മലയാള സിനിമയിൽ തന്നെ പുതിയൊരു ചരിത്രം എഴുതിക്കൊണ്ടാണ് സേതുരാമയ്യർ സി ബി ഐ യുടെ അഞ്ചാം വരവ്. നവംബർ 29ന് എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച സിബിഐ അഞ്ചാം ഭാഗത്തിന് അന്നേദിവസം തന്നെ കേരളത്തിലെ പ്രമുഖ റിലീസ് സ്റ്റേഷനുകളിൽ ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു മമ്മൂട്ടിയുടെ ആരാധകർ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഫാൻസുകാർ ഒരു സിനിമയുടെ പൂജ ദിവസം തന്നെ എഴുപതോളം റിലീസ് സ്റ്റേഷനുകളിൽ ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ആരാധകർക്കൊപ്പം തന്നെ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. 34 വർഷങ്ങൾക്ക് മുൻപ് ഒരു സിബിഐ ഡയറിക്കുറിപ്പ് ലൂടെ എത്തിയ സേതുരാമയ്യരുടെ അഞ്ചാം വരവിനെ രാജകീയമായി വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന സിബിഐ അഞ്ചാം ഭാഗം നിർമ്മിക്കുന്നത് സ്വർഗ്ഗചിത്ര യുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ്. മലയാളത്തിലെ നമ്പർ വൺ ബാനർ ആയിരുന്ന സ്വർഗ്ഗചിത്രയുടെ ഇടവേളയ്ക്ക് ശേഷമുള്ള വമ്പൻ തിരിച്ചുവരവാണ് ഈ ചിത്രം.
നവംബർ 29ന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ അടുത്ത ആഴ്ച യാകും മമ്മൂട്ടി ജോയിൻ ചെയ്യുക. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി ഇപ്പോൾ ഉള്ളത്. ആ ചിത്രം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി സേതുരാമയ്യരാകാൻ എത്തുക.
