ചേർന്നു രണ്ട് സിനിമകളുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ദുൽഖർ നായകനായ സല്യൂട്ട്. പിന്നെ അതിരൻ സംവിധാനം ചെയ്ത വിവേകുമായി ഒരു സിനിമ. ശേഷം ‘ഉയരെ’യുടെ സംവിധായകൻ മനു അശോകനുമായി ഒരു ചിത്രം. ഇത്രയുമാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജക്ട്സ്.